ആദരാഞ്ജലികൾ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക് : ശ്രീനിവാസൻ
കൊച്ചി: നടൻ ശ്രീനിവാസൻ ആശുപത്രിയിലാണെന്ന വാർത്തകൾ പുറത്തുവന്ന ശേഷം നിരവധി അഭ്യൂഹങ്ങളാണ് സമൂഹ മാധ്യമങ്ങളിൽ പരക്കുന്നത്. അദ്ദേഹം മരിച്ചെന്ന വാർത്ത വരെ പ്രചരിക്കുകയും ആദരാഞ്ജലിയർപ്പിച്ച് പലരും സമൂഹ മാധ്യമങ്ങളിൽ പോസ്റ്റിടുകയും ചെയ്തു. എന്നാൽ, ഇതെല്ലാം അറിഞ്ഞ് ഐ.സി.യു കിടക്കയിലും സ്വതസിദ്ധമായ ശൈലിയിലായിരുന്നു ശ്രീനിവാസന്റെ പ്രതികരണം. ‘ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്…’ എന്നായിരുന്നു നർമ്മം കൈവിടാതെ ശ്രീനിവാസൻ തനിക്ക് ആദരാഞ്ജലി അർപ്പിച്ചുകൊണ്ടുള്ള പോസ്റ്റുകളോട് പ്രതികരിച്ചത്.തിരക്കഥാകൃത്തും നിർമ്മാതാവുമായ മനോജ് രാംസിങ് ആണ് ഇക്കാര്യം ഫേസ്ബുക്കിൽ പങ്കുവെച്ചത്. ഐ.സി.യുവിൽ കഴിയുന്ന ശ്രീനിവാസന്റെ വിവരങ്ങളറിയാൻ ഭാര്യ വിമലയുടെ ഫോണിൽ വിളിച്ച് മനോജ് സംസാരിച്ചപ്പോഴാണ് അദ്ദേഹം ഈ മറുപടി നൽകിയത്. ആദരാഞ്ജലികൾ കൂടുതലായി പോയാൽ കുറച്ച് മനോജിന് തന്നേക്കാം എന്ന് പറയാനും ശ്രീനിവാസൻ മറന്നില്ല.’ആൾക്കാർ ആദരവോടെ തരുന്നതല്ലേ, ഒന്നും പാഴാക്കണ്ട, കിട്ടുന്നതൊക്കെ എനിക്ക് തന്നേക്ക്… കൂടുതലായി പോയാൽ കുറച്ചു മനോജിന് തന്നേക്കാം’. മിനിറ്റുകൾക്ക് മുൻപ് ഐസിയുവിൽ കിടന്ന് സ്വന്തമായി ശ്വസിക്കുന്ന ശ്രീനിയേട്ടനോട് ചേച്ചിയുടെ ഫോണിൽ സംസാരിച്ചപ്പോൾ, ശ്രീനിയേട്ടന് ആദരാഞ്ജലികൾ അർപ്പിച്ചു കൊണ്ടുള്ള ചില മനോരോഗികളുടെ പോസ്റ്റിന്റെ കാര്യം പറഞ്ഞപ്പോൾ ഉള്ള ശ്രീനിയേട്ടന്റെ ചിരിച്ചുകൊണ്ടുള്ള മറുപടിയാണ് മുകളിൽ പറഞ്ഞത്- മനോജ് ഫേസ്ബുക്കിൽ കുറിച്ചു.’ഞങ്ങളുടെയും നിങ്ങളുടെയും ശ്രീനിയേട്ടന് യാതൊരു കുഴപ്പവും ഇല്ല. വർത്താ ചാനലുകൾക്ക് റേറ്റിങ്ങ് കൂട്ടാനോ ആശുപത്രിക്കാർക്ക് മൈലേജ് എടുക്കാനോയുള്ള വെറും വ്യാജ വാർത്തകളാണ് നിലവിൽ പ്രചരിക്കുന്നത്. ഞങ്ങളുടെ ശ്രീനിയേട്ടൻ ദിവസങ്ങൾക്കു മുമ്പ് നടന്ന ബൈപാസ് സർജറി കഴിഞ്ഞ് വിശ്രമത്തിലാണ്. അദ്ദേഹത്തിന്റെ ആരോഗ്യ നിലയെ കുറിച്ച് യാതൊരു ആശങ്കയും വേണ്ടതില്ല. സർജറി കഴിഞ്ഞിട്ട് ദിവസങ്ങളായി. രണ്ടോ മൂന്നോ ദിവസത്തിനുള്ളിൽ സാധാരണ നിലയിലേക്ക് അദ്ദേഹം എത്തുന്നതാണ്. അടുത്തറിയുന്ന ഞങ്ങൾ പറയുന്നതിനപ്പുറമുള്ള വാർത്തകൾ ദയവായി വിശ്വസിക്കാതിരിക്കുക. ഒന്നുറപ്പാണ്, ശ്രീനിയേട്ടൻ കട്ടയ്ക്കുണ്ട് കൂടെ …! ദയവു ചെയ്ത് ആവശ്യമില്ലാത്ത ന്യൂസ്, ഓൺലൈനിൽ ഷെയർ ചെയ്യുന്നത് നിർത്തുക.’- മനോജ് കുറിച്ചു.ശ്രീനിവാസനെ നായകനാക്കി താന്‍ സംവിധാനം ചെയ്‍ത ‘അയാള്‍ ശശി’ എന്ന ചിത്രത്തില്‍ അദ്ദേഹം അവതരിപ്പിച്ച കഥാപാത്രത്തിന്‍റെ സ്റ്റില്ലുകള്‍ വ്യാജ വാര്‍ത്തകളില്‍ ഉപയോഗിക്കുന്നത് ചൂണ്ടിക്കാട്ടി സംവിധായകന്‍ സജിന്‍ ബാബുവും രംഗത്തെത്തിയിരുന്നു. അതേസമയം, ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ശ്രീനിവാസന്റെ ആരോഗ്യനില മെച്ചപ്പെടുന്നതായാണ് മെഡിക്കൽ റിപ്പോർട്ടുകൾ. വെന്റിലേറ്റർ സംവിധാനം മാറ്റിയെന്നും തീവ്രപരിചരണ വിഭാഗത്തിലാണ് ഉള്ളതെന്നും അദ്ദേഹവുമായി ബന്ധപ്പെട്ട അടുത്ത വൃത്തങ്ങൾ പറയുന്നു.അങ്കമാലി അപ്പോളോ അഡ്‌ലക്‌സ് ആശുപത്രിയിലാണ് ശ്രീനിവാസന്‍ ചികിത്സയിൽ കഴിയുന്നത്. മരുന്നുകളോട് പ്രതികരിക്കുന്നുണ്ടെന്നും നില ഭദ്രമാണെന്നും ആശുപത്രി അധികൃതര്‍ അറിയിച്ചു. മാര്‍ച്ച് 30നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആന്‍ജിയോഗ്രാം പരിശോധനയില്‍ നടന് ട്രിപ്പിള്‍ വെസ്സല്‍ ഡിസീസ് (ധമനികളിലെ രക്തമൊഴുക്കിന് തടസം നേരിടല്‍) കണ്ടെത്തി. ഇതേത്തുടര്‍ന്ന് മാര്‍ച്ച് 31നാണ് ബൈപാസ് സര്‍ജറി നടത്തിയത്