Above Pot

ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു

തിരുവനന്തപുരം : സിപിഎം നേതാവും മുൻ എംഎൽഎയുമായ ആനത്തലവട്ടം ആനന്ദൻ അന്തരിച്ചു. 86 വയസായിരുന്നു . ആരോഗ്യ പ്രശ്നങ്ങളെ തുടർന്ന് ചികിത്സയിലായിരുന്നു നിലവില്‍ സിഐടിയു സംസ്ഥാന പ്രസിഡന്‍റും ദേശീയ വൈസ് പ്രസിഡന്‍റുമായിരുന്നു ആനത്തലവട്ടം ആനന്ദൻ. 1937 ഏപ്രിൽ 22 ന് തിരുവനന്തപുരത്ത് ചിറയിൻകീഴിലായിരുന്നു ജനനം. ചിറയിൻകീഴ് ചിത്രവിലാസം, കടയ്ക്കാവൂർ എസ്.എസ്.പി.ബി എന്നീ സ്കൂളുകളിലായി സ്കൂൾ വിദ്യാഭ്യാസം പൂര്‍ത്തിയാക്കിയ ആനത്തലവട്ടം ആനന്ദൻ 1950 കളിൽ വിദ്യാർത്ഥിയായിരിക്കുമ്പോൾ തന്നെ പൊതുപ്രവർത്തനം തുടങ്ങിയിരുന്നു. കയർ തൊഴിലാളി സംഘടനാ പ്രവർത്തനങ്ങളിൽ സജീവമായിരുന്നു. 1957-ൽ ട്രാവൻകൂർ കയർ തൊഴിലാളി യൂണിയൻ നിർവാഹക സമിതി അംഗമായി. 1960 മുതൽ 71-വരെ ട്രാവന്‍കൂർ കയർ തൊഴിലാളി യൂണിയൻ ജനറൽ സെക്രട്ടറിയായി. 1971 മുതൽ കേരള കയർ വർക്കേഴ്സ് സെന്‍റർ (സിഐടിയു) ഭാരവാഹിയാണ് ആനത്തലവട്ടം ആനന്ദൻ

സിപിഎമ്മിൽ ബ്രാഞ്ച് സെക്രട്ടറി, ചിറയിൻകീഴ് ലോക്കൽ കമ്മിറ്റി സെക്രട്ടറി, ആറ്റിങ്ങൽ ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ നിലകളിലും ആനത്തലവട്ടം ആനന്ദൻ പ്രവർത്തിച്ചിട്ടുണ്ട്. 1971-ൽ സിപിഎം തിരുവനന്തപുരം ജില്ലാ കമ്മിറ്റി അംഗമായി. അടിയന്തരവാസ്ഥക്കാലത്ത് മിസ നിയമപ്രകാരം ജയിലില്‍ കിടന്നിട്ടുണ്ട്. 1979 മുതൽ 84-വരെ ചിറയിൻകീഴ് പഞ്ചായത്ത് പ്രസിഡൻ്റായിരുന്നു.1985-ൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗവും പിന്നീട് സംസ്ഥാന സെക്രട്ടേറിയറ്റ് അംഗവുമായി. 1987-ൽ കാവിയാട് ദിവാകര പണിക്കരെ തോൽപ്പിച്ച് ആറ്റിങ്ങൽ മണ്ഡലത്തിൽ നിന്നും ആദ്യമായി നിയമസഭയിലെത്തി. 1996-ൽ വക്കം പുരുഷോത്തമനെ 1016 വോട്ടുകൾക്ക് തോൽപ്പിച്ച് വീണ്ടും ആറ്റിങ്ങലിൻ്റെ ജനപ്രതിനിധിയായി. 2006-ൽ ആറ്റിങ്ങൽ മണ്ഡലത്തിൽ 11208 വോട്ടുകൾക്ക് സി മോഹനചന്ദ്രനെ തോൽപ്പിച്ച് വീണ്ടും നിയമസഭയിലെത്തി.

Astrologer

അംസഘടിത തൊഴിലാളികളെ സംഘടിപ്പിച്ച് അവരെ സമൂഹത്തിന്‍റെ മുഖ്യധാരയിലെത്തിക്കാന്‍ അക്ഷീണം പരിശ്രമിച്ച് അതില്‍ പൂര്‍ണമായി വിജയിച്ച അസാമാന്യ സംഘാടനകനായിരുന്നു ആനത്തലവട്ടം ആനന്ദന്‍. സിപിഎമ്മിന്‍റെ ബ്രാഞ്ച് സെക്രട്ടറി സ്ഥാനം മുതല്‍ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെ സുപ്രധാന സംഘടനാ ചുമതലകള്‍ വഹിക്കുമ്പോഴും സമാന്തരമായി തൊഴിലാളി പ്രസ്ഥാനത്തിനായി അദ്ദേഹം ജീവിതം മാറ്റിവച്ചു.

. തൊഴിലാളികളുടെ കണ്ണിലുണ്ണിയായിരുന്നു അവരുടെ ആനന്ദണ്ണൻ. അധ്വാനിക്കുന്ന തൊഴിലാളി വര്‍ഗത്തിന്‍റെ ജീവിത പ്രശ്നം പരിഹരിക്കാന്‍ മടിക്കുന്ന ഏത് വമ്പനും ആ നാവിന്‍റെ മൂര്‍ച്ച അറിഞ്ഞിട്ടുണ്ട്. 1950 കളില്‍ വിദ്യാര്‍ഥിയായിരിക്കെ തുടങ്ങിയ കയര്‍ തൊഴിലാളി രംഗത്തെ പ്രവര്‍ത്തനമാണ് ആനത്തലവട്ടം ആനന്ദനെന്ന തൊഴിലാളി നേതാവിനെ രൂപപ്പെടുത്തുന്നത്.

കയര്‍ കൈത്തറി കശുവണ്ടിയടക്കമുള്ള തൊഴില്‍ മേഖലകളിലെ സംഘാടനത്തിലൂടെ ആനത്തലവട്ടം ആനന്ദന്‍ പടിപടിയായുര്‍ന്നു. പാര്‍ട്ടി ബ്രാഞ്ച് സെക്രട്ടറി, ലോക്കല്‍ കമ്മിറ്റി സെക്രട്ടറി, ഏരിയാ കമ്മിറ്റി സെക്രട്ടറി എന്നീ സ്ഥാനങ്ങളിലൂടെ സംസ്ഥാന സെക്രട്ടേറിയറ്റംഗം വരെയായി. 1987ലും 96ലും 2006ലും എംഎല്‍എയായി. 1996ല്‍ വക്കം പുരോഷോത്തമനെ തോല്‍പിച്ചാണ് ആനത്തലവട്ടം നിയമസഭയിലെത്തിയത്. കാട്ടായിക്കോണം ശ്രീധരന്‍, എന്‍ അനിരുദ്ധന്‍ തുടങ്ങിയ അതികായരായ നേതാക്കളുടെ ശിഷ്യാനായി തെക്കൻ കേരളത്തില്‍ നിറഞ്ഞ് നിന്ന ആനത്തലവട്ടം ആനന്ദന്‍ പില്‍ക്കാലത്ത് വി എസ് അച്യുതാനന്ദൻ പക്ഷത്തെ കരുത്തനായ നേതാവായി മാറി. വി എസ് – സിഐടിയു പക്ഷ ഏറ്റുമുട്ടല്‍ കാലത്തും, വി എസ് പിണറായി തര്‍ക്ക കാലത്തുമൊക്കെ ആനത്തലവട്ടവും തിരുവനന്തപുരത്തെ പാര്‍ട്ടിയും വി എസിന്‍റെ വിശ്വസ്തരായി നിന്നു.

കല്ലുവാതുക്കല്‍ മദ്യദുരന്തക്കേസുണ്ടായപ്പോള്‍ മണിച്ചനുമായുള്ള ബന്ധത്തിന്‍റെ പേരില്‍ ആനത്തലവട്ടം പഴികേട്ടു. മലപ്പുറം സമ്മേളനത്തോടെ പാര്‍ട്ടി സമവാക്യങ്ങള്‍ മാറിമറിഞ്ഞപ്പോഴും ആനത്തലവട്ടം ആനന്ദന്‍ പ്രകടമായി കൂറു മാറിയില്ല. പാര്‍ട്ടി ചട്ടക്കൂടിനകത്ത് നില്‍ക്കാന്‍ ബാധ്യസ്ഥനാണെന്ന് വി എസ് അച്യുതാനന്ദൻ അദ്ദേഹം നേരില്‍ കണ്ട് പറഞ്ഞിട്ടുണ്ട്. വിഭാഗീയതയുടെ ഭാഗമായി ഇളമുറക്കാരായ നേതാക്കള്‍ നടത്തുന്ന വി എസ് വിമര്‍ശനങ്ങളെയെല്ലാം അദ്ദേഹം പാര്‍ട്ടിയില്‍ എതിര്‍ത്തിരുന്നു.

പുതിയ കാലത്ത് പാര്‍ട്ടി കൊണ്ട് വന്ന ടേം വ്യവസ്ഥകളോട് പൂര്‍ണമായി ചേര്‍ന്ന് നിന്നാണ് ആനത്തലവട്ടം പ്രധാന സ്ഥാനങ്ങളില്‍ നിന്ന് മാറിയത്. അപ്പോഴും സിഐടിയു സംസ്ഥാന പ്രസിഡന്‍റ് സ്ഥാനത്ത് അദ്ദേഹം തുടര്‍ന്നു. ക‍ൃത്യമായ രാഷ്ട്രീയം.കുറിക്ക് കൊള്ളുന്ന മറുപടികള്‍ എതിരാളികളോട് സൗമ്യമായ പെരുമാറ്റം, എണ്‍പതാം വയസിലും ടെലിവിഷന്‍ ചര്‍ച്ചകളിലെ നിറസാന്നിധ്യമായിരുന്നു ആനത്തലവട്ടം. സംഘടിക്കേണ്ടതിന്‍റെ ആവശ്യത്തെ കുറിച്ച് തൊഴിലാളികളെ പഠിപ്പിച്ചും, നിരന്തരമായി സ്വയം പഠിച്ചും പാര്‍ട്ടിയുടെ ഏതാണ്ടെല്ലാ സ്ഥാനങ്ങളിലും സ്തുത്യര്‍ഹമായി പ്രവര്‍ത്തിച്ചും ഏറ്റവും കരുത്തനായ നേതാവ് യാത്രയാകുമ്പോള്‍ സംഘടിത തൊഴിലാളി പ്രസ്ഥാനത്തിലും സിപിഎമ്മിനും അത് കനത്തൊരു നഷ്ടം തന്നെയാണ്.

Vadasheri Footer