
കള്ളക്കടത്ത് സ്വർണം തട്ടാൻ ശ്രമം , യുവതിയടക്കം നാലു പേർ പിടിയിൽ

മലപ്പുറം : കരിപ്പൂർ വിമാനത്താവളത്തിൽ സ്വർണവുമായി എത്തിയ യുവതിയെ തട്ടിക്കൊണ്ടുപോയി സ്വർണം കവരാൻ ശ്രമിച്ചെന്ന സംഭവം ആസൂത്രിത നാടകമെന്ന് പൊലീസ്. സ്വർണം കവർന്നതായി വരുത്തിത്തീർക്കാൻ യുവതി നടത്തിയ നീക്കമാണിതെന്ന് അന്വേഷണത്തിൽ വ്യക്തമായി. സംഭവവുമായി ബന്ധപ്പെട്ട് കണ്ണൂർ സ്വദേശിനി പ്രിയങ്ക (34), ഉൾപ്പെടെ നാലുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. അതേസമയം, സ്വർണം കടത്തിക്കൊണ്ടുവന്നതിൽ പ്രിയങ്കയുടെ പങ്കും പൊലീസ് പരിശോധിച്ചുവരികയാണ്.

ബുധനാഴ്ച രാവിലെ 11.30ഓടെയാണ് സംഭവങ്ങളുടെ തുടക്കം. ദുബായിൽനിന്ന് 18 പവൻ സ്വർണവുമായി എത്തിയ തലശ്ശേരി തിരുവങ്ങാട് സ്വദേശിനി പ്രിയങ്കയുമായി നീല ബൊലേറോ കാർ വിമാനത്താവളത്തിലെ അന്താരാഷ്ട്ര ടെർമിനൽ പരിസരത്തുനിന്ന് പുറത്തേക്ക് പാഞ്ഞു. സ്വർണം കൈപ്പറ്റാനെത്തിയ യുവാവ് കാറിന് പിന്നാലെ ഓടുന്നതും ശ്രദ്ധയിൽപ്പെട്ടു.
വിമാനത്താവളത്തിൽ പട്രോളിങ്ങിനും തിങ്കളാഴ്ച നടന്ന കവർച്ചാശ്രമക്കേസിന്റെ അന്വേഷണത്തിനുമായി എത്തിയ കരിപ്പൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള സംഘവും പ്രത്യേക സ്ക്വാഡും ഉടൻ കാറിനെ പിന്തുടർന്നു. സ്റ്റേഷൻ വാഹനത്തിലും ബൈക്കുകളിലുമായാണ് പൊലീസ് പിന്തുടർന്നത്. വിമാനത്താവളത്തിൽനിന്ന് 12 കിലോമീറ്ററോളം അകലെ പുലിക്കൽ ആന്തിയൂർക്കുന്ന് റോഡിലേക്ക് തിരിഞ്ഞ കാറിനെ സാഹസികമായി തടഞ്ഞുനിർത്തി സംഘത്തെ കീഴടക്കി. നാട്ടുകാരും പൊലീസിനെ സഹായിച്ചു. ബലം പ്രയോഗിച്ചാണ് പ്രതികളെ പിടികൂടിയത്.
കണ്ണൂർ സ്വദേശികളായ ശ്രീലാൽ, പ്രിൻസ്, സുബിത്ത് എന്നിവരാണ് പിടിയിലായ മറ്റ് പ്രതികൾ. സ്വർണം സ്വീകരിക്കാൻ വിമാനത്താവളത്തിലെത്തിയ മട്ടന്നൂർ ശിവപുരം സ്വദേശി ജാബിറിനെയും പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എന്നാൽ, വിശദമായ ചോദ്യം ചെയ്യലിനും അന്വേഷണത്തിനും പിന്നാലെ സംഭവത്തിന് പിന്നിൽ ആസൂത്രിത നീക്കമാണെന്ന് വ്യക്തമായി.

നിരവധി കവർച്ചാക്കേസുകളിൽ മുമ്പും പ്രതികളായിട്ടുള്ളവരാണ് പിടിയിലായതെന്ന് പൊലീസ് അറിയിച്ചു. ദുബായിൽനിന്ന് മാല, വള, ബ്രേസ്ലെറ്റ് തുടങ്ങിയ ആഭരണങ്ങളുടെ രൂപത്തിലാണ് സ്വർണം കടത്തിക്കൊണ്ടുവന്നത്. പ്രതികളെ വിശദമായി ചോദ്യം ചെയ്തുവരികയാണ്. എസ്.ഐ ശൈലേഷ് കുമാർ, എ.എസ്.ഐമാരായ റീന, കബീർ, സി.പി.ഒ റിഷാദ്, പ്രത്യേക സ്ക്വാഡ് അംഗങ്ങൾ എന്നിവരടങ്ങിയ സംഘമാണ് പ്രതികളെ പിടികൂടിയത്.
