
മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു.

കൊച്ചി: നടൻ മോഹൻലാലിന്റെ അമ്മ ശാന്തകുമാരിയമ്മ അന്തരിച്ചു. തൊണ്ണൂറ് വയസായിരുന്നു. പക്ഷാഘാതത്തെ തുടർന്ന് ചികിത്സയിലായിരുന്നു. കൊച്ചി എളമക്കരയിലെ വീട്ടിലായിരുന്നു അന്ത്യം.

കഴിഞ്ഞ പത്ത് വർഷമായി പക്ഷാഘാതത്തെ തുടർന്ന് കൊച്ചിയിലെ വീട്ടിൽ ചികിത്സയിലും വിശ്രമത്തിലുമായിരുന്നു. മോഹൻലാൽ വീട്ടിലെത്തിയിട്ടുണ്ട്. കഴിഞ്ഞ വർഷം അമ്മയുടെ 89-ാം പിറന്നാൾ മോഹൻലാൽ ആഘോഷമാക്കിയിരുന്നു. സംഗീതാർച്ചനയും നടത്തിയിരുന്നു.
പരേതനായ വിശ്വനാഥൻ നായർ ആണ് ഭർത്താവ്. ഇടയ്ക്കിടെ അമ്മയ്ക്കൊപ്പമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയയിലൂടെ പങ്കുവയ്ക്കാറുണ്ട്. മോഹന്‍ലാലിന്‍റെ അച്ഛനും സഹോദരന്‍ പ്യാരിലാലും അന്തരിച്ച ശേഷം ശാന്തകുമാരി അമ്മ മോഹന്‍ലാലിനൊപ്പമായിരുന്നു കഴിഞ്ഞിരുന്നത്.

തന്റെ അമ്മയെക്കുറിച്ച് വൈകാരികമായ കുറിപ്പുകളും മോഹൻലാൽ ഇടയ്ക്ക് പങ്കുവയ്ക്കാറുണ്ട്. ജീവിതത്തിലെ ഏത് സന്തോഷ നിമിഷത്തിലും അമ്മയ്ക്ക് അരികിലേക്ക് മോഹൻലാൽ ഓടിയെത്താറുണ്ട്. ഏറ്റവുമൊടുവിൽ ദാദാ സാഹെബ് ഫാൽക്കെ അവാർഡ് ലഭിച്ചപ്പോഴും മോഹൻലാൽ പതിവ് തെറ്റിച്ചിരുന്നില്ല. ബുധനാഴ്ചയാണ് ശാന്തകുമാരി അമ്മയുടെ സംസ്കാരം
