
സോളാർ സിസ്റ്റത്തിന് തകരാർ, 1.39ലക്ഷം രൂപയും പലിശയും നൽകുവാൻ വിധി

തൃശൂർ : സോളാർ സിസ്റ്റത്തിന് തകരാർ ആരോപിച്ച് ഫയൽ ചെയ്ത ഹർജിയിൽ പരാതിക്കാരന് അനുകൂല വിധി.കൊടകര മനക്കുളങ്ങര സ്വദേശി വെറോനിക്ക വില്ലയിലെ ഡെയ്സൻ.സി. കൊലേടൻ ഫയൽ ചെയ്ത ഹർജിയിലാണ് കൊച്ചി പാലാരിവട്ടത്തുള്ള സൗരാ നാച്വറൽ എനർജി സൊലൂഷൻസ് ഇന്ത്യാ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും മുംബൈയിലുള്ള ചെംട്രോൾസ് സോളാർ പ്രൈവറ്റ് ലിമിറ്റഡിൻ്റെ മാനേജിങ്ങ് ഡയറക്ടർക്കെതിരെയും ഇപ്രകാരം വിധിയായതു്.

ഹർജിക്കാരൻ 1,04,387 രൂപ നൽകിയാണ് ചെംട്രോൾസ് സോളാർ പ്രൈവറ്റ് ലിമിറ്റഡ് നിർമ്മിക്കുന്ന സോളാർ സിസ്റ്റം സൗര നാച്വറൽ എനർജി സൊലൂഷൻ സിൽനിന്നും വാങ്ങുകയുണ്ടായത്. ആറ് മാസം കഴിഞ്ഞപ്പോൾ സിസ്റ്റം പ്രവർത്തനരഹിതമായിട്ടുള്ളതാകുന്നു. പല തവണ റിപ്പയർ ചെയ്തുവെങ്കിലും ഫലമുണ്ടായിട്ടില്ലാത്തതാകുന്നു. തുടർന്ന് ഹർജി ഫയൽ ചെയ്യുകയായിരുന്നു. കോടതി നിയോഗിച്ച വിദഗ്ദ കമ്മീഷണർ പരിശോധന നടത്തി സിസ്റ്റത്തിൻ്റെ തകരാറുകൾ റിപ്പോർട്ട് ചെയ്തിട്ടുള്ളതാകുന്നു.

ഹർജിക്കാരന് സംഭവിച്ച കഷ്ടനഷ്ടങ്ങൾ, ബുദ്ധിമുട്ടുകൾ എന്നിവ പരിഗണിച്ച പ്രസിഡണ്ട് സി.ടി.സാബു, മെമ്പർമാരായ ശ്രീജ.എസ്., ആർ.റാം മോഹൻ എന്നിവരടങ്ങിയ തൃശൂർ ഉപഭോക്തൃ കോടതി സിസ്റ്റത്തിൻ്റെ വിലയായ 1,04,387 രൂപയും നഷ്ടപരിഹാരമായി 25,000 രൂപയും ചിലവിലേക്ക് 10,000 രൂപയും ഈ തുകകൾക്ക് ഹർജി തിയ്യതി മുതൽ 9% പലിശയും നൽകുവാൻ കല്പിച്ച് വിധി പുറപ്പെടുവിക്കുകയായിരുന്നു. ഹർജിക്കാരന് വേണ്ടി അഡ്വ.ഏ.ഡി.ബെന്നി ഹാജരായി

