Above Pot

എഐ ക്യാമറ, കെൽട്രോണിനെ മുന്നിൽ നിറുത്തി കൊള്ള : ചെന്നിത്തല

തൃശ്ശൂർ: ട്രാഫിക് നിയമലംഘനങ്ങള്‍ കണ്ടെത്താന്‍ എ.ഐ. ക്യാമറകള്‍ സ്ഥാപിക്കാനുള്ള സംസ്ഥാന സര്‍ക്കാരിന്റെ പദ്ധതിയില്‍ അടിമുടി ദുരൂഹതയെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. ആരും ട്രാഫിക് സുരക്ഷയ്ക്ക് എതിരല്ല. എന്നാൽ അതിന്റെ പേരിൽ അഴിമതി നടത്താൻ അനുവദിക്കില്ല. എല്ലാ രേഖകളും തന്റെ പക്കലുണ്ട്. താൻ ചോദിച്ചപ്പോൾ സർക്കാർ തന്നില്ല. എന്നാലിപ്പോൾ എന്റെ കൈയ്യിലുണ്ട്. രേഖകൾ പുറത്ത് വിടാൻ സർക്കാരിന് നാല് ദിവസം സമയം കൊടുക്കും. ഇല്ലെങ്കിൽ താൻ തന്നെ രേഖകൾ പുറത്തുവിടും. പദ്ധതി നടപ്പാക്കുന്ന കമ്പനികളെ തെരഞ്ഞെടുത്തതിൽ ക്രമക്കേട് ആരോപിച്ച ചെന്നിത്തല കമ്പനികൾക്ക് മുൻപരിചയമില്ലെന്നും കുറ്റപ്പെടുത്തി. സർക്കാർ പദ്ധതിക്കുള്ള തുക വർധിപ്പിച്ചതിലും ചെന്നിത്തല ദുരൂഹതയാരോപിച്ചു.

Astrologer

പൊലീസ് ആസ്ഥാനത്ത് സിംസ് എന്ന കമ്പനിയെ ക്യാമറ വെക്കാൻ ഏൽപ്പിച്ചപ്പോൾ അതിനെ താനെതിർത്തത് കൊണ്ട് പിന്നീടാ പദ്ധതിയെ കുറിച്ച് കേട്ടില്ല. പഴയ വീഞ്ഞ് പുതിയ കുപ്പിയിലാക്കി സേഫ് കേരള പദ്ധതിയെന്ന പേരിൽ നടപ്പാക്കുകയാണ്. ഈ പദ്ധതികൾ സുതാര്യവും ജനത്തിന് ബോധ്യമുള്ളതുമാകണം. 2020 ജൂണിലാണ് സർക്കാർ ഈ പദ്ധതിയുമായി മുന്നോട്ട് വന്നത്. അന്ന് സർക്കാർ ചുമതല കെൽട്രോണിനെ ഏൽപ്പിച്ചുവെന്നാണ് പറയുന്നത്. എന്നാൽ സേഫ് കേരള പ്രൊജക്ടുമായി ബന്ധപ്പെട്ട വിവരാവകാശ ചോദ്യങ്ങൾക്ക് സർക്കാർ മറുപടി കൊടുക്കുന്നില്ല. സർക്കാർ വിവരങ്ങൾ മറച്ചുവെക്കുകയാണെന്നും രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി.

വിഷയം താൻ ഉന്നയിച്ച ഘട്ടത്തിന് ശേഷവും സർക്കാർ മറുപടി തന്നില്ല. അടിമുടി ദുരൂഹതയും അഴിമതിയും നിറഞ്ഞ, പാവങ്ങളെ കൊള്ളയടിക്കുന്ന പദ്ധതിയാണിതെന്നും അദ്ദേഹം പറഞ്ഞു. പൊതുമേഖലാ സ്ഥാപനമായ കെൽട്രോണിനെ മുൻനിർത്തിയുള്ള കൊള്ളയാണിത്. എസ്ഐആർടി എന്ന ബംഗലൂരു കമ്പനിക്ക് കെൽട്രോൺ കരാർ നൽകി. അവർക്ക് ഇതിൽ പരിചയം ഇല്ലായിരുന്നു. ഈ കരാർ നൽകിയെ ടെണ്ടറിലും അവ്യക്തതയുണ്ട്. എസ്ഐആർടി മറ്റ് രണ്ട് കമ്പനികൾക്ക് ഉപകരാർ നൽകി. 151. 22 കോടിക്കാണ് കെൽട്രോൺ എസ്ഐആർടിക്ക് കരാർ നൽകിയത്.

തിരുവനന്തപുരം നാലാഞ്ചിറയിലും ലൈറ്റ് മാസ്റ്റർ ലൈറ്റ്നിങ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിനും കോഴിക്കോട് മലാപ്പറമ്പിലുള്ള പ്രസാദിയോ ടെക്നോളജീസ് എന്നീ കമ്പനികൾക്കാണ് എസ്ഐആർടി ഉപകരാർ നൽകിയത്. 75 കോടിക്ക് പദ്ധതി നടപ്പാക്കാമെന്നാണ് ഈ ഉപകരാറിൽ പറയുന്നത്. 30 ശതമാനം ലൈഫ് മാസ്റ്ററിനും 60 ശതമാനം പ്രസാദിയോക്കും കൊടുക്കാമെന്നാണ് ധാരണ. ഈ കമ്പനികൾക്കൊന്നും ഈ തരം പദ്ധതികളിൽ യാതൊരു മുൻപരിചയവുമില്ല. ഈ എഗ്രിമെന്റുമായി മുന്നോട്ട് പോയപ്പോൾ ലൈറ്റ് മാസ്റ്റർ കമ്പനി അഭിപ്രായ വ്യത്യാസത്തെ തുടർന്ന് പിന്മാറി. സർക്കാർ പിന്നീട് പുതിയൊരു കരാറുമായി മുന്നോട്ട് വന്നു. 232 കോടിയുടെ പദ്ധതിയാണെന്ന് പ്രഖ്യാപിച്ചു. 75 കോടിക്ക് കമ്പനികൾ നടപ്പാക്കാമെന്ന് പറഞ്ഞ പദ്ധതിക്ക് സർക്കാർ ആദ്യം പറഞ്ഞത് 151 കോടിയെന്നാണ്. ഇപ്പോൾ 232 കോടിയായി. 81 കോടി രൂപ അധികം വന്നു. ഇതെങ്ങനെ സംഭവിച്ചുവെന്നും രമേശ് ചെന്നിത്തല ചോദിച്ചു.

രണ്ടാമത് വർധിപ്പിച്ച തുകയ്ക്ക് കരാർ വരാനുള്ള കാരണം എന്താണ്? ആരാണ് ഇതിന് പിന്നിൽ? കൊള്ളലാഭത്തിന് സ്വകാര്യ കമ്പനിക്ക് അവസരം ഒരുക്കുകയാണ്. സർക്കാരിനും കമ്പനികൾക്കും ഈ പദ്ധതിയിൽ മുതൽമുടക്കില്ല. പാവപ്പെട്ടവനെ ഞെക്കിപ്പിഴിയുന്ന പണമാണ് 20 ഇൻസ്റ്റാൾമെന്റായി മുടക്കുന്നത്. ഇതുമായി ബന്ധപ്പെട്ട എല്ലാ രേഖകളും സർക്കാർ പുറത്തുവിടണം. അല്ലെങ്കിൽ ഞാൻ തന്നെ അവയെല്ലാം പുറത്തുവിടും. ആദ്യത്തെ രേഖ ഞാനിപ്പോൾ പുറത്തുവിടുന്നുവെന്നും ചെന്നിത്തല വ്യക്തമാക്കി.

അതെ സമയം എഐ ക്യാമറ സ്ഥാപിച്ചതുമായി ബന്ധപ്പെട്ട് രമേശ് ചെന്നിത്തല ഉന്നയിച്ച ആരോപണത്തിന് മറുപടി പറയേണ്ടത് കെൽട്രോൺ ആണെന്ന് ഗതാഗത മന്ത്രി ആന്റണി രാജു. കെൽട്രോണിന്റെ കരാർ നൽകാൻ പ്രത്യേക ടെണ്ടറിന്റെ ആവശ്യമില്ലെന്നും മന്ത്രി പറഞ്ഞു. അഞ്ച് വർഷത്തേയ്ക്ക് എഐ ക്യാമറകളുടെ പരിപാലന ചുമതലയും കെൽട്രോണിനാണ്. കെൽട്രോൺ ഇക്കാര്യത്തിൽ വിശദീകരണം നൽകുമെന്നാണ് കരുതുന്നതെന്നം മന്ത്രി കൂട്ടിച്ചേര്‍ത്തു.

മോട്ടോർ വാഹന വകുപ്പിന് വേണ്ടി പദ്ധതി ആവിഷ്കരിച്ചതും നടപ്പാക്കുന്നതും കെൽട്രോൺ തന്നെയാണ്. 2018 ലാണ് അവർക്ക് കരാർ നൽകിയത്. അന്ന് താൻ മന്ത്രിയായില്ലെന്നും ആന്റണി രാജു വ്യക്തമാക്കി

Vadasheri Footer