എ ഡി ജി പി. എം ആർ. അജിത് കുമാർ പുറത്തേക്ക്
തിരുവനന്തപുരം: പി വി അന്‍വറിന്റെ ആരോപണങ്ങളുടെ പശ്ചാത്തലത്തില്‍ ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തു നിന്നും എം ആര്‍ അജിത് കുമാറിനെ മാറ്റാന്‍ ആഭ്യന്തര വകുപ്പ് തീരുമാനിച്ചു. പകരം ക്രമസമാധാനച്ചുമതലയുള്ള എഡിജിപിയായി ക്രൈംബ്രാഞ്ച് മേധാവി എച്ച് വെങ്കിടേഷിനെ നിയമിക്കുന്നതാണ് പരിഗണനയിലുള്ളത്. ജയില്‍ മേധാവി ബല്‍റാം കുമാര്‍ ഉപാധ്യായയെയും ക്രമസമാധാനച്ചുമതലയുള്ള എഡിജിപി സ്ഥാനത്തേക്ക് പരിഗണിക്കുന്നുണ്ട്.
എംആര്‍ അജിത് കുമാറിനെതിരായ ആരോപണങ്ങള്‍ അന്വേഷിക്കാന്‍, സീനിയര്‍ ഡിജിപിമാരായ എ പത്മകുമാര്‍, യോഗേഷ് ഗുപ്ത എന്നിവരിലാരുടെയെങ്കിലും നേതൃത്വത്തിലുള്ള സംഘത്തെ നിയോഗിച്ചേക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബ് കഴിഞ്ഞാല്‍ പൊലീസ് സേനയില്‍ രണ്ടാമത് പത്മകുമാറാണ്. യോഗേഷ് ഗുപ്ത വിജിലന്‍സ് ഡയറക്ടറാണ്. എംആര്‍ അജിത് കുമാറിന്റെ പ്രവര്‍ത്തനങ്ങളില്‍ ഡിജിപി ദര്‍വേഷ് സാഹിബും സമീപകാലത്ത് കടുത്ത അതൃപ്തിയിലായിരുന്നു എന്നാണ് റിപ്പോർട്ട
അടുത്തിടെ ഡിജിപി അജിത് കുമാറിനെ നേരിട്ട് വിളിച്ചു വരുത്തി ശാസിക്കുന്ന സംഭവങ്ങളുമുണ്ടായിരുന്നു. അജിത് കുമാര്‍ നൊട്ടോറിയസ് ക്രിമിനലാണെന്നും, സ്വര്‍ണക്കടത്ത് സംഘവുമായി ബന്ധമുണ്ടെന്നും, കൊലയാളി സംഘങ്ങളുമായി ബന്ധമുണ്ടെന്നും പിവി അന്‍വര്‍ ആരോപിച്ചിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറി പി ശശിയുടെ അറിവോടെയാണോ അജിത് കുമാര്‍ പ്രവര്‍ത്തിക്കുന്നതെന്ന സംശയമുണ്ടെന്നും അന്‍വര്‍ കുറ്റപ്പെടുത്തിയിരുന്നു. ആരോപണങ്ങളുടെ പശ്ചാത്തലത്തിൽ രാവിലെ മുഖ്യമന്ത്രി സംസ്ഥാന പൊലീസ് മേധാവി ഷെയ്ഖ് ദര്‍വേഷ് സാഹിബുമായി കൂടിക്കാഴ്ച നടത്തിയിരുന്നു.
അതെ സമയം പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി സുജിത് ദാസിനെ സസ്‌പെന്‍ഡ് ചെയ്യും. പി വി അന്‍വറുമായുള്ള ഫോണ്‍വിളിയില്‍ കുടുങ്ങിയതിനെ തുടർന്നാണ് നടപടി. എസ് പി സുജിത് ദാസിനെതിരെ നടപടിക്ക് ആഭ്യന്തരവകുപ്പ് ശുപാര്‍ശ നല്‍കിയിരുന്നു. ഈ റിപ്പോര്‍ട്ട് ഡിജിപി മുഖ്യമന്ത്രിക്ക് കൈമാറി.
പി.വി അന്‍വറുമായുള്ള സംഭാഷണം പൊലീസിനു നാണക്കേട് ഉണ്ടാക്കിയെന്നും, എസ് പി സുജിത് ദാസ് സര്‍വീസ് ചട്ടം ലംഘിച്ചുവെന്നും ഡിഐജി അജിതാ ബീഗം ഡിജിപിക്ക് നല്‍കിയ റിപ്പോര്‍ട്ടില്‍ വ്യക്തമാക്കിയിരുന്നു. പൊലീസ് സേനക്ക് നാണക്കേടുണ്ടായ സംഭവമാണ് ഓഡിയോ പുറത്ത് വന്നതിലൂടെ ഉണ്ടായത്. ഉന്നത ഉദ്യോഗസ്ഥര്‍ക്കെതിരായ നീക്കത്തിന് എംഎല്‍എയെ പ്രേരിപ്പിച്ചതും ഗുരുതര ചട്ടലംഘനമാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.