
പാലയൂര്‍ മഹാതീര്‍ത്ഥാടനം 22-ന്

ചാവക്കാട് : തൃശ്ശൂര്‍ അതിരൂപതയുടെ നേതൃത്വത്തില്‍ ഈ വര്‍ഷത്തെ പാലയൂര്‍ മഹാതീര്‍ഥാടനം 22-ന് നടത്തുമെന്ന് പാലയൂര്‍ സെയിന്റ് തോമസ് മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രം ആര്‍ച്ച് പ്രീസ്റ്റ് ഫാ. ഡേവിസ് കണ്ണമ്പുഴ, അസിസ്റ്റന്റ് വികാരി ഫാ.നിതിന്‍ താഴത്ത് എന്നിവര്‍ അറിയിച്ചു. തീര്‍ഥാടനത്തിന്റെ ആദ്യഘട്ടത്തിലെ മുഖ്യ പദയാത്ര തൃശ്ശൂര്‍ അതിരൂപത ലൂര്‍ദ്ദ് കത്തീഡ്രലില്‍നിന്ന് പുലര്‍ച്ചെ അഞ്ചിന് മാര്‍ ആന്‍ഡ്രൂസ് താഴത്ത് പേപ്പല്‍ പതാക കൈമാറി ഉദ്ഘാടനം ചെയ്യും. അതോടൊപ്പം അതിരൂപതയുടെ വിവിധ കേന്ദ്രങ്ങളില്‍ നിന്നും ഉപ പദയാത്രകള്‍ പാലയൂരിലേക്ക് പുറപ്പെടും. രാവിലെ 11.30-ഓടെ ആദ്യഘട്ട മുഖ്യപദയാത്ര തീര്‍ത്ഥകേന്ദ്രത്തിലെത്തും. തീര്‍ഥകേന്ദ്രത്തില്‍ രാവിലെ 6.30 മുതല്‍ വൈകീട്ട് വരെ തുടര്‍ച്ചയായി കുര്‍ബാന ഉണ്ടാവും. രാവിലെ 6.30-നുള്ള കുര്‍ബാനക്കു ശേഷം നേര്‍ച്ചയൂട്ട് ആശീര്‍വാദവും തുടര്‍ന്ന് നേര്‍ച്ച ഭക്ഷണവിതരണവും ആരംഭിക്കും. മുപ്പതിനായിരം പേര്‍ക്കുള്ള നേര്‍ച്ച ഭക്ഷണം ഒരുക്കുമെന്ന് ഭാരവാഹികള്‍ അറിയിച്ചു. രണ്ടാംഘട്ട പദയാത്ര ഉച്ചതിരിഞ്ഞ് രണ്ടിന് പാവറട്ടി സെയിന്റ് ജോസഫ് തീര്‍ഥകേന്ദ്രത്തില്‍ നടക്കുന്ന ദിവ്യബലിക്ക് ശേഷം മൂന്നോടെ പാവറട്ടിയില്‍നിന്ന് പാലയൂരിലേക്ക് പുറപ്പെടും. അതിരൂപക വികാരി ജനറാള്‍മാരുടെ നേതൃത്വത്തില്‍ അതിരൂപതയിലെ യുവജനങ്ങളും വിശ്വാസികളും സന്യസ്തരും ഈ മുഖ്യപദയാത്രയില്‍ അണിചേരും. വൈകീട്ട് നാലോടെ മുഖ്യ പദയാത്ര പാലയൂര്‍ തീര്‍ഥകേന്ദ്രത്തിലെത്തും. തുടര്‍ന്ന് നടക്കുന്ന പൊതുസമ്മേളനം സിബിസിഐ പ്രസിഡന്റ് കര്‍ദിനാള്‍ പൂല അന്തോണി ഉദ്ഘാടനം ചെയ്യും. തൃശ്ശൂര്‍ അതിരൂപത മെത്രാപ്പോലിത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് അധ്യക്ഷനാവും. തൃശ്ശൂര്‍ അതിരൂപത പാസ്റ്ററല്‍ സെക്രട്ടറി വിശ്വാസ പ്രതിജ്ഞ ചൊല്ലികൊടുക്കും. തുടര്‍ന്ന് നടക്കുന്ന കുര്‍ബാനയോടെ തീര്‍ഥാടനത്തിന് സമാപനമാവും.

തീര്‍ഥാടനത്തിന്റെ ഭാഗമായി പാലയൂര്‍ മാര്‍തോമ മേജര്‍ ആര്‍ക്കി എപ്പിസ്‌കോപ്പല്‍ തീര്‍ഥകേന്ദ്രത്തില്‍ 15 മുതല്‍ 19 വരെ ബൈബിള്‍ കണ്‍വന്‍ഷന്‍ അഭിഷേകാഗ്‌നി നടത്തും. ഫാ. സേവിയര്‍ വട്ടായില്‍, ഫാ. സംസണ്‍ ക്രിസ്റ്റി എന്നിവരുടെ നേതൃത്വത്തിലാണ് കണ്‍വെന്‍ഷന്‍. കണ്‍വെന്‍ഷനായി 15,000 പേര്‍ക്കുള്ള ഇരിപ്പിടങ്ങളും പന്തലും സജ്ജീകരിക്കും. ദിവസവും വൈകീട്ട് അഞ്ചിന് കുരിശിന്റെ വഴി തുടര്‍ന്ന് വിശുദ്ധ കുര്‍ബാന, വചന സന്ദേശം, ദിവ്യകാരുണ്യ ആരാധന എന്നീ ക്രമത്തിലാണ് കണ്‍വന്‍ഷന്‍ ക്രമീകരിച്ചിട്ടുള്ളത്. 15-ന് വൈകീട്ട് 6.30-ന് മെല്‍ബണ്‍ രൂപത ബിഷപ് എമിരറ്റസ് മാര്‍ ബോസ്‌കോ പുത്തൂര്‍ കണ്‍വെന്‍ഷന്‍ ഉദ്ഘാടനം ചെയ്യും. ഉദ്ഘാടന ദിവസം ബൈബിള്‍ പ്രദക്ഷിണം ഉണ്ടാവും. കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നവര്‍ക്ക് തിരിച്ച് പോകാന്‍ വാഹനസൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്. ബൈബിള്‍ കണ്‍വെന്‍ഷന്റെ സമാപന ദിനമായ 19-ന് തൃശ്ശൂര്‍ അതിരൂപത മെത്രാപൊലിത്ത മാര്‍ ആന്‍ഡ്രൂസ് താഴത്ത് സമാപന സന്ദേശം നല്‍കും.

കൈക്കാരന്‍ ഫ്രാന്‍സി ചൊവ്വല്ലൂര്‍, തീര്‍ഥകേന്ദ്രം സെക്രട്ടറി ജോയ് ചിറമ്മല്‍, മറ്റ് ഭാരവാഹികളായ ടി. ജെ.ഷാജു, പി.ഐ. ലാസര്‍, സി.ടി.സെബാസ്റ്റ്യന്‍, പി.ജെ. ജോഫി, ജെഫിന്‍ ജോണി എന്നിവരും വാർത്ത സമ്മേളനത്തില്‍ പങ്കെടുത്തു.

