
ഗുരുവായൂർ ഏകാദശിക്ക് 79.45 ലക്ഷം രൂപയുടെ എസ്റ്റിമേറ്റ്

ഗുരുവായൂര്‍: വിശ്വപ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശി മഹോത്സവം വിവിധ ചടങ്ങുകളോടെ ആഘോഷിയ്ക്കുവാനുള്ള എല്ലാ ഒരുക്കങ്ങും പൂര്‍ത്തിയായതായി ദേവസ്വം ചെയര്‍മാന്‍ ഡോ: വി.കെ. വിജയന്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. ഏകാദശി, ദ്വാദശി, ത്രയോദശി ക്ഷേത്രത്തിനകത്തെ ചടങ്ങുകളുടെ എസ്റ്റിമേറ്റ് തുക -17,05, 050 രൂപ യും ,മൂന്ന് ദിവസങ്ങളിലെ പ്രസാദ ഊട്ട് – 59.10 ലക്ഷം അടക്കം ആകെ 79, 45,050 രൂപ എസ്റ്റിമേറ്റ് തുക ഭരണസമിതി അംഗീകാരം നല്‍കിയതായും ചെയര്‍മാന്‍ അറിയിച്ചു.

ഗീതാദിനം കൂടിയായ ഏകാദശിയ്ക്ക് ക്ഷേത്രം ആദ്യാത്മിക ഹാളില്‍ രാവിലെ 7 മണിമുതല്‍ സമ്പൂര്‍ണ്ണ ഗീതപാരായണവും നടക്കും. ഏകാദശി ദിനത്തില്‍ ദര്‍ശനത്തിനെത്തി പൊതുവരിയില്‍ നില്‍ക്കുന്ന ഭക്തര്‍ക്കാണ് പ്രഥമ പരിഗണനയെന്നും ചെയര്‍മാന്‍ അറിയിച്ചു. പ്രാദേശികര്‍ക്കും, മുതിര്‍ന്ന പൗരന്മാര്‍ക്കും രാവിലെ 3.30 മുതല്‍ 4.30 വരെ മാത്രമായിരിയ്ക്കും ദര്‍ശന സൗകര്യം. രാവിലെ 5 മണിമുതല്‍ വൈകീട്ട് 5 മണിവരെ സ്‌പെഷ്യല്‍ ദര്‍ശനം അനുവദിയ്ക്കില്ല.

ശ്രീകോവില്‍ നെയ്യ് വിളക്ക് ശീട്ടാക്കിയ ഭക്തര്‍ക്ക് ഉദയാസ്തമന പൂജയുടെ 5 പൂജകള്‍ കഴിയുന്ന മുറയ്ക്ക് 1 മണിക്കൂര്‍ ദര്‍ശനത്തിനിടെ 15 മിനിറ്റ് ദര്‍ശന സൗകര്യം അനുവദിയ്ക്കും. ഏകാദശി നാളില്‍ ചുറ്റമ്പല പ്രദക്ഷിണം, ശയനപ്രദക്ഷിണം, അടിപ്രദക്ഷിണം, ചോറൂണ്‍ കഴിഞ്ഞുള്ള കുട്ടികള്‍ക്കായി പ്രത്യേക ദര്‍ശന സൗകര്യം എന്നിവ ഉണ്ടായിരിയ്ക്കില്ല. നവമി ദിനമായ ശനിയാഴ്ച വിഷ്ണുവും, വിനായകനും പറ്റാനകളായുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെനും, ദശമി ദിനമായ ഞായറാഴ്ച ചെന്താമരാക്ഷനും, വിനായകനും പറ്റാനകളായുള്ള വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ശ്രീധരനും, ഏകാദശി നാളില്‍ ശ്രീധരനും, ചെന്താമരാക്ഷനും പറ്റാനകളായുള്ള കാഴ്ച്ചശീവേലിയ്ക്ക് കൊമ്പന്‍ ഇന്ദ്രസെനും ഭഗവാന്റെ സ്വര്‍ണ്ണക്കോലമേറ്റും.

ഏകാദശി ദിവസം പാര്‍ത്ഥസാരഥി ക്ഷേത്രത്തിലേയ്ക്കുള്ള എഴുന്നെള്ളിപ്പിന്, വിഷ്ണു, വിനായകന്‍, രവീകൃഷ്ണന്‍ എന്നീ കൊമ്പന്മാര്‍ അണിനിരക്കും. ഏകാദശി വിഭവങ്ങളോടുകൂടിയ പ്രസാദഊട്ട് അന്നലക്ഷ്മിഹാളിലും, ശ്രീഗുരുവായൂരപ്പന്‍ ഓഡിറ്റോറിയത്തിലുമായി രാവിലെ 9 മണിമുതല്‍ ഉച്ചയ്ക്ക് 2 മണിവരെ ഭക്തര്‍ക്ക് നല്‍കും. ഏകാദശി, ദ്വാദശി, ത്രയോദശി (തിങ്കള്‍, ചൊവ്വ, ബുധന്‍) എന്നീ ദിവസങ്ങളില്‍ പ്രഭാത ഭക്ഷണവും, രാത്രി പ്രസാദ ഊട്ടും ഉണ്ടായിരിയ്ക്കയില്ല. ഏകാദശിയുടെ സമാപനമായി പതിവ് പൂജകള്‍ക്ക് പുറമെ, ബുധനാഴ്ച്ച ത്രയോദശി വിഭവങ്ങളടങ്ങിയ പ്രസാദ ഊട്ടോടെ ഈവര്‍ഷത്തെ ഏകാദശി മഹോത്സവത്തിന് പരിസമാപ്തിയാകും. വാര്‍ത്താസമ്മേളനത്തില്‍ ഭരണസമിതി അംഗങ്ങളായ ദിനേശന്‍ നമ്പൂതിരിപ്പാട്, മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട്, സി. മനോജ്, ദേവസ്വം അഡ്മിനിസ്‌ട്രേറ്റര്‍ ഒ.ബി. അരുണ്‍കുമാര്‍ പങ്കെടുത്തു
