
വിവാഹവാഗ്ദാനം നൽകി പീഡനം, പ്രതിയെ വെറുതെ വിട്ടു.

ചാവക്കാട്: വിവാഹ വാഗ്‌ദാനം നൽകി പീഡിപ്പിച്ചുവെന്ന കേസിൽ പ്രതിയെ കോടതി വെറുതെ വിട്ടു. പാലക്കാട് അയ്യമ്പഴിപ്പുറം പടിഞ്ഞാറേരയിൽ വീട്ടിൽ നിജിനെയാണ് ചാവക്കാട് ഫാസ്റ്റ് ട്രാക്ക് സ്പെഷ്യൽ ജഡ്‌ജി എസ് ലിഷ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിട്ടത്.

2023 നവംബർ മുതൽ 2024 ജൂലൈ വരെയുള്ള കാലയളവിൽ 33 വയസ്സുള്ള അതിജീവിതയെ വിവാഹ വാഗ്‌ദാനം നൽകി പലതവണ ഗുരുവായൂർ, ചെന്നൈ, പെരിഞ്ഞനം, തൃശൂർ എന്നിവിടങ്ങളിൽ കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചുവെന്നായിരുന്നു പ്രോസിക്യൂഷൻ കേസ്.
പ്രഥമ ദൃഷ്‌ടിയിൽ പ്രോസിക്യൂഷൻ കേസ് നിലനിൽക്കുന്നില്ല എന്ന വാദം ശരിവെച്ച കോടതി പ്രതിയെ കുറ്റക്കാരനല്ലെന്ന് കണ്ട് വെറുതെ വിടുകയായിരുന്നു. പ്രതിക്കുവേണ്ടി അഡ്വക്കേറ്റ് സുധീഷ് കെ മേനോൻ വാടാനപ്പള്ളി, ജൂനിയർ അഭിഭാഷകരായ പി.ബി വരുൺ, ടി.പി ദീപിക, പി.കെ ഹരിശങ്കർ എന്നിവർ ഹാജരായി.

