
ഞായറാഴ്ച്ച ഗുരുവായൂരിൽ 250ഓളം വിവാഹങ്ങൾ

ഗുരുവായൂർ : ക്ഷേത്രത്തിൽ ജനുവരി 25 ഞായറാഴ്ച 245 വിവാഹങ്ങൾ ഇതിനകം ശീട്ടാക്കിയിരിക്കുന്ന സാഹചര്യത്തിൽ ദർശനവും വിവാഹ ചടങ്ങുകളും സുഗമമായി നടത്താൻ ഗുരുവായൂർ ദേവസ്വം പ്രത്യേക ക്രമീകരണങ്ങൾ ഒരുക്കും. ഭക്തർക്ക് തടസ്സമില്ലാതെ ക്ഷേത്ര ദർശനത്തിനും വഴിയൊരുക്കും.

സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 4 മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി 5 മണ്ഡപങ്ങൾ സജ്ജമാക്കും. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികമായി നിയോഗിക്കും.വിവാഹമണ്ഡപത്തിന് സമീപം മംഗളവാദ്യസംഘത്തെയും നിയോഗിക്കും. ക്ഷേത്രംകിഴക്കേ നട പൂർണമായും വൺ വേ അക്കും. ഒരു ദിശയിലേക്ക് മാത്രം ഭക്തരെ കടത്തിവിട്ട് തിരക്ക് നിയന്ത്രിക്കും.
വരനും വധുവുമടങ്ങുന്ന വിവാഹസംഘം നേരത്തെയെത്തി മേൽപുത്തൂർ ആഡിറ്റോറിയത്തിന് ക്ഷേത്രം തെക്കേ നടയിലെ പുതിയ നടപ്പന്തലിലെ കൗണ്ടറിലെത്തി ടോക്കൺ വാങ്ങണം. ഇവർക്ക് ആ പന്തലിൽ വിശ്രമിക്കാം.. താലികെട്ട് ചടങ്ങിൻ്റെ ഊഴമെത്തുമ്പോൾ ഇവരെ മേൽപുത്തൂർ ആഡിറ്റോറിയത്തിൽ പ്രവേശിപ്പിക്കും. തുടർന്ന് കിഴക്കേ നട മണ്ഡപത്തിലെത്തി വിവാഹ ചടങ്ങ് നടത്താം. കല്യാണം കഴിഞ്ഞാൽ വിവാഹ സംഘം ക്ഷേത്രം തെക്കേ നട വഴി മടങ്ങി പോകണം. കിഴക്കേ നടവഴി മടങ്ങാൻ അനുവദിക്കില്ല.വധു വരൻമാർക്കൊപ്പം ഫോട്ടോഗ്രാഫർമാർ ഉൾപ്പെടെ 24പേർക്കേ മണ്ഡപത്തിന് സമീപം പ്രവേശനം അനുവദിക്കും. അഭൂതപൂർവ്വമായ തിരക്ക് പ്രതീക്ഷിക്കുന്നതിനാലാണ് ഈ നിയന്ത്രണം.

ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ദർശനത്തിന് കൂടുതൽ സൗകര്യമൊരുക്കാൻ
ക്ഷേത്രത്തിൽ പ്രദക്ഷിണം, അടി പ്രദക്ഷിണം, ശയനപ്രദക്ഷിണം എന്നിവ അനുവദിക്കില്ല.ക്ഷേത്ര, ദർശനത്തിന്നെത്തുന്ന ഭക്തർക്കും വിവാഹ ചടങ്ങിനെത്തുന്നവർക്കും ‘ കരുതലും സഹായവുമൊരുക്കി ദേവസ്വം ജീവനക്കാരുംസെക്യൂരിറ്റി വിഭാഗവും പോലീസും ഉണ്ടാകും
ക്ഷേത്ര ദർശനവും വിവാഹ ചടങ്ങുകളും സുഗമായി നടത്താൻ ഭക്തജനങ്ങളുടെ പിന്തുണയും സഹായവും ദേവസ്വം അഭ്യർത്ഥിച്ചു.
