Header 1 = sarovaram
Above Pot

ആലുവ കൊലപാതകം , പ്രതിക്ക് വധശിക്ഷ നൽകണം , പെൺകുട്ടിയുടെ മാതാപിതാക്കൾ

കൊച്ചി: ആലുവയിൽ അഞ്ചുവയസ്സുകാരിയെ ക്രൂരമായി ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ പ്രതി അസ്​ഫാഖ്​​ ആലത്തിന് വധശിക്ഷതന്നെ നൽകണമെന്ന് മാതാപിതാക്കൾ. അസ്​ഫാഖ്​​ ആലം കുറ്റക്കാരനെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെയാണ് കൊല്ലപ്പെട്ട് അഞ്ചുവയസ്സുകാരിയുടെ മാതാപിതാക്കളുടെ പ്രതികരണം.കേസിൽ നവംബർ ഒമ്പതിനായിരിക്കും ശിക്ഷ വിധിക്കുക. പ്രതിക്ക് പരമാവധി ശിക്ഷ നൽകിയാലേ കുട്ടിക്ക് നീതി ലഭിക്കുകയുള്ളൂവെന്നും പ്രതി കുറ്റക്കാരനെന്ന് കണ്ടെത്തിയതിൽ നന്ദിയുണ്ടെന്നും പിതാവ് പറഞ്ഞു.

Astrologer

എല്ലാ പിന്തുണയും നൽകിയ കേരള സർക്കാറിനും പൊലീസിനും മറ്റെല്ലാവർക്കും നന്ദി അറിയിക്കുകയാണ്. ഒപ്പം നിന്നവരോട് നന്ദിയും കടപ്പാടും ഉണ്ടെന്നും പിതാവ്​ പറഞ്ഞു. പ്രതിക്ക് പരമാവധി ശിക്ഷ ലഭിക്കണമെന്ന് കുട്ടിയുടെ മാതാവും പറഞ്ഞു. എന്റെ കുഞ്ഞിനെ ജീവനോടെ വിട്ടിരുന്നുവെങ്കിൽ മാറി ചിന്തിച്ചേനെ. കുഞ്ഞിനെ കൊലപ്പെടുത്തിയ പ്രതിക്ക് വധശിക്ഷതന്നെ നൽകണമെന്നും പരമാവധി ശിക്ഷ ഉറപ്പാക്കുന്നത് വരെ പോരാടുമെന്നും മാതാവ് പറഞ്ഞു.

പ്രതിയായ ബിഹാറുകാരൻ അസ്​ഫാഖ്​ ആലം (28) കുറ്റക്കാരനാണെന്ന് എറണാകുളം പോക്‌സോ കോടതിയാണ് വിധിച്ചത്. ജൂലൈ 28ന് വൈകീട്ട് മൂന്നിനാണ്​ ആലുവ ചൂർണിക്കരയിലെ വീട്ടിൽനിന്ന് അഞ്ചുവയസ്സുകാരിയെ അസ്​ഫാഖ്​​ കൂട്ടിക്കൊണ്ടുപോകുന്നത്. പിറ്റേന്ന് ഉറുമ്പരിച്ച നിലയിലാണ് മൃതദേഹം കണ്ടെടുത്തത്.ആലുവ മാർക്കറ്റിൽ പെരിയാറിനോട് ചേർന്ന ഒഴിഞ്ഞുകിടക്കുന്ന ഭൂമിയിലെത്തിച്ച് ക്രൂരമായി പീഡിപ്പിച്ച ശേഷം കൊലപ്പെടുത്തുകയായിരുന്നു.

മൃതദേഹം പുഴയുടെ തീരത്തെ ചതുപ്പിൽ താഴ്ത്തി. കല്ലുകൊണ്ട് ഇടിച്ചാണ് മുഖം ചളിയിലേക്ക് അമർത്തിയത്. താടിയെല്ല് തകർന്ന്​ മുഖം വികൃതമായി.കുട്ടിയെ കാണാതായ അന്ന് രാത്രിതന്നെ അസ്​ഫാഖിനെ പൊലീസ് പിടികൂടിയിരുന്നു. ചോദ്യം ചെയ്തപ്പോൾ കുട്ടിയെ മറ്റൊരാൾക്ക് കൈമാറിയെന്നാണ് ഇയാൾ പറഞ്ഞത്. ഇതേ തുടർന്ന് അന്വേഷണം ആ നിലക്ക് നീങ്ങിയതിനിടെയാണ് മൃതദേഹം മാർക്കറ്റിൽനിന്ന് കണ്ടെത്തിയത്.ആലുവ റൂറൽ എസ്.പിയുടെ നേതൃത്വത്തിലായിരുന്നു കേസ് അന്വേഷണം. ഒക്ടോബർ നാലിനാണ്​ വിചാരണ ആരംഭിച്ചത്. 26 ദിവസംകൊണ്ട് വിചാരണ പൂർത്തിയാക്കി. സംഭവം നടന്ന്​ നൂറ്​ ദിവസത്തിനകം വിധി പ്രഖ്യാപിച്ചു

Vadasheri Footer