Madhavam header
Above Pot

ആഞ്ഞടിച്ചത് ഭരണവിരുദ്ധ വികാരവും ,സഹതാപതരംഗവും

കോട്ടയം : ഭരണവിരുദ്ധ വികാരവും സഹതാപതരംഗവും വലിയ തോതില്‍ പുതുപ്പള്ളി തെരഞ്ഞെടുപ്പില്‍ ആഞ്ഞടിച്ചെന്ന് തെളിയിക്കുകയാണ് ചാണ്ടി ഉമ്മന്റെ വിജയം. വിലക്കയറ്റവും സാമ്പത്തിക പ്രതിസന്ധിയും ഭരണവിരുദ്ധ വികാരവും സില്‍വര്‍ ലൈന്‍ ഉണ്ടാക്കിയ ആഘാതവും എന്താണെന്ന് ഇടതുമുന്നണിയെ പഠിപ്പിക്കുകയാണ് പുതുപ്പള്ളി. ഉമ്മന്‍ ചാണ്ടി എന്ന വികാരം മാത്രമല്ല പ്രതിഫലിച്ചത് എന്ന് വിളിച്ചുപറയുന്നതാണ് ചാണ്ടി ഉമ്മന്റെ അത്യുജ്ജ്വല ഭൂരിപക്ഷം. സര്‍ക്കാരിനെ തിരുത്താന്‍ കൂടി പുതുപ്പള്ളിയിലെ ജനത വോട്ട് ചെയ്തു എന്ന പ്രതിപക്ഷ ആരോപണത്തിന് സര്‍ക്കാരും സിപിഐഎമ്മും മറുപടി പറയേണ്ടി വരും. തൃക്കാക്കരയേക്കാള്‍ ശക്തമായ ആഘാതമാണ് പുതുപ്പള്ളി നല്‍കിയത്.

Astrologer

സിപിഐഎം നേതാക്കളും മന്ത്രി വി എന്‍ വാസവനും ഇതുവരെ പറഞ്ഞതെല്ലാം തിരുത്തേണ്ടിയും വരും. 2011ല്‍ മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥിയായ ഉമ്മന്‍ചാണ്ടിക്കെതിരേ സുജ സൂസന്‍ ജോര്‍ജ് നേടിയ 36,573 എന്ന വോട്ടായിരുന്നു ഇതുവരെ ഇടതുമുന്നണിയുടെ അടിസ്ഥാന വോട്ടായി കണക്കാക്കിയിരുന്നത്. പോള്‍ ചെയ്ത വോട്ടിന്റെ കണക്കെടുക്കുമ്പോള്‍ അതിലും വലിയ തിരിച്ചടിയാണ് ഇത്തവണ.

മാസപ്പടി വിവാദം കത്തി നില്‍ക്കുമ്പോഴാണ്പുതുപ്പള്ളി തെരഞ്ഞെടുപ്പ് പ്രഖ്യാപനം. പിന്നാലെ എ സി മൊയ്തീന്റെ വീട്ടില്‍ ഇഡിയുടെ റെയ്ഡ്. ഇതിനിടെ സര്‍ക്കാരിനെതിരേ നിരവധി ആരോപണങ്ങള്‍. സാമ്പത്തിക പ്രതിസന്ധിയെ തുടര്‍ന്ന് ഓണത്തിനു പോലും നേരിടേണ്ടി വന്ന വിമര്‍ശനം. ഈ തോല്‍വിക്ക് ഉത്തരം പറയാന്‍ ഏറ്റവും നിര്‍ബന്ധിതനാവുക മുഖ്യമന്ത്രി പിണറായി വിജയന്‍ തന്നെയാണ്.

പുതുപ്പള്ളിയില്‍ റെക്കോര്‍ഡ് ഭൂരിപക്ഷം നേടിയുള്ള ചാണ്ടി ഉമ്മന്റെ വിജയം പിടിച്ചുലക്കാന്‍ പോകുന്നത് സിപിഐഎമ്മിനെ ആയിരിക്കും. സഹതാപവും ബിജെപി വോട്ടുകളും മാത്രം കാരണമാക്കി പിടിച്ചുനില്‍ക്കുക എളുപ്പമാകില്ല. സ്വന്തം പാളയത്തില്‍ നിന്നുള്ള വോട്ടുചോര്‍ച്ചക്ക് ഉത്തരം കണ്ടെത്തുകയായിരിക്കും സിപിഐഎം നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളി. മുഖ്യമന്ത്രിയുടെ നിലപാടുകള്‍ മുതല്‍ വ്യക്തിഹത്യ വരെ യുഡിഎഫ് വിജയത്തിന് ഇന്ധനമായിട്ടുണ്ടെന്ന വസ്തുത കണ്ടില്ലെന്നു നടിക്കാനാവില്ല.

മകള്‍ക്കെതിരെ ഉയര്‍ന്ന മാസപ്പടി വിവാദം ഉള്‍പ്പെടെ ആരോപണങ്ങളോടെല്ലാം മുഖം തിരിച്ചും മറുപടി പറയാതെയുമുള്ള പിണറായി ശൈലി മണ്ഡലത്തില്‍ വലിയ തോതില്‍ ചര്‍ച്ചയായി. സാമ്പത്തിക പ്രതിസന്ധി മറികടക്കാനുള്ള ശ്രമങ്ങളില്ലാത്തതും ഒടുവിലുണ്ടായ കിറ്റു വിവാദം വരെ സാധാരണക്കാരെ സ്വാധീനിച്ചു. വികസനം ചര്‍ച്ചയാക്കി മേല്‍ക്കൈ നേടാനുള്ള ശ്രമവും പാളിപ്പോയി. വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്ക് പോയാലുള്ള അപകടം സിപിഐഎം തിരിച്ചറിഞ്ഞെങ്കിലും, വകവെച്ചുകൊടുക്കാന്‍ സൈബറിടങ്ങളിലെ സഖാക്കള്‍ തയാറായില്ല. അച്ചു ഉമ്മനെതിരായ പരാമര്‍ശങ്ങളടക്കം വലിയ തോതില്‍ ജനവികാരം യുഡിഎഫിന് അനുകൂലമാക്കി. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ ജെയ്ക്ക് സി തോമസിനു ലഭിച്ച കേരളാ കോണ്‍ഗ്രസ് എം വോട്ടുകളില്‍ ചാഞ്ചാട്ടമുണ്ടായി. യാക്കോബായ സഭയും ചാണ്ടി ഉമ്മന് അനുകൂലമായ നിലപാട് സ്വീകരിച്ചതോടെയാണ് പുതുപ്പള്ളിയിലെ യുഡിഎഫിന്റെ സമാനതകളില്ലാത്ത വിജയം.

ഈ തെരഞ്ഞെടുപ്പില്‍ ഒട്ടും ആത്മവിശ്വാസമില്ലാതെ ഇറങ്ങിയാളാണ് ജെയ്ക് സി തോമസ്. മല്‍സരിക്കാനില്ല എന്ന് പാര്‍ട്ടിയെ അറിയിച്ചു എന്ന റിപ്പോര്‍ട്ടുകള്‍ ശരിവയ്ക്കുന്നതായിരുന്നു ആദ്യദിവസങ്ങളിലെ പ്രതികരണവും. ഉമ്മന്‍ ചാണ്ടി എന്ന വികാരത്തിനപ്പുറം സര്‍ക്കാര്‍ വിരുദ്ധ വികാരവും ശക്തമാണെന്ന് നേതാക്കള്‍ ആദ്യഘട്ടത്തില്‍ തന്നെ തിരിച്ചറിഞ്ഞു. അതിനു തടയിടാനായിരിന്നു സിപിഐഎം ഉയര്‍ത്തിയ വിശുദ്ധപദവി വിവാദവും വികസനവും. അതു രണ്ടുമാണ് തോല്‍വിയുടെ ആഘാതം കൂട്ടിയത് എന്ന വിമര്‍ശനത്തിന് ഇനി പാര്‍ട്ടി മറുപടി പറയേണ്ടി വരും. മൂന്നാമതും തോറ്റ ജെയ്ക് സി തോമസ് വ്യക്തിപരമായി ഏറെ സമ്മര്‍ദ്ദങ്ങളിലൂടെയാണ് ഈ തെരഞ്ഞെടുപ്പ് കാലത്ത് കടന്നുപോയത്. 37719 വോട്ടിന്‍റെ ഭൂരിപക്ഷത്തിലാണ് ചാണ്ടി ഉമ്മൻ ജെയ്ക് സി തോമസിനെ പരാജയപ്പെടുത്തിയത്. മത്സരിച്ച 12 തെരഞ്ഞെടുപ്പുകളിൽ ഉമ്മൻ ചാണ്ടി നേടിയ ഏറ്റവും കൂടുതൽ ഭൂരിപക്ഷം 2011ലെ 33255 വോട്ടായിരുന്നു. ഈ ഭൂരിപക്ഷമാണ് ചാണ്ടി ഉമ്മൻ മറികടന്നത്. എൽ.ഡി.എഫ് സ്ഥാനാർഥിയായ ജെയ്ക് സി. തോമസിന്‍റെ മൂന്നാമത്തെ പരാജയമാണ് ഇത്തവണത്തേത്. 2016ലും 2021ലും ഉമ്മൻചാണ്ടിയോട് യഥാക്രമം 27,092ഉം 9,044ഉം വോട്ടിനായിരുന്നു പരാജയം.”,

Vadasheri Footer