
സ്വർണത്തിലും മായം ,ചേർക്കുന്നത് റീനിയം

ഡൽഹി : സ്വർണത്തിലും മായം , സ്വർണത്തിൻ്റെ തൂക്കം കൂട്ടാൻ മറ്റൊരു ലോഹത്തിൻ്റെ പൊടി ചേർത്ത് തട്ടിപ്പ് നടത്തുന്നതായുള്ള റിപ്പോർട്ടുകൾ പുറത്ത് . റീനിയം (Rhenium) എന്ന ലോഹത്തിന്റെ പൊടിയാണ് ഇതിനായി ഉപയോഗിക്കുന്നതെന്നാണ് അന്വേഷണ റിപ്പോർട്ട്. ചൈനയിൽനിന്ന് ഇന്ത്യയിലേക്ക് ഈ പൊടി എത്തുന്നത് .. സ്വർണത്തിൽ 25 ശതമാനം വരെ റീനിയം ചേർത്താലും സാധാരണ പരിശോധനകളിൽ ഇത് കണ്ടെത്താനാകില്ലെന്ന് ചൈനീസ് ഏജൻ്റ് അവകാശപ്പെട്ടതായും റിപ്പോർട്ടിലുണ്ട്.റീനിയം ഒരു ഗ്രാമിന്റെ വില രണ്ടായിരത്തിനും മൂവ്വായിരത്തിനും ഇടയിൽ മാത്രമാണ് , സ്വർണ വില കുതിച്ചുയർന്നതോടെയാണ് ബദൽ മാര്ഗങ്ങളിലേക്ക് വ്യാപാരികൾ തിരിഞ്ഞത്.

ഇത് എങ്ങനെയാണ് തട്ടിപ്പിന് ഉപയോഗിക്കുന്നതെന്ന് വ്യക്തമാക്കാൻ നടത്തിയ പരീക്ഷണവും ഞെട്ടിക്കുന്നതാണ്. ഒരു ഗ്രാം റീനിയം പൊടി 7.83 ഗ്രാം 24 കാരറ്റ് സ്വർണത്തിൽ ചേർത്തു. ഇതോടെ ആകെ തൂക്കം 8.83 ഗ്രാമായി. എന്നാൽ പരിശോധനയിൽ ഈ മിശ്രിതം 24 കാരറ്റ് സ്വർണമാണെന്ന ഫലമാണ് ലഭിച്ചത്. അതായത് സ്വർണമല്ലാത്ത ഒരു ലോഹം ചേർത്ത് തൂക്കം വർധിപ്പിച്ചിട്ടും പരിശോധനയിൽ അത് കണ്ടെത്താനായില്ലെന്നാണ് ഇതിൽ നിന്നും വ്യക്തമാകുന്നത്.

പിന്നീട് ഈ മിശ്രിതത്തിൽ മറ്റൊരു ലോഹം കൂടി ചേർത്ത് 22 കാരറ്റ് ആഭരണം നിർമിച്ചു. ഹാൾമാർക്കിങ് കേന്ദ്രത്തിൽ പരിശോധിച്ചപ്പോൾ 22 കാരറ്റ് സ്വർണമെന്ന സർട്ടിഫിക്കേഷനും ലഭിച്ചു. എന്നാൽ യഥാർഥത്തിൽ ആഭരണത്തിലുണ്ടായിരുന്നത് 81.73 ശതമാനം സ്വർണം മാത്രമായിരുന്നു. അതായത് ഏകദേശം 20 കാരറ്റ് പരിശുദ്ധി മാത്രം. മറ്റ് ജ്വല്ലറികളിലും പരിശോധനാ കേന്ദ്രങ്ങളിലും നടത്തിയ പരിശോധനകളിലും ആഭരണം യഥാർഥ സ്വർണമാണെന്ന ഫലം ലഭിച്ചതായി അന്വേഷണ റിപ്പോർട്ട് അവകാശപ്പെടുന്നു.
ഇത് കുഴിച്ചെടുക്കുന്നത് അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, റഷ്യൻ പ്രസിഡന്റ് വ്ലാഡിമിർ പുടിൻ, ചൈനീസ് പ്രസിഡന്റ് ഷീ ജിൻപിങ് എന്നിവർ തമ്മിൽ കൂടികാഴ്ച് നടത്തിയ ചൈനയിലെ ഷെൻ ഷിൻ എന്ന പ്രവിശ്യയിൽ നിന്നാണ് . ഇത് ഏറ്റവും കൂടുതൽ കയറ്റുമതി ചെയ്യുന്നത് ഇന്ത്യയിലേക്കുമാണ് . ഇന്ത്യയിൽ ഏറ്റവും കൂടുതൽ സ്വർണാഭരണ നിർമാണ മേഖലയുള്ളത് കേരളത്തിലുമാണ്

റീനിയം മാത്രമല്ല, റുഥീനിയം, ഇറിഡിയം, ഓസ്‌മിയം തുടങ്ങിയ ലോഹങ്ങളും സ്വർണത്തിൽ ചേർക്കുന്നതായി വ്യാപാരികൾ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്. മധ്യപ്രദേശിലെ ഇൻഡോറിലെ സ്വർണവ്യാപാരികളാണ് ഇക്കാര്യം ചൂണ്ടിക്കാട്ടിയത്. സ്വർണത്തേക്കാൾ ഉയർന്ന സാന്ദ്രതയുള്ള ഈ ലോഹങ്ങൾ ചേർത്താൽ ആഭരണത്തിൻ്റെ തൂക്കം കൂടും. സാധാരണ ആസിഡ് പരിശോധനകളിലും കല്ലിൽ ഉരച്ച് നടത്തുന്ന പരിശോധനകളിലും ഇത്തരം മായം കണ്ടെത്താൻ പ്രയാസമുണ്ടാകാമെന്നും റിപ്പോർട്ടിൽ പറയുന്നു.
സ്വർണം വാങ്ങുമ്പോൾ ഉപഭോക്താക്കൾ കൂടുതൽ ശ്രദ്ധിക്കണമെന്നാണ് ഈ റിപ്പോർട്ടുകൾ നൽകുന്ന മുന്നറിയിപ്പ്. വിശ്വസനീയമായ സ്ഥാപനങ്ങളിൽനിന്ന് മാത്രം ആഭരണങ്ങൾ വാങ്ങുക. ഹാൾമാർക്കിലെ വിവരങ്ങൾ പരിശോധിക്കുകയും കൃത്യമായ ബില്ലും ജിഎസ്‌ടി ഇൻവോയ്‌സും വാങ്ങുകയും വേണം. സംശയമുള്ള ആഭരണങ്ങളുടെ പരിശുദ്ധി ഉറപ്പാക്കാൻ എക്സ‌്-റേ ഫ്ലൂറസൻസ് (XRF) പോലുള്ള ആധുനിക പരിശോധനകളും സഹായിക്കും. ഹാൾമാർക്ക് ഉണ്ടെന്നതുകൊണ്ടു മാത്രം സ്വർണത്തിൻ്റെ പരിശുദ്ധിയെക്കുറിച്ചുള്ള എല്ലാ സംശയങ്ങളും ഒഴിവാക്കാനാകില്ലെന്ന ആശങ്കയാണ് പുതിയ റിപ്പോർട്ട് ഉയർത്തുന്നത്.
