അമൃത് പദ്ധതി ,നിർവഹണ പുരോഗതിയിൽ ഗുരുവായൂർ ഒന്നാമത്
ഗുരുവായൂര്‍: കേരളത്തിലെ ആറ് കോർപറേഷനുകളിലും ആലപ്പുഴ, ഗുരുവായൂർ, പാലക്കാട് മുനിസിപ്പാലിറ്റികളിലും നടപ്പാക്കുന്ന അമൃത് പദ്ധതിയുടെ നിർവഹണ പുരോഗതിയിൽ ഗുരുവായൂർ സംസ്ഥാന തലത്തിൽ ഒന്നാമത്. ഗുരുവായൂരിന് അനുവദിച്ച പദ്ധതികളിൽ 41.69 ശതമാനവും പൂർത്തിയായി. ആകെ 203.10 കോടി രൂപയുടെ പദ്ധതികളാണ് അമൃതിൽ ഗുരുവായൂരിനുള്ളത്. 84.68 കോടിയുടെ പദ്ധതികളാണ് പൂർത്തീകരിച്ചത്. പദ്ധതി പൂർത്തീകരണത്തിൽ രണ്ടാം സ്ഥാനത്തുള്ളത് കണ്ണൂർ കോർപ്പറേഷനാണ്. 26.76 ശതമാനം പദ്ധതികളാണ് ഇവിടെ പൂർത്തിയാക്കിയിട്ടുള്ളത്. 225.72 കോടിയാണ് കണ്ണൂരിന് അനുവദിച്ചിട്ടുള്ളത്. 60.37 കോടിയുടെ പ്രവൃത്തികൾ പൂർത്തീകരിച്ചു.
അമൃത് പദ്ധതി നടപ്പാക്കുന്ന ഒമ്പത് നഗരങ്ങളിൽ ഏറ്റവും പിന്നിലുള്ളത് കൊല്ലം കോർപ്പറേഷനാണ്. 15.63 ശതമാനം മാത്രമാണ് ഇവിടെ പൂർത്തിയാക്കാൻ കഴിഞ്ഞിട്ടുള്ളൂ. ആകെ അനുവദിച്ച 253.45 കോടിയുടെ പദ്ധതികളിൽ 32.38 കോടിയുടെ മാത്രമാണ് പൂർത്തിയാത്. പിന്നിൽ നിൽക്കുന്നതിൽ കൊല്ലത്തിനൊപ്പം തന്നെ കോഴിക്കോട് കോർപ്പറേഷനുണ്ട്. 15.84 ശതമാനം മാത്രമാണ് ഇവിടെ പൂർത്തീകരിച്ചത്. കൊച്ചി കോർപ്പറേഷൻ 26.15 ശതമാനം പദ്ധതികൾ പൂർത്തിയാക്കി. 70.30 കോടിയുടെ പദ്ധതികളാണ് ഇവിടെ പൂർത്തീകരിച്ചത്. പാലക്കാട് 24.34 ശതമാനവും തിരുവനന്തപുരം 24.09ഉം പൂർത്തീകരിച്ചു. ആറാം സ്ഥാനത്തുള്ള തൃശൂരിൽ 23.56 ശതമാനം പൂർത്തിയായി. 269.93കോടിയുടെ പദ്ധതികൾ അനുവദിച്ചതിൽ 62.81 കോടിയുടെ പൂർത്തീകരിച്ചു. ആലപ്പുഴയിൽ 22.45 ശതമാനം പൂർത്തിയായി. സംസ്ഥാനത്ത് ഒമ്പത് നഗരസഭകളിലായി 24.17 ശതമാനം അമൃത് പദ്ധതികൾ മാത്രമേ പൂർത്തിയായിട്ടുള്ളു. 2357.66 കോടിയാണ് ഒമ്പത് നഗരസഭകൾക്കുമായി ആകെ അനുവദിച്ചിട്ടുള്ളത്. ഇതിൽ 543.60 കോടി മാത്രമേ ചെലവാക്കാനായിട്ടുള്ളൂ.
2015 സെപ്റ്റംബർ ഒന്നിനാണ് കേന്ദ്ര സഹായത്തോടെയുള്ള നഗരവികസന പദ്ധതിയായ അമൃത് ആരംഭിച്ചത്. പദ്ധതി അവസാനം അനുവദിച്ച നഗരസഭകളിൽ ഒന്നാണ് ഗുരുവായൂർ. ഒമ്പത് നഗരസഭകളിൽ ജില്ല കേന്ദ്രം അല്ലാത്ത നഗരവും ഗുരുവായൂരാണ്. പദ്ധതി കാലാവധി മാർച്ച് 2020 മാർച്ചിൽ അവസാനിക്കുമെന്നാണ് നേരത്തെ അറിയിച്ചിരുന്നത്. മറ്റ് സംസ്ഥാനങ്ങളുടെ ആവശ്യം പരിഗണിച്ച് അമൃത് പദ്ധതിയുടെ കാലാവധി രണ്ടുവർഷം കൂടി നീട്ടുന്നതിന് ശിപാർശ സമർപ്പിക്കുമെന്ന് കേന്ദ്ര നഗരകാര്യമന്ത്രാലയ സെക്രട്ടറി ദുർഗാശങ്കർമിശ്ര തൃപ്തി കഴിഞ്ഞ മാസം തിരുവനന്തപുരത്ത് നടന്ന അമൃത് അവലോകന യോഗത്തിൽ അറിയിച്ചിരുന്നു. അമൃതിൻറെ തുടർച്ചയായി ‘അമൃത് പ്ലസ്’ ആരംഭിക്കുന്ന കാര്യവും കേന്ദ്ര സർക്കാരിൻറെ പരിഗണനയിലുണ്ട്