
ഗുരുവായൂരിൽ സുരക്ഷ വർധിപ്പിക്കണം, ആഭ്യന്തര മന്ത്രിക്ക് കോൺഗ്രസ്സ് നിവേദനം നൽകി

ഗുരുവായൂർ : ക്ഷേത്രനഗരിയിൽ സമീപകാലത്തായി വർദ്ധിച്ചുവരുന്ന സാമൂഹിക വിരുദ്ധ ശല്യവും അക്രമങ്ങളും തടയുന്നതിനും തീർത്ഥാടകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനും അടിയന്തര നടപടികൾ സ്വീകരിക്കണമെന്ന് ആവശ്യപ്പെട്ട് ഗുരുവായൂർ മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി നിവേദനം സമർപ്പിച്ചു. മണ്ഡലം കോൺഗ്രസ്സ് കമ്മിറ്റി പ്രസിഡന്റ് സി.എസ്. സൂരജിന്റെ നേതൃത്വത്തിലാണ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയ്ക്ക് നിവേദനം നൽകിയത്. ഗുരുവായൂർ ക്ഷേത്രത്തിൽ ദർശനം നടത്താൻ എത്തിയതായിരുന്നു മന്ത്രി.
ഗുരുവായൂർ ടെമ്പിൾ പോലീസ് സ്റ്റേഷനിൽ പോലീസ് ഉദ്യോഗസ്ഥരുടെ അഭാവം സ്റ്റേഷന്റെ ദൈനംദിന പ്രവർത്തിക്ക് വലിയ പ്രയാസമുണ്ടാക്കുന്നുവെന്നും ക്ഷേത്ര നഗരിയിൽ സുരക്ഷാ ഉറപ്പുവരുത്തുന്നതിനായി അധിക പോലീസ് ഉദ്യോഗസ്ഥരെ നിയമിക്കണമെന്നും സി എസ് സൂരജ് നിവേദനത്തിൽ ചൂണ്ടിക്കാണിച്ചു. വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ആവശ്യമായ നടപടികൾ വേഗത്തിൽ കൈക്കൊള്ളാമെന്ന് ആഭ്യന്തരമന്ത്രി കോൺഗ്രസ് ഉറപ്പുനൽകി. മണ്ഡലം പ്രസിഡന്റ് സി.എസ്. സൂരജിനൊപ്പം പ്രമുഖ കോൺഗ്രസ് നേതാക്കളും പ്രവർത്തകരും പങ്കെടുത്തു.
