
ഓടുന്ന ട്രെയിനിൽ നിന്ന് കഞ്ചാവ് പൊതികൾ പുറത്തേക്ക്, യുവതി അറസ്റ്റിൽ

കൊച്ചി : ഓടുന്ന ട്രെയിനിൽ നിന്ന് പുറത്തേക്ക് എറിഞ്ഞുകൊടുത്ത കഞ്ചാവ് എടുക്കുന്നതിനിടെ ഒഡീഷ സ്വദേശിനിയെ നെടുമ്പാശ്ശേരി പൊലീസ് അറസ്റ്റ് ചെയ്തു. കണ്ഡമാൽ സ്വദേശിനി ബല്ലാർ സിംഗ് (24) ആണ് പിടിയിലായത്. ഞായറാഴ്ച പുലർച്ചെ നെടുവന്നൂർ റെയിൽവേ ട്രാക്കിന് സമീപമായിരുന്നു സംഭവം നടന്നത്

ആളൊഴിഞ്ഞ സ്ഥലത്തേക്ക് ട്രെയിനിൽ നിന്നും ചില പൊതികൾ വലിച്ചെറിയുന്നത് നാട്ടുകാരാണ് കണ്ടത്. തുടർന്ന് ഇവർ പൊലീസിനെ വിവരമറിയിച്ചു. പൊലീസെത്തി പരിശോധന നടത്തിയപ്പോഴാണ് പൊതികൾ ശേഖരിച്ച് പോവുന്ന യുവതിയെ കണ്ടത്. യുവതിയുടെ ബാഗിൽ നാല് പൊതികളുണ്ടായിരുന്നു. ഏകദേശം എട്ട് കിലോ കഞ്ചാവാണ് ഇതിനുള്ളിൽ നിന്ന് പിടികൂടിയത്.

ആളൊഴിഞ്ഞ സ്ഥലം കണ്ടെത്തിയശേഷം ട്രെയിൻ ഈ ഭാഗത്ത് എത്തുമ്പോൾ കഞ്ചാവ് പൊതി പുറത്തേക്ക് എറിയും. അവിടെ കാത്തുനിൽക്കുന്നവർ ഇത് ശേഖരിച്ച് കടത്തികൊണ്ടുപോകുന്നതാണ് പുതിയ രീതി. പിടിയിലായ യുവതി ഇതിന് മുൻപും ഇതേ രീതിയിൽ കഞ്ചാവ് കടത്തിയിട്ടുണ്ടോയെന്ന് പൊലീസ് പരിശോധിക്കുകയാണ് അതേസമയം, കൊല്ലം നഗരത്തിൽ കഴിഞ്ഞദിവസം 12 കിലോ കഞ്ചാവുമായി രണ്ട് യുവാക്കളെ അറസ്റ്റ് ചെയ്തു. ചാത്തന്നൂർ ഇത്തിക്കര മീനാട് വയലിൽ പുത്തൻവീട്ടിൽ രാഹുൽ (23), തഴുത്തല മൈലക്കാട് നോർത്ത് കമലാസദനത്തിൽ സുഭാഷ് ചന്ദ്രൻ (27) എന്നിവരാണ് അറസ്റ്റിലായത്. കൊല്ലം സിറ്റി ഡാൻസഫ് ടീമും കൊല്ലം ഈസ്റ്റ് പൊലീസും സംയുക്തമായി നടത്തിയ നീക്കത്തിലാണ് ഇവർ പിടിയിലായത്.

രണ്ട് ബാഗുകളിലായി ട്രെയിനിൽ കടത്തിക്കൊണ്ടുവന്ന കഞ്ചാവുമായി രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൊല്ലം റെയിൽവേ സ്റ്റേഷൻ പരിസരത്ത് വച്ചാണ് ഇരുവരും പിടിയിലായത്. ഒഡീഷയിൽ നിന്നു കഞ്ചാവ് കൊല്ലം നഗരത്തിൽ ചില്ലറ വിൽപ്പനക്കാർക്കായി കൊണ്ടുവന്നതാണെന്ന് പ്രതികൾ ചോദ്യം ചെയ്യലിൽ വെളിപ്പെടുത്തി
