
തെരുവുനായ ശല്യം; നഗരസഭ അനാസ്ഥ അവസാനിപ്പിക്കണം ,

ഗുരുവായൂർ : നഗരസഭയിലെ രൂക്ഷമായ തെരുവുനായ ശല്യത്തിന് പരിഹാരം കാണുന്നതിൽ നഗരസഭയുടെ അനാസ്ഥ അവസാനിപ്പിക്കണമെന്ന് കോൺഗ്രസ് ഗുരുവായൂർ മണ്ഡലം പ്രസിഡൻ്റ് സി.എസ് സൂരജ് ആവശ്യപ്പെട്ടു . ഗുരുവായൂർ നഗരസഭാ പരിധിയിൽ തെരുവുനായ ശല്യം ദിനംപ്രതി രൂക്ഷമായിക്കൊണ്ടിരിക്കുകയാണ്. നഗരത്തിലെ വിവിധ പ്രദേശങ്ങളിൽ തെരുവുനായ്ക്കളുടെ വർധനവ് ജനങ്ങളുടെ സ്വയ്ര്യ ജീവിതത്തിനും സുരക്ഷയ്ക്കും ഭീഷണിയായി മാറിയിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

ഭക്തജനങ്ങൾ, വിദ്യാർഥികൾ, വയോധികർ, സ്ത്രീകൾ, പ്രഭാതസവാരിക്കാർ തുടങ്ങി സാധാരണ ജനങ്ങൾ തെരുവുനായ്ക്കളുടെ ഭീഷണി നേരിടേണ്ടിവരുന്നുണ്ട്. തെരുവുനായ ശല്യം നിയന്ത്രിക്കുന്നതിനും പൊതുജനങ്ങളുടെ സുരക്ഷ ഉറപ്പാക്കുന്നതിനും നഗരസഭയുടെ ഭാഗത്തുനിന്ന് ശാശ്വതമായ നടപടികൾ ഉണ്ടാകാത്തത് പ്രതിഷേധാർഹമാണ്.
തെരുവുനായ ആക്രമണങ്ങൾ ഉണ്ടാകുമ്പോൾ താൽക്കാലിക നടപടികൾ സ്വീകരിക്കുന്നതിനു പകരം, പ്രശ്നത്തിന് ശാസ്ത്രീയവും നിയമാനുസൃതവുമായ ശാശ്വത പരിഹാരം കാണാൻ നഗരസഭ തയ്യാറാകണമെന്നും തെരുവുനായ്ക്കളുടെ വന്ധ്യംകരണവും പ്രതിരോധ കുത്തിവയ്പ്പും ഉൾപ്പെടെയുള്ള നിയമാനുസൃത നിയന്ത്രണ നടപടികൾ ഫലപ്രദമായി നടപ്പാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
ജനങ്ങളുടെ ജീവനും സുരക്ഷയ്ക്കും പ്രഥമ പരിഗണന നൽകേണ്ട നഗരസഭ, ഈ വിഷയത്തിൽ ഉത്തരവാദിത്വത്തിൽനിന്ന് ഒഴിഞ്ഞുമാറരുത്. തെരുവുനായ ശല്യത്തിന് ശാശ്വത പരിഹാരം കാണുന്നതിനായി അടിയന്തരമായി കർമപദ്ധതി തയ്യാറാക്കി നടപ്പാക്കണമെന്നും നഗരസഭയുടെ നിഷ്ക്രിയത്വം അവസാനിപ്പിക്കണമെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു

