ആന എഴുന്നള്ളിപ്പ്, ഹൈക്കോടതി ഉത്തരവ് പ്രയോഗികമല്ല : സുപ്രീം കോടതി.
ന്യൂഡല്‍ഹി: ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ സുപ്രീംകോടതി സ്‌റ്റേ ചെയ്തു. 2012ലെ ചട്ടങ്ങള്‍ പ്രകാരമായിരിക്കണം ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കേണ്ടത്. ഈ ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല എന്ന് നിരീക്ഷിച്ച് കൊണ്ടാണ് സുപ്രീംകോടതി ഉത്തരവ്.
ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ട് തിരുവമ്പാടി, പാറമേക്കാവ് ദേവസ്വങ്ങള്‍ നല്‍കിയ ഹര്‍ജികളാണ് സുപ്രീംകോടതി പരിഗണിച്ചത്. ആന എഴുന്നള്ളിപ്പുമായി ബന്ധപ്പെട്ട് ഹൈക്കോടതി ഏര്‍പ്പെടുത്തിയ നിയന്ത്രണങ്ങള്‍ പ്രായോഗികമാണെന്ന് തോന്നുന്നില്ലെന്ന് ചൂണ്ടിക്കാട്ടിയ സുപ്രീംകോടതി എതിര്‍കക്ഷികള്‍ക്ക് നോട്ടീസ് അയച്ചു. 2012ലെ ചട്ടങ്ങള്‍ പാലിക്കാന്‍ ദേവസ്വം ബോര്‍ഡുകള്‍ തയ്യാറാകണം. ചട്ടം പാലിച്ച് ദേവസ്വം ബോര്‍ഡുകള്‍ക്ക് ആനകളെ എഴുന്നള്ളിക്കാം. ചട്ടത്തില്‍ ഉത്സവത്തിന് ആനകളെ എഴുന്നള്ളിക്കുന്നതുമായി ബന്ധപ്പെട്ട് കൃതൃമായ മാര്‍ഗരേഖ നിര്‍ദേശിക്കുന്നുണ്ട്. ഇതിന് വിരുദ്ധമായി നിര്‍ദേശങ്ങള്‍ നല്‍കാന്‍ ഹൈക്കോടതിക്ക് സാധിക്കില്ല. ഹൈക്കോടതി ഉത്തരവിലെ നിര്‍ദേശങ്ങള്‍ നിലവിലെ നിയമത്തിന് വിരുദ്ധമാണെന്നും സുപ്രീംകോടതി നിരീക്ഷിച്ചു.
ആന ഒരു ജീവിയാണ്. മൂന്ന് മീറ്റര്‍ അകലം പാലിച്ച് ആനകളെ എങ്ങനെ നിര്‍ത്താന്‍ കഴിയുമെന്ന് കോടതി ചോദിച്ചു. പകല്‍ ഒന്‍പത് മുതല്‍ അഞ്ചുമണിവരെ എഴുന്നള്ളിപ്പ് പാടില്ല എന്നാണ് ഹൈക്കോടതി മാര്‍ഗനിര്‍ദേശത്തില്‍ പറയുന്നത്. ഉത്സവാഘോഷങ്ങളുടെ ഭാഗമായി ചടങ്ങുകള്‍ കൂടുതലും നടക്കുന്നത് ഈ സമയത്താണ്. അങ്ങനെ വരുമ്പോള്‍ ഇത് എങ്ങനെ പ്രായോഗികമാകുമെന്നും സുപ്രീംകോടതി ചോദിച്ചു.
ഹൈക്കോടതി ഉത്തരവു പ്രകാരം ആന എഴുന്നള്ളിപ്പ് നടത്താനാകില്ലെന്നാണ് ഹര്‍ജിയില്‍ വ്യക്തമാക്കുന്നത്. മൃഗങ്ങളോടുള്ള ക്രൂരത തടയുന്ന നിയമത്തിലെ വ്യവസ്ഥകള്‍ ലംഘിക്കപ്പെട്ടിട്ടില്ല. അധികാര പരിധിയും കടന്ന് ഹൈക്കോടതി പ്രവര്‍ത്തിച്ചു. തൃശൂര്‍ പൂരം നടത്തുന്ന മേഖലയിലെ സ്ഥലപരിമിതി പോലും പരിഗണിക്കാതെ ഏകപക്ഷീയമായി ഹൈക്കോടതി നിലപാടെടുത്തുവെന്ന് ഹര്‍ജിയില്‍ പറയുന്നു.
ഉത്സവത്തിന് ആന എഴുന്നള്ളിപ്പ് അനിവാര്യമായ മതാചാരമല്ലെന്ന ഹൈക്കോടതി നിരീക്ഷണം അംഗീകരിക്കാന്‍ കഴിയില്ലെന്നും ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടി. സ്വദേശികളും വിദേശികളുമായി 5 ലക്ഷത്തിലധികം പേര്‍ വരുന്ന പൂരമാണ്. കേരളത്തിന്റെ സാംസ്‌കാരിക തനിമ അനുഭവിച്ചറിയുക കൂടിയാണ് കാഴ്ചക്കാരുടെ ലക്ഷ്യം. ഡിവിഷന്‍ ബെഞ്ചിന്റെ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെടുന്നു.