
ബാലികയെ പീഡിപ്പിച്ച മധ്യ വയസ്കന് 14വർഷ തടവ്

ചാവക്കാട് : ആറ് വയസുകാരിക്കെതിരെ ലൈംഗികാതിക്രമം നടത്തിയ 54 കാരന് 14 വര്‍ഷം തടവും 60000 രൂപ പിഴയും. ഏങ്ങണ്ടിയൂര്‍ ചേറ്റുവ കുണ്ടലിയൂര്‍ പുതിയവീട്ടില്‍ റഷീദിനെയാണ് ചാവക്കാട് അതിവേഗ സ്‌പെഷ്യല്‍ കോടതി കുറ്റക്കാരനാണെന്ന് കണ്ടെത്തി ശിക്ഷിച്ചത്. പിഴ അടക്കാത്ത പക്ഷം 7 മാസം കൂടി അധിക തടവ് അനുഭവിക്കണം.

പിഴസംഖ്യ അതിജീവിതക്ക് നല്‍കാനും ഉത്തരവായി. 2023 ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ചാവക്കാട് പോലീസ് സ്റ്റേഷനിലെ സി.പി.എ സംഗീത കുട്ടിയുടെ മൊഴി രേഖപ്പെടുത്തി ഹാജരാക്കിയതിന്റെ അടിസ്ഥാനത്തില്‍ എസ്.ഐ. അനില്‍കുമാര്‍ കേസ് രജിസ്റ്റര്‍ ചെയ്തു. എസ്.ഐ. സെസില്‍ ക്രിസ്ത്യന്‍ രാജ് കേസിന്റ ആദ്യാന്വേഷണം നടത്തി. ഇന്‍സ്‌പെക്ടര്‍ വിപിന്‍ കെ വേണു ഗോപാല്‍ അന്വേഷണം പൂര്‍ത്തിയാക്കി പ്രതിക്കെതിരെ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു.
വിസ്താര വേളയില്‍ അതിജീവിതയും വീട്ടുകാരും കുറുമാറി പ്രതിക്കനുകൂലമായി മൊഴിമാറ്റി പറഞ്ഞതിനെ തുടര്‍ന്ന് പ്രോസിക്യൂട്ടര്‍ കൂടുതല്‍ വിസ്താരം നടത്തിയതില്‍ കാര്യങ്ങള്‍ കുട്ടി വെളിപ്പെടുത്തുകയായിരുന്നു.
