Header 1 = sarovaram
Above Pot

കരുവന്നൂർ തട്ടിപ്പ് ,എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു

കൊച്ചി: കരുവന്നൂർ ബാങ്ക് തട്ടിപ്പ് കേസിൽ സിപിഎം സംസ്ഥാന കമ്മിറ്റിയംഗം എസി മൊയ്തീനെ ഇഡി ചോദ്യം ചെയ്ത് വിട്ടയച്ചു. പത്ത് മണിക്കൂറോളം നീണ്ട ചോദ്യം ചെയ്യലിൽ ഇഡി ഉദ്യോഗസ്ഥരുടെ എല്ലാ ചോദ്യങ്ങൾക്കും ഉത്തരം നൽകിയെന്ന് എസി മൊയ്‌തീൻ പ്രതികരിച്ചു. ഇഡി ആവശ്യപ്പെട്ട എല്ലാ രേഖകളും ഹാജരാക്കിയെന്നും വീണ്ടും വിളിപ്പിച്ചിട്ടില്ലെന്നും പറഞ്ഞ മൊയ്തീൻ, ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടാൽ ഇനിയും ഹാജരാകുമെന്നും വ്യക്തമാക്കി. അക്കൗണ്ട് മരവിപ്പിച്ചത് സംബന്ധിച്ച് ഇഡിക്ക് കത്ത് നൽകിയെന്നും പരിശോധിക്കാമെന്ന് ഉദ്യോഗസ്ഥർ ഉറപ്പ് നൽകിയെന്നും അദ്ദേഹം മാധ്യമപ്രവർത്തകരോട് പറഞ്ഞു.

Astrologer

രാവിലെ ഒമ്പതരയോടെയാണ് എൻഫോഴ്സ്മെന്‍റ് ഡയറക്ടറേറ്റിന്‍റെ കൊച്ചിയിലെ ഓഫീസിൽ എ.സി മൊയ്തീൻ എം എല്‍ എ ചോദ്യം ചെയ്യലിനായി ഹാജരായത്. രണ്ടു തവണ നോട്ടീസ് കിട്ടിയിട്ടും എത്താതിരുന്ന എ സി മൊയ്തീൻ മൂന്നാമതും നോട്ടീസ് കിട്ടിയതോടെയാണ് ഇന്ന് ഇഡിക്കു മുന്നില്‍ ഹാജരായത്. കരുവന്നൂർ ബാങ്കിൽ നിന്ന് ബെനാമികൾ വ്യാജ രേഖകൾ ഹാജരാക്കി വായ്പ നേടിയത് എ.സി മൊയ്തീൻ എംഎല്‍എയുടെ ശുപാർശ പ്രകാരമാണെന്നാണ് ഇഡിയുടെ പ്രാഥമിക കണ്ടെത്തല്‍.

വായ്പാ തട്ടിപ്പിന്‍റെ ആസൂത്രകൻ സതീഷ് കുമാര്‍, എസി മൊയ്തീന്‍റെ ബെനാമിയാണോയെന്നാണ് ഇഡി പരിശോധിക്കുന്നത്. കേസിൽ അന്വേഷണം നേരിടുന്ന ബാങ്ക് മുൻ മാനേജർ ബിജു കരീമിന്‍റെ ബന്ധു കൂടിയാണ് എസി മൊയ്തീൻ. പത്ത് വർഷത്തെ നികുതി രേഖകളും ബാങ്ക് ഇടപാട് രേഖകളും സഹിതം ചോദ്യം ചെയ്യലിന് ഹാജരാകാനാണ് ഇഡി എസി മൊയ്തീന് നിർദ്ദേശം നല്‍കിയിരുന്നത്. നേരത്തേ ചോദ്യം ചെയ്ത് വിട്ടയച്ചിരുന്ന തൃശ്ശൂര്‍ കോര്‍പ്പറേഷനിലെ സിപിഎം കൗണ്‍സിലര്‍ അനൂപ് ഡേവിസ് കാടയേയും ഇന്ന് മൊയ്തീനൊപ്പം ഇഡി ചോദ്യം ചെയ്തു.

400 കോടി രൂപയുടെ ആസ്തിയുണ്ടായിരുന്ന കരുവന്നൂർ ബാങ്കിൽ 2012 മുതലാണ് ബെനാമി ലോൺ അടക്കമുള്ള തട്ടിപ്പുകൾ തുടങ്ങിയത്. ബെനാമികള്‍ മതിയായ ഈടില്ലാതെ വലിയ തുകകൾ വായ്‌പയായി എടുത്തതോടെ ബാങ്ക് സാമ്പത്തികമായി തകരുകയായിരുന്നു. നിക്ഷേപകര്‍ പ്രതിസന്ധിയിലാവുകയും ചെയ്തു. ലോണെടുക്കാത്ത പലരും ജപ്‌തി ഭീഷണിയിലുമായി. ഇതേ തുടർന്ന് ആത്മഹത്യകളടക്കം ഉണ്ടായി. ഈ സംഭവങ്ങളെ കേന്ദ്രീകരിച്ചാണ് കള്ളപ്പണ ഇടപടില്‍ ഇഡിയുടെ അന്വേഷണം പുരോഗമിക്കുന്നത്

Vadasheri Footer