
ദീപക്കിന്റെ മരണം,ഷിംജിത അറസ്റ്റിൽ

കോഴിക്കോട്: ബസിനുള്ളില്‍ ലൈംഗികാതിക്രമം നടത്തിയെന്ന് വീഡിയോ പ്രചരിപ്പിച്ചതിനെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയെന്ന കേസിലെ പ്രതി ഷിംജിത അറസ്റ്റില്‍. വടകരയിലെ ബന്ധുവീട്ടില്‍ ഒളിവിലായിരുന്ന ഷിംജിതയെ പോലിസിന്റെ പ്രത്യേക സംഘമാണ് അറസ്റ്റ് ചെയ്തത്. ആത്മഹത്യാപ്രേരണാ കുറ്റം ചുമത്തിയ കേസില്‍ പ്രതിയെ വിശദമായി ചോദ്യം ചെയ്യും. പ്രതി ഉപയോഗിച്ച മൊബൈല്‍ഫോണ്‍ കണ്ടെത്തി പരിശോധന നടത്തേണ്ടതായുമുണ്ട്. പ്രതി നല്‍കിയ മുന്‍കൂര്‍ ജാമ്യഹരജി നാളെ കോടതി പരിഗണിക്കാനിരിക്കുകയായിരുന്നു.

യുവതിയുടെ ഫോൺ കസ്റ്റഡിയിലെടുത്ത് പരിശോധിക്കുന്നതിലൂടെ സംഭവത്തിൽ കൂടുതൽ തെളിവുകൾ ലഭിക്കുമെന്നാണ് പൊലീസിന്റെ പ്രതീക്ഷ. ഫോണിലെ വീഡിയോ നശിപ്പിക്കരുതെന്ന് കഴിഞ്ഞ ദിവസം പൊലീസ് നിർദേശം നൽകിയിരുന്നു. ഇവർക്കെതിരെ ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയിരുന്നു. ബസ്സിലുണ്ടായിരുന്ന സഹയാത്രികരിൽനിന്നും ജീവനക്കാരിൽനിന്നും മൊഴിയെടുക്കാനും പൊലീസ് ആലോചിക്കുന്നുണ്ട്.
ബസ്സിൽ ലൈംഗികാതിക്രമം നടത്തിയെന്ന് ഈ സ്ത്രീ പ്രചരിപ്പിച്ചതിന് പിന്നാലെയാണ് ദീപക് ജീവനൊടുക്കിയത്. ഷിംജിത ബസ്സിൽവെച്ച് ചിത്രീകരിച്ച് എഡിറ്റ് ചെയ്തു പ്രചരിപ്പിച്ച വീഡിയോ വൈറലായിരുന്നു. ദുരുദ്ദേശത്തോടെ ദീപക് സ്‌പർശിച്ചെന്ന് ഷിംജിത ആരോപിക്കുന്നു. ഷിംജിത പ്രചരിപ്പിച്ച വീഡിയോ കരണമുണ്ടായ മനോവിഷമത്തിലാണ് ദീപക് ആത്മഹത്യ ചെയ്‌തതെന്ന് ബന്ധുക്കളും സുഹൃത്തുക്കളും പറഞ്ഞു. ഇക്കാര്യം പറഞ്ഞു കൊണ്ട് ദീപകിന്റെ മാതാപിതാക്കൾ സിറ്റി പൊലീസ് മേധാവിക്കും കലക്ടർക്കും പരാതി നൽകിയിരുന്നു. തുടർന്നാണ് കേസ് രജിസ്റ്റർ ചെയ്‌തത്. അസ്വാഭാവിക മരണത്തിന് ഞായറാഴ്‌ച കേസെടുത്തിരുന്നു.

