
ഗുരുവായൂർ ദേവസ്വം നിയമനം, ഹൈക്കോടതി വിധി സുപ്രീം കോടതി സ്റ്റേ ചെയ്തു.

ന്യൂ ദില്ലി : ഗുരുവായൂര്‍ ദേവസ്വത്തിലെ നിയമനത്തിന് കേരള ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡിന് (കെ.ഡി.ആര്‍.ബി) അധികാരമില്ലെന്ന വിധി സുപ്രീം കോടതി സ്റ്റേചെയ്തു. ജസ്റ്റിസുമാരായ സന്ദീപ് മേത്ത, വിക്രം നാഥ് എന്നിവര്‍ അടങ്ങിയ ബെഞ്ചാണ് വിധി സ്റ്റേ ചെയ്തത്.

കേസിലെ എതിര്‍ കക്ഷികള്‍ക്ക് സുപ്രീം കോടതി നോട്ടീസ് അയച്ചു. നിയമനങ്ങളിലെ സുതാര്യത ഉറപ്പുവരുത്താനാണ് ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമം 2015-ല്‍ നിയമസഭ പാസ്സാക്കിയതെന്ന് സുപ്രീം കോടതി നിരീക്ഷിച്ചു. നിയമനം നടത്താന്‍ ഗുരുവായൂര്‍ ദേവസ്വം ഭരണ സമിതിക്ക് അധികാരം നല്‍കുന്ന 1978-ലെ ഗുരുവായൂര്‍ ദേവസ്വം നിയമനത്തിലെ 19-ാം വകുപ്പിനാണ് നിയമസാധുത എന്നായിരുന്നു കേരള ഹൈക്കോടതി ഡിവിഷന്‍ ബെഞ്ചിന്റെ വിധി.
ഇത് മറികടക്കുന്ന ദേവസ്വം റിക്രൂട്ട്മെന്റ് ബോര്‍ഡ് നിയമം 2015-ന്റെ ഒന്‍പതാം വകുപ്പ് ഭരണഘടനാവിരുദ്ധമാണെന്നും ഹൈക്കോടതി ചൂണ്ടിക്കാട്ടിയിരുന്നു നിയമനങ്ങളില്‍ സുതാര്യത ഉറപ്പാക്കാന്‍ ഹൈക്കോടതിയില്‍നിന്ന് വിരമിച്ച ജസ്റ്റിസ് പി.എന്‍. രവീന്ദ്രന്റെ അധ്യക്ഷതയില്‍ അഡ്വ. കെ ആനന്ദ്, ദേവസ്വം അഡ്മിനിസ്ട്രേറ്റര്‍ എന്നിവര്‍ അംഗങ്ങളായ മേല്‍നോട്ട സമിതിയെ ഹൈക്കോടതി നിയോഗിച്ചിരുന്നു. നിയമന പ്രക്രിയയുടെ മേല്‍നോട്ടത്തിനും നിയന്ത്രണത്തിനുമായി രൂപീകരിച്ച പ്രത്യേക സമിതിയുടെ കാലാവധി ഒരു വര്‍ഷത്തേക്കായിരിക്കുമെന്നും ഹൈക്കോടതി വ്യക്തമാക്കിയിരുന്നു. ഹൈക്കോടതി വിധി നില്‌നില്‍ക്കുന്നതല്ലെന്ന് കെ.ഡി.ആര്‍.ബി സുപ്രീം കോടതിയില്‍ വാദിച്ചു.
തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡുമായി ബന്ധപ്പെട്ട കേസില്‍ 2007-ല്‍ ജസ്റ്റിസ് പരിപൂര്‍ണന്‍ അധ്യക്ഷനായ ബെഞ്ച് പുറപ്പടുവിച്ച വിധിയില്‍ നിയമനവും ആയി ബന്ധപ്പെട്ട അഴിമതികളെ സംബന്ധിച്ച് ചൂണ്ടിക്കാട്ടിയതും ഉന്നയിച്ചു. ഇതുകൂടി പരിഗണിച്ചാണ് 2015-ല്‍ നിയമസഭാ കേരള ദേവസ്വം റിക്രൂട്ട്മെന്റ് നിയമം പാസ്സാക്കിയതെന്ന് റിക്രൂട്ട്മെന്റ് ബോര്‍ഡിനുവേണ്ടി ഹാജരായ അഭിഭാഷകര്‍ വാദിച്ചു.
2015-ലെ നിയമം പാസ്സാക്കിയപ്പോള്‍ മുമ്പുണ്ടായിരുന്ന മറ്റ് നിയമങ്ങള്‍ പിന്‍വലിക്കാതിരുന്നതിന്റെ കാരണം സുപ്രീം കോടതി ആരാഞ്ഞു. 2015-ലെ നിയമത്തിലെ വ്യവസ്ഥ പ്രകാരം മുന്‍ നിയമങ്ങള്‍ എല്ലാം അപ്രസക്തമായെന്ന് കെ.ഡി.ആര്‍.ബി അഭിഭാഷകര്‍ അറിയിച്ചു.
