
പ്രസിഡന്റ് തിരഞ്ഞെടുപ്പിൽ വോട്ടിന് കോഴ, വിജിലൻസ് മൊഴിയെടുത്തു.

തൃശൂർ : വടക്കാഞ്ചേരി ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തിരഞ്ഞെടുപ്പിലെ വോട്ടിന് കോഴ ആരോപണത്തിൽ പ്രാഥമിക അന്വേഷണം നടത്താൻ വിജിലൻസിന് സർക്കാർ അനുമതി. ഇതിന്റെ ഭാഗമായി പരാതിക്കാരനായ കെപിസിസി ജനറൽ സെക്രട്ടറി അനിൽ അക്കരയുടെ മൊഴി വിജിലൻസ് രേഖപ്പെടുത്തി.

വോട്ട് മാറ്റി ചെയ്യാൻ തനിക്ക് 50 ലക്ഷം രൂപ ഓഫർ ലഭിച്ചതായി ലീഗ് സ്വതന്ത്രൻ വി.യു. ജാഫർ വെളിപ്പെടുത്തൽ നടത്തുന്ന സംഭാഷണം പുറത്തുവിട്ട കോൺഗ്രസ് വരവൂർ മണ്ഡലം പ്രസിഡന്റ് എ.എ. മുസ്തഫയുടെ മൊഴി ഉടൻ രേഖപ്പെടുത്തും. തുടർന്നാകും കേസിൽ എഫ്ഐആർ റജിസ്റ്റർ ചെയ്യുന്നതിൽ വിജിലൻസ് തീരുമാനമെടുക്കുക.
ഓഫർ ചെയ്ത 50 ലക്ഷം രൂപയിൽ 5 ലക്ഷം സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎയുടെ ദൂതൻ ജാഫറിന് കൈമാറിയെന്നും ബാക്കി പണമായി നൽകാതെ എയ്ഡഡ് സ്കൂളിൽ ജോലിയായി നൽകാനുള്ള നീക്കമാണെന്നും അനിൽ അക്കര മൊഴി നൽകി. മുൻ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ബസന്തലാലിന്റെ നിയന്ത്രണത്തിലുള്ള സ്കൂളിലോ, അല്ലെങ്കിൽ സിപിഎമ്മിന് സ്വാധീനമുള്ള ഏതെങ്കിലും എയ്ഡഡ് സ്കൂളിലോ ജോലി നൽകാനാണ് നീക്കമെന്നും മൊഴിയിൽ പറയുന്നു.

ഗൂഡാലോചന മുഴുവൻ നടന്നത് എരുമപ്പെട്ടി ചിറ്റണ്ടയിലെ സിപിഎം നിയന്ത്രണത്തിലുള്ള സ്കൂൾ കേന്ദ്രീകരിച്ചാണെന്നും ജാഫർ, സേവ്യർ ചിറ്റിലപ്പള്ളി എംഎൽഎ, ബസന്ത്‌ലാൽ എന്നിവരെ പ്രതിയാക്കി കേസെടുക്കണമെന്നും കോൺഗ്രസ് നേരത്തെ തന്നെ ആവശ്യപ്പെട്ടിരുന്നു
