അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു.
കോട്ടയം: വൈക്കത്ത് അമ്മയെ കൊലപ്പെടുത്തിയ ശേഷം മകൻ ആത്മഹത്യ ചെയ്തു . വൈക്കം ചെമ്പ് മത്തുങ്കൽ ആശാരി പറമ്പിൽ കാർത്ത്യായനിയേയും മകൻ ബിജുവിനേയുമാണ് വീടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കാര്‍ത്ത്യായനിയെ സാരി കൊണ്ട് ശ്വാസം മുട്ടിച്ചാണ് കൊലപ്പെടുത്തിയത്. ബിജു മുറിക്കുള്ളിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു.
ഇന്ന് ഉച്ചയ്ക്ക് കാര്‍ത്ത്യായനിയുടെ ഇളയ മകൻ സിജി പണി സ്ഥലത്ത് നിന്ന് ഭക്ഷണം കഴിക്കാനെത്തിയപ്പോഴാണ് അമ്മ കട്ടിലിൽ കിടക്കുന്നത് കണ്ടത്. സിജി ബഹളം വച്ചതോടെ സമീപത്തുള്ള ബന്ധുളും അയൽക്കാരും ഓടിയെത്തി. പിന്നീട് നടത്തിയ പരിശോധനയിലാണ് കാര്‍ത്ത്യായനി മരിച്ചതായി അറിയുന്നത്. കാർത്ത്യായനി കിടന്ന മുറിയിലെ അലമാര തുറന്ന നിലയിലായിരുന്നു. അലമാരയ്ക്കുളളിലെ സ്ത്രങ്ങൾ താഴേക്ക് വലിച്ചിട്ടിരുന്നു. മുറിക്കുള്ളിൽ ബലപ്രയോഗം നടന്നതിൻ്റെ ലക്ഷണങ്ങളുണ്ട്.
കഴിഞ്ഞ ദിവസം വീട്ടുവളപ്പിലെ ഒരു മരം 6500 രൂപയ്ക്കു വിറ്റിരുന്നു. മരം വിറ്റ പണം ചോദിച്ച് അമ്മയുമായി ബിജു പലപ്പോഴും വഴക്കിടുമായിരുന്നു. ബിജുവും സിജിയും ഇളയ സഹോദരി അംബികയും ഒരുമിച്ചായിരുന്നു താമസം. കെട്ടിട നിർമ്മാണ തൊഴിലാളികളായിരുന്നു ബിജുവും സഹോദരൻ സിജുവും. ഒരു വർഷം മുമ്പ് പണിക്കിടയിൽ തടികൊണ്ട് കണ്ണിനു പരിക്കേറ്റതോടെ ബിജു സ്ഥിരമായി പണിക്കു പോകാറില്ല. മദ്യപനായ ഇയാൾ വീട്ടിൽ പതിവായി കലഹം ഉണ്ടാക്കാറുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. വൈക്കം പോലിസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു.