ലാഭനഷ്ടകണക്കിൽ മൂലധന നിക്ഷേപം നടത്തേണ്ടതല്ല വിദ്യാഭ്യാസമേഖല : മന്ത്രി ഏ സി മൊയ്തീൻ
തൃശൂർ : അക്കാദമി നിലവാരത്തിൽ കേരളത്തിലെ പൊതുവിദ്യാഭ്യാസ സ്ഥാപനങ്ങളെ വെല്ലാൻ ഒരു സ്വാശ്രയസ്ഥാപനത്തിനും കഴിയില്ലെന്നും ലാഭനഷ്ടകണക്കിന്റെ അടിസ്ഥാനത്തിൽ മൂലധന നിക്ഷേപം നടത്തേണ്ട ഒന്നല്ല വിദ്യാഭ്യാസമേഖലയെന്നും തദ്ദേശസ്വയംഭരണവകുപ്പ് മന്ത്രി ഏ സി മൊയ്തീൻ പറഞ്ഞു. പൊതുവിദ്യാഭ്യാസ സംരക്ഷണ യജ്ഞത്തിന്റെ ഭാഗമായി അടാട്ട് ഗ്രാമപഞ്ചായത്ത് എൽ പി സ്‌കൂളിനു വേണ്ടി ഒരു കോടി രൂപ ചെലവിൽ നിർമ്മിക്കുന്ന പുതിയ കെട്ടിടത്തിന്റെ തറക്കല്ലിടൽ നടത്തി സംസാരിക്കുകയായിരുന്നു മന്ത്രി ഏ സി മൊയ്തീൻ.
മതനിരപേക്ഷത ഉയർത്തിപിടിക്കുന്നതാവണം വിദ്യാഭ്യാസ രീതിയെന്നും ഒരു തമാശവാക്കായി മതനിരപേക്ഷത കാണരുതെന്നും അദ്ദേഹം സൂചിപ്പിച്ചു. ഓരോരുത്തരുടെയും വിശ്വാസപ്രമാണങ്ങൾക്കും ആചാരങ്ങൾക്കു മേലെയാണ് ഇന്ത്യൻ ഭരണഘടന എന്ന് ബോധ്യപ്പെടുത്താൻ വിദ്യാഭ്യാസത്തിന് കഴിയണമെന്നും അദ്ദേഹം വ്യക്തമാക്കി. അനിൽ അക്കര എംഎൽഎ അദ്ധ്യക്ഷത വഹിച്ചു. സ്വാമി ശ്രീമത് സദ്ഭാവന മഹാരാജ്, ഫാദർ ജോബി പുത്തൂർ, അടാട്ട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി ആർ ജയചന്ദ്രൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് ബിജു വർഗ്ഗീസ്, ജില്ലാ പഞ്ചായത്തംഗം അജിത കൃഷ്ണൻ, മറ്റ് ജനപ്രതിനിധികൾ തുടങ്ങിയവർ സംസാരിച്ചു. സ്വാഗതസംഘം കൺവീനർ മുരളി അടാട്ട് സ്വാഗതവും സെക്രട്ടറി എം എം ജെയ്‌സൺ നന്ദിയും പറഞ്ഞു.