
ഇ ഡിയെ ആക്രമിച്ച കേസ്,അന്വേഷണം എസ്ഐടിക്ക്

തിരുവനന്തപുരം: മാസപ്പടി കേസിൽ റെയ്ഡിനെത്തി മടങ്ങിയ എൻഫോഴ്സമെന്റ് ഡയറക്ടറേറ്റ് (ഇഡി) ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ് അന്വേഷിക്കാൻ പ്രത്യേക സംഘത്തെ നിയമിച്ച് സർക്കാർ. കന്റോൺമെന്റ് അസിസ്റ്റന്റ് കമ്മീഷണർ അന്വേഷണത്തിന് മേൽനോട്ടം വഹിക്കും. മ്യൂസിയം എച്എസ്ഒ ആർ പ്രശാന്ത് തന്നെയാണ് അന്വേഷണ ഉദ്യോഗസ്ഥൻ.
സംഘത്തിൽ 5 ഇൻസ്പെടർമാരും ഏഴ് എസ്ഐമാരുമടക്കം 30 ഉദ്യോഗസ്ഥരും ഉൾപ്പെട്ടതാണ് എസ്ഐടി. കേന്ദ്ര ഏജൻസിയെ ആക്രമിച്ച കേസ് ആയതിനാൽ ലോക്കൽ പൊലീസിൽ നിന്നും പ്രത്യേക സംഘത്തിലേക്ക് അന്വേഷണം മാറ്റുകയായിരുന്നു. നിലവിൽ മ്യൂസിയം പോലീസ് ആയിരുന്നു കേസ് അന്വേഷിച്ചിരുന്നത്. കേസ് അന്വേഷണത്തിന് എസ്ഐടിയെ നിയോഗിക്കണമെന്ന ആവശ്യം ഉയർന്നിരുന്നു. മാത്രമല്ല, സമാന ആവശ്യം ഉന്നയിച്ച് ഇഡിയും ഡയറക്ടറേറ്റിലേക്ക് ഒരു റിപ്പോർട്ട് അയച്ചിട്ടുണ്ടെന്നാണ് വിവരം. പിന്നാലെയാണ് കേസ് അന്വേഷണം എസ്ഐടിക്ക് കൈമാറിയത്.
സിഎംആർഎൽ- എക്സാലോജിക് സൊല്യൂഷൻസ് മാസപ്പടി കേസിൽ വീണാ ടിയുടെ വീട്ടിൽ പരിശോധന നടത്തുന്നതിന്റെ ഭാഗമായി പ്രതിപക്ഷ നേതാവും മുൻ മുഖ്യമന്ത്രിയുമായ പിണറായി വിജയന്റെ ബേക്കറി ജങ്ഷനിലെ വസതിയിൽ ഇഡി സംഘം പരിശോധന നടത്തിയിരുന്നു. പരിശോധന നടത്തി പുറത്തിറങ്ങിയ ഉദ്യോഗസ്ഥ സംഘത്തിന്റെ വാഹനങ്ങളെ കണ്ടാൽ അറിയാവുന്ന മുന്നൂറോളം സിപിഎം പ്രവർത്തകർ തടയുകയും ആക്രമിക്കുകയായിരുന്നു. ആക്രമണത്തിൽ കാറുകൾക്ക് കേടുപാടുകളുണ്ടാവുകയും ഉദ്യോഗസ്ഥർക്ക് പരിക്കേൽക്കുകയും ചെയ്തു
കേസിൽ 5 പ്രതികൾക്ക് കോടതി നേരത്തെ ജാമ്യം നിഷേധിച്ചിരുന്നു. കേസിൽ ആദ്യം അറസ്റ്റിലായ 5 പ്രതികളുടെ ജാമ്യ ഹർജിയാണ് തിരുവനന്തപുരം ജുഡീഷ്യൽ ഫസ്റ്റ് ക്ലാസ് മജിസ്ട്രേറ്റ് കോടതി (3) തള്ളിയത്. അപൂർവ കേസ് എന്നാണ് കോടതി നിരീക്ഷിച്ചത്. ആക്രമണം മാധ്യമങ്ങളിലൂടെ ജനങ്ങളെല്ലാം കണ്ടതാണെന്നും കോടതി വ്യക്തമാക്കി. പൊതു മുതൽ നശിപ്പിച്ചില്ലെന്ന വാദം നിലനിൽക്കില്ല. ആക്രമണം പ്രകോപനമില്ലാതെയാണെന്നും കോടതി നിരീക്ഷിച്ചു.

ജാമ്യാപേക്ഷയിൽ കഴിഞ്ഞ ദിവസം കോടതി വിശദമായ വാദം കേട്ടിരുന്നു. സംഭവം നടക്കുമ്പോൾ ഇഡി ഉദ്യോഗസ്ഥർ ഡ്യൂട്ടിയിൽ ആയിരുന്നില്ല എന്നാണ് പ്രതിഭാഗം പ്രധാനമായി വാദിച്ചത്. ഇഡിയുടെ ഔദ്യോഗിക വാഹനമല്ല അതിനാൽ പൊതുമുതൽ നശിപ്പിച്ചെന്ന കുറ്റം നിലനിൽക്കില്ലെന്നും പ്രതിഭാഗം വാദിച്ചിരുന്നു. സിപിഎം പ്രവർത്തകരായ ശ്രീജിത്ത്, ജിതിൻരാജ്, മനോജ്, ജീവൻ, ഷാഹിൻ എന്നിവരാണ് കേസിൽ ആദ്യ ദിവസം അറസ്റ്റിലായത്. ഇവരുൾപ്പെടെ 25 സിപിഎം പ്രവർത്തകർ ഇതുവരെ അറസ്റ്റിലായിട്ടുണ്ട്.
