
വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കും. വിജയത്തിൽ നന്ദി പറഞ്ഞ് രാഹുലും, പ്രിയങ്കയും

ദില്ലി: കേരളത്തിലെ യു ഡി എഫിന്റെ ഉജ്ജ്വല വിജയത്തിന് പിന്നാലെ ജനങ്ങൾക്ക് നന്ദി അറിയിച്ച് രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും. കേരളത്തിലെ സഹോദരീ സഹോദരന്മാർ നൽകിയ നിർണ്ണായകമായ ജനവിധിക്ക് ഹൃദയം കൊണ്ട് നന്ദി പറയുന്നതായി രാഹുൽ ഗാന്ധി എക്സിൽ കുറിച്ചു. കഠിനാധ്വാനത്തിലൂടെ മികച്ച പ്രചാരണം നടത്തിയ ഓരോ യു ഡി എഫ് പ്രവർത്തകരെയും നേതാക്കളെയും അഭിനന്ദിക്കുന്നതായും രാഹുൽ വ്യക്തമാക്കി.

കേരളം വലിയ മികവുള്ള സംസ്ഥാനമാണെന്നും ആ മികവിനെ ശരിയായ ദിശയിൽ ഉപയോഗിക്കാൻ കാഴ്ചപ്പാടുള്ള ഒരു യു ഡി എഫ് സർക്കാർ ഇനി കൂടെയുണ്ടാകുമെന്നും രാഹുൽ ഉറപ്പ് നൽകി. കേരളത്തിലെ ജനങ്ങൾ നൽകിയ സ്നേഹത്തിനും പിന്തുണയ്ക്കും അഗാധമായ നന്ദി രേഖപ്പെടുത്തുന്നുവെന്നാണ് പ്രിയങ്ക ഗാന്ധി പറഞ്ഞത്.

ജനങ്ങൾ അർപ്പിച്ച ഈ വിശ്വാസമായിരിക്കും വരും വർഷങ്ങളിൽ യു ഡി എഫ് മുന്നണിയുടെ വഴികാട്ടിയെന്നും പ്രിയങ്ക എക്സിൽ കുറിച്ചു. വരും വർഷങ്ങളിൽ സത്യസന്ധതയോടും വിനയത്തോടും കൂടി ജനങ്ങൾക്ക് നൽകിയ വാഗ്ദാനങ്ങൾ ഓരോന്നായി പാലിക്കുമെന്നും പ്രിയങ്ക ഉറപ്പ് നൽകി. രാവും പകലും കഠിനാധ്വാനം ചെയ്ത യു ഡി എഫ് പ്രവർത്തകരെ അഭിനന്ദിക്കാനും പ്രിയങ്ക മറന്നില്ല.


തന്‍റെ മണ്ഡലമായ വയനാടിനോടുള്ള പ്രത്യേക നന്ദിയും പ്രിയങ്ക ഗാന്ധി പങ്കുവെച്ചു. വയനാട് മണ്ഡലത്തിന്‍റെ ഭാഗമായുള്ള 7 സീറ്റുകളിലും വിജയിപ്പിച്ചതിലൂടെ യു ഡി എഫിനോടുള്ള വിശ്വാസം ജനങ്ങൾ ഒന്നുകൂടി ഉറപ്പിച്ചു. ഇപ്പോൾ വയനാടിന് വേണ്ടി എട്ട് ജനപ്രതിനിധികൾ ഒരുമിച്ച് പ്രവർത്തിക്കാനുണ്ടെന്നും ജനങ്ങളുടെ പ്രതീക്ഷയ്ക്കൊത്ത് ഉയരാൻ എല്ലാ ശ്രമങ്ങളും നടത്തുമെന്നും പ്രിയങ്ക കൂട്ടിച്ചേർത്തു. പ്രോഗ്രസീവ് കേരളം എന്ന ആശയം ഓരോ വീട്ടിലും എത്തിച്ച സഹപ്രവർത്തകർക്ക് പ്രത്യേക നന്ദിയും അവർ അറിയിച്ചു.
