അമ്മ ജനറൽ സെക്രട്ടറി സിദ്ദിഖ് രാജി വെച്ചു.
കൊച്ചി: താരസംഘടന അമ്മ ജനറല്‍ സെക്രട്ടറി സ്ഥാനത്തു നിന്ന് നടന്‍ സിദ്ദിഖ് രാജിവച്ചു. അമ്മ പ്രസിഡന്റ് മോഹന്‍ലാലിന് രാജിക്കത്ത് അയക്കുകയായിരുന്നു. തനിക്കെതിരെ ഉയര്‍ന്ന ലൈംഗിക ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് സിദ്ദിഖ് സ്വമേധയ രാജിവെച്ചത്.
ആരോപണങ്ങളെപ്പറ്റി ഇപ്പോള്‍ പ്രതികരിക്കാനില്ല എന്നാണ് സിദ്ദിഖ് പ്രതികരിച്ചത്. ധാര്‍മികമായി തുടരുന്നത് ശരിയല്ലെന്ന് തോന്നി അതുകൊണ്ടാണ് മോഹന്‍ലാലിന് നേരിട്ട് രാജിക്കത്ത് നല്‍കിയത്. ഇപ്പോഴുള്ളത് ഊട്ടിയിലാണ്. നേരിട്ടെത്തി വിശദീകരണം നല്‍കുമെന്നും സിദ്ദിഖ് വ്യക്തമാക്കി.
സിദ്ദിഖ് രാജിവെച്ചത് സംഘടനയുടെ വൈസ് പ്രസിഡന്റ് ജയൻ ചേർത്തല സ്വാഗതം ചെയ്തു . ഇത്തരം ഒരു ആരോപണം വന്നാല്‍ ഒരു സംഘടനയുടെ നേതൃസ്ഥാനത്ത് തുടരുന്നത് ശരിയല്ലെന്നാണ് സംഘടനയുടെയും തന്‍റെയും അഭിപ്രായമെന്ന് ജയൻ ചേർത്തല പറഞ്ഞു.
സിദ്ദിഖിന്‍റെ ഔചിത്യം വച്ചാണ് അദ്ദേഹം രാജിവച്ചത്. രാജിക്കാര്യം അദ്ദേഹം അറിയിച്ചിരുന്നു. രാജിവെക്കുന്നതാണ് നല്ലതെന്ന് മോഹൻലാലും പറഞ്ഞെന്നും ജയൻ വ്യക്തമാക്കി. രേവതി സമ്പത്ത് ഉന്നയിച്ച ആരോപണത്തില്‍ അന്വേഷണവും നിയമ നടപടികളും സിദ്ദിഖ് നേരിടുകയാണ് വേണ്ടതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു
അന്വേഷണത്തിന് ശേഷം ബാക്കി കാര്യങ്ങള്‍ തീരുമാനിക്കാം. ഇത് ചർച്ച ചെയ്യാനായി ഓൺലൈനായി അമ്മയുടെ യോഗം വിളിക്കുമെന്നും ജയൻ ചേർത്തല പറഞ്ഞു. സിദ്ദിഖ് തന്നെയാണ് രാജിക്കാര്യം അമ്മ ഭാരവാഹികളെ അറിയിച്ചത്. ഇത്തരം ഒരു ക്രിമിനല്‍ ആരോപണത്തെക്കുറിച്ച് മുന്‍പ് അമ്മ തെരഞ്ഞെടുപ്പ് സമയത്ത് തന്‍റെ ശ്രദ്ധയില്‍പെട്ടിട്ടില്ലെന്നും ജയന്‍ ചേര്‍ത്തല പറഞ്ഞു.
ഇന്നലെ ആണ് യുവനടി രേവതി സമ്പത്ത് സിദ്ദിഖിനെതിരെ രംഗത്തെത്തിയത്. സിനിമ ചര്‍ച്ച ചെയ്യാന്‍ ഹോട്ടലിലേക്ക് വിളിച്ചുവരുത്തി ബലാത്സംഗം ചെയ്തു എന്നാണ് നടി ആരോപിച്ചത്. തിരുവനന്തപുരത്തെ മസ്‌കറ്റ് ഹോട്ടലില്‍ വച്ചാണ് പീഡനം നടന്നത്. തന്റെ സുഹൃത്തുക്കള്‍ക്കും സിദ്ദിഖില്‍ നിന്ന് മോശം അനുഭവമുണ്ടായിട്ടുണ്ടെന്നും നടി പറഞ്ഞു. 2019ലും സിദ്ദിഖിനെതിരെ നടി രംഗത്തെത്തിയിരുന്നു.