
പരാജയ ഭീതിപൂണ്ടവരുടെ തരം താണ ജൽപനമാണ് ഇടതുമുന്നണി നടത്തുന്നത് ; വി എം സുധീരൻ

ഗുരുവായൂർ : പരാജയ ഭീതിപൂണ്ടവരുടെ തരം താണ ജൽപനമാണ് ഗുരുവായൂർ നഗരസഭയിൽ കോലീബി സഖ്യമെന്ന ഇടതുമുന്നണിയുടെ ദുഷ് പ്രചരണമെന്ന് മുൻ കെ.പി.സി.സി. പ്രസിഡണ്ട് വി.എം സുധീരൻ പ്രസ്താവിച്ചു. ഗുരുവായൂർ നഗരസഭ യു ഡി എഫ് പ്രകടനപത്രിക ഗുരുവായൂരിൽ പുറത്തിറക്കി സംസാരിക്കുകയായിരുന്നു സുധീരൻ.

2015 ൽ സീറ്റുകൾ ഏതാണ്ട് തുല്യ നിലയിൽ വന്നപ്പോൾ വർഗ്ഗീയ ശക്തികളുമായി സഹകരിച്ച് ഗുരുവായൂർ നഗരസഭയിൽ അധികാരം വേണ്ടെന്ന് തീരുമാനിച്ചവരാണ് കോൺഗ്രസ്സ് നേതൃത്വം നൽകുന്ന മുന്നണിയെന്നും, കേരളം കഴിഞ്ഞാൽ പിന്നെ എവിടെയും കാണാൻ കഴിയാത്ത കമ്യൂണിസ്റ്റുകാരല്ല വർഗ്ഗീയതയോടും , അതിന് നേതൃത്വം നൽകുന്നവർക്കും എതിരായി എന്നും, എവിടെയും പോരാട്ടവീര്യമുള്ള പ്രസ്ഥാനം ഇന്ത്യൻ നാഷണൽ കോൺഗ്രസ്സും , നേതൃത്വം നൽകുന്ന മുന്നണിയാണെന്നും വി എം.സുധീരൻ പറഞ്ഞു. ഗുരുവായൂർ റിസോർട്ട്സിൽ വിജയാരവം മുഴക്കി ചേർന്ന സദസ്സിൽ മുനിസിപ്പൽ തെരെഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ കെ.പി.ഉദയൻ അദ്ധ്യക്ഷത വഹിച്ചു.

കെ.പി.സി.സി. ജനറൽ സെക്രട്ടറി . ഒ.അബ്ദുൾ റഹ്മാൻ കുട്ടി, ഡി.സി.സി. സെക്രട്ടറി .അഡ്വ.ടി.എസ്.അജിത്ത്, നേതാക്കളായ ആർ.രവികുമാർ , അരവിന്ദൻ പല്ലത്ത്,
എ.ടി. സ്റ്റീഫൻ മാസ്റ്റർ, കെ.പി.എ. റഷീദ്, പി.കെ.രാജേഷ് ബാബു, സി.എസ്.സൂരജ്, ആർ.വി.ജലീൽ , തോമാസ് ചിറമ്മൽ , ബാലൻ വാറണാട്ട്, ഒ.കെ.ആർ മണികണ്ഠൻ ആർ.ബാലകൃഷ്ണ അയ്യർ , പി ഐ ലാസർ മാസ്റ്റർ, എന്നിവർ സംസാരിച്ചു.

ഗുരുവായൂരിന്റെ നല്ല നാളെയ്ക്കുള്ള സമഗ്ര വികസനവും ജനക്ഷേമവും ലക്ഷ്യമാക്കി വികസിത പ്രയാണങ്ങൾ അടങ്ങിയ പൊതു സമൂഹവുമായി ചേർന്ന് തയ്യാറാക്കിയ സവിസ്തര പ്രകടന പത്രികയാണ്ആരവാവേശവുമായി പുറത്തിറക്കിയത്. ചടങ്ങിൽ വച്ച് യു ഡി എഫ്സ്ഥാ നാർത്ഥികളെ വി എം.സുധീരൻ സ്നേഹാർപ്പണവും നടത്തി.
പ്രകടന പത്രിക പ്രധാന പോയിൻ്റുകൾ
പടിഞ്ഞാറെ നടയിലെ ശോച്യാവസ്ഥയിലായ മിനി മാർക്കറ്റ് പൊളിച്ചു നീക്കി അത്യാധുനിക രീതിയിലുള്ള പച്ചക്കറി മത്സ്യ മാംസ വിപണന മാർക്കറ്റ് സ്ഥാപിക്കുമെന്നും, ഹരിത കർമ്മ സേനയുടെ സേവനം പൂർണ്ണമായും നിലനിർത്തി അന്നപൂർണ്ണ, അന്ന യോജന BPL കുടുംബങ്ങളെ ആദ്യഘട്ടമായി യൂസർ ഫീയിൽ നിന്നും ഒഴിവാക്കുമെന്നും പിന്നിട് അർഹരായ മറ്റ് വിഭാഗങ്ങളെയും ഒഴിവാക്കുമെന്നും , ആയുർവേദ ആശുപത്രിക്ക് ആധുനിക സൗകര്യങ്ങളോടു കൂടിയ കെട്ടിടം നിർമ്മിക്കുമെന്നും,
നവോത്ഥാന നായകരായ ശ്രീനാരായണ ഗുരു, മന്നത്ത് പത്മനാഭൻ, കേളപ്പജി തുടങ്ങിയവർക്ക് ചരിത്രസ്മാരകങ്ങൾ നിർമ്മിക്കുമെന്നും , കുറഞ്ഞ നിരക്കിൽ ഭക്ഷണം ലഭ്യമാക്കുന്നതിന് കുടുംബശ്രീ മുഖേന ഇന്ദിരാ കാൻ്റീനുകൾ സ്ഥാപിക്കുമെന്നും, അധികാരത്തിലെത്തി 100 ദിവസത്തിനകം മുഴുവൻ റോഡുകളുടെയും ശോച്യാവസ്ഥ പരിഹരിക്കുമെന്നും, നഗരത്തിലും പ്രാന്തപ്രദേശങ്ങളിലും ഉള്ള വെള്ളക്കെട്ട് തടയുന്നതിന് പ്രത്യേക കർമ്മ പദ്ധതി ആവിഷ്ക്കരിക്കുമെന്നും, തെരുവ് നായ നിയന്ത്രണത്തിനായി മൊബൈൽ ആനിമൽ ബർത്ത് കൺട്രോൾ യൂണിറ്റ് സ്ഥാപിക്കുമെന്നും പ്രകടന പത്രികയിൽ പ്രതിപാദിച്ചിട്ടുണ്ട്.
