
വിശ്വനാഥ ക്ഷേത്രത്തിൽ ദേശവിളക്ക് 29 ന്

ചാവക്കാട്: വിശ്വനാഥ ക്ഷേത്രത്തിൽ ഗുരുപാദപുരി ശ്രീ അയ്യപ്പസ്വാമി സേവാ സംഘത്തിന്റെ ആഭിമുഖ്യത്തിൽ നടത്തുന്ന 20-ാമത് തത്വ മസി ഗൾഫ് നടത്തുന്ന ദേശവിളക്ക് മഹോത്സവവും അന്നദാനവും നവംബർ 29ന് നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. ദേശവിളക്കിനോടനുബന്ധിച്ച് നവംബർ 27 വ്യാഴാഴ്ച വൈകിട്ട് 7 മണിക്ക് ഡോ. പ്രശാന്ത് വർമ്മ കോഴിക്കോട് നയിക്കുന്ന മാനസജപലഹരി ഭജന അരങ്ങേറും. ചടങ്ങിൽ ഡോ. അഭിരാജ് പൊന്നാരശ്ശേരിക്കും ക്ഷേത്രം മേൽശാന്തി എം.കെ ശിവാനന്ദൻ ശാന്തിക്കും ആദരവ് നൽകും.


ദേശവിളക്ക് ദിനത്തിൽ രാവിലെ 9 മണിക്ക് വിളക്കുപന്തലിൽ വെച്ച് ആശാ സുരേഷിന്റെ സോപാനസംഗീതാ അർച്ചന ഉണ്ടായിരിക്കും. വൈകിട്ട് ബ്ലാങ്ങാട് കല്ലുങ്ങൽ ഭഗവതി ക്ഷേത്രത്തിൽ നിന്നും പുറപ്പെടുന്ന ഉടുക്ക് പാട്ട്, ചിന്തുപാട്ട്, കാവടികൾ, നാദസ്വരം, പഞ്ചവാദ്യം, ആന, നാടൻ കലാരൂപങ്ങൾ, തുള്ളൽ , തങ്കരഥം തുടങ്ങിയവയുടെ അകമ്പടിയോടെ 500 ഓളം പേരുടെ താലത്തോട് കൂടിയുള്ള പാലക്കൊമ്പ് എഴുന്നള്ളിപ്പ് രാത്രി 10 മണിക്ക് മുൻപായി വിശ്വനാഥ ക്ഷേത്ര അങ്കണത്തിൽ എത്തിച്ചേരും. തുടർന്നുള്ള ദീപാരാധനയ്ക്ക് ശേഷം ഭജനമണ്ഡലി ഗുരുവായൂർ അവതരിപ്പിക്കുന്ന ഭക്തിഗാന മേളയുണ്ടാകും.
തിരി ഉഴിച്ചിൽ,പാൽക്കിണ്ടി എഴുന്നള്ളിപ്പ്, കനലാട്ടം, വെട്ടുതട, മംഗളത്തോടെ ദേശവിളക്ക് സമാപിയ്ക്കുകയും ശബരിമലയിലേക്കുള്ള തീർത്ഥയാത്ര വാഹനങ്ങൾ പുറപ്പെടും. ഉച്ചയ്ക്കും രാത്രിയിലുമായി പതിനായിരത്തോളം പേർക്കുള്ള അന്നദാനമാണ് ക്ഷേത്രത്തിൽ ഒരുക്കിയിട്ടിരിക്കുന്നതെന്ന് ഭാരവാഹികൾ പറഞ്ഞു.

തത്വമസി ഗൾഫ് ഭാരവാഹി എൻ.ബി ബിനീഷ് രാജ്, ഗുരുപാദ പുരി ശ്രീ അയ്യപ്പ സേവാ സംഘം ഭാരവാഹികളായ ഡോ. പി.വി മധുസൂദനൻ, എൻ.വി മധു, എൻ.കെ പുഷ്പദാസ്, എ.എസ് സന്തോഷ്, കെ.കെ ശങ്കരനാരായണൻ, എൻ.എ ബാലകൃഷ്ണൻ, കെ.കെ സഹദേവൻ, കെ.എസ് വിശ്വനാഥൻ, യു.ആർ പ്രദീപ്, എൻ.കെ സിദ്ധാർത്ഥൻ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു
