Header 1 vadesheri (working)

എന്‍ വാസു കുടുങ്ങിയാല്‍ മന്ത്രിമാരും കുടുങ്ങും, അറസ്റ്റ് ചെയ്യണം : വി ഡി സതീശൻ

Above Post Pazhidam (working)

തിരുവനന്തപുരം: ശബരിമല സ്വര്‍ണക്കൊള്ള സംബന്ധിച്ച കേസില്‍ ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനത്തിന് പിന്നാലെ സര്‍ക്കാരിനെതിരെ നിലപാട് കടുപ്പിച്ച് പ്രതിപക്ഷം. തിരുവിതാംകൂര്‍ ദേവസ്വത്തിന്റെ നിലവിലെ ബോര്‍ഡിന് കാലാവധി നീട്ടി നല്‍കാനുള്ള നീക്കത്തില്‍ നിന്ന് സര്‍ക്കാര്‍ പിന്മാറണമെന്ന് കോണ്‍ഗ്രസും ബിജെപിയും ആവശ്യപ്പെട്ടു. ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധമുള്ളവരെ സംരക്ഷിക്കാനുള്ള നീക്കത്തിന്റെ ഭാഗമാണ് കാലവധി നീട്ടലെന്നാണ് പ്രധാന വിമര്‍ശനം.

First Paragraph Rugmini Regency (working)

സ്വര്‍ണക്കൊള്ളയില്‍ തെളിവ് നശിപ്പിക്കുന്നതിന് സമയവും സാഹചര്യവും ലഭിച്ചത് ഗുരുതര വീഴ്ചയാണ്. ദേവസ്വം ബോര്‍ഡ് അംഗങ്ങള്‍, രാഷ്ട്രീയ നേതാക്കള്‍ എന്നിവരെ സംരക്ഷിക്കുന്ന നിലപാടാണ് സര്‍ക്കാരിന്റെതെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് ആരോപിച്ചു. . നഷ്ടപ്പെട്ട സ്വര്‍ണം വീണ്ടെടുക്കുന്നില്ല, ബോര്‍ഡിന്റെ കാലാവധി നീട്ടി നില്‍ക്കുന്നതിന് പകരം ബോര്‍ഡ് പിരിച്ചുവിട്ടു കുറ്റക്കാരെ അറസ്റ്റ് ചെയ്തു തെളിവുകള്‍ ശേഖരിക്കണമെന്നും സണ്ണി ജോസഫ് കൊല്ലത്ത് പ്രതികരിച്ചു.

Second Paragraph  Amabdi Hadicrafts (working)

ശബരിമല സ്വര്‍ണക്കൊള്ളയുമായി ബന്ധപ്പെട്ട് മുന്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റും ദേവസ്വം കമ്മീഷണറുമായിരുന്ന എന്‍ വാസുവിനെതിരെയും പ്രതിപക്ഷം നീക്കം ശക്തമാക്കുകയാണ്. എന്‍ വാസുവിനെ അറസ്റ്റ് ചെയ്യണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആവശ്യപ്പെട്ടു. എന്‍ വാസു കുടുങ്ങിയാല്‍ സിപിഎം നേതാക്കളിലേക്ക് അന്വേഷണം നീങ്ങും. സിപിഎം നേതാക്കളുമായി അടുത്ത ബന്ധമാണ് എന്‍ വാസുവിനുള്ളത്. വിഷയത്തില്‍ ഹൈക്കോടതി നടത്തിയ പ്രതികരണങ്ങള്‍ പ്രതിപക്ഷത്തിന്റെ ആക്ഷേപങ്ങള്‍ ശരിവയ്ക്കുന്നതാണെന്നും വിഡി സതീശന്‍ ആരോപിച്ചു.

ശബരിമല കേന്ദ്രീകരിച്ച് 2018 മുതല്‍ 2025 വരെ നടന്ന തട്ടിപ്പുകള്‍ അന്വേഷണ പരിധിയില്‍ ഉള്‍പ്പെടുത്താന്‍ ഹൈക്കോടതി നിര്‍ദേശിച്ച സാഹചര്യത്തില്‍ നിലവിലെ ദേവസ്വം ബോര്‍ഡിന് ഒരു നിമിഷം പോലും സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ലെന്നും പ്രതിപക്ഷ നേതാവ് തിരുവനന്തപുരത്ത് പ്രതികരിച്ചു.

തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടരുതെന്ന് ആവശ്യവുമായി ബിജെപിയും രംഗത്തെത്തി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കാലാവധി നീട്ടാന്‍ പിണറായി സര്‍ക്കാര്‍ കൊണ്ടുവരുന്ന ഓര്‍ഡിനന്‍സില്‍ ഒപ്പിടരുതെന്ന് ഗവര്‍ണറോട് അഭ്യര്‍ത്ഥിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

ശബരിമല സ്വര്‍ണ്ണക്കൊള്ളയടക്കമുള്ള ലജ്ജാകരമായ അഴിമതികളും വെട്ടിപ്പുകളും പുറത്തുവന്നിട്ടും ബോര്‍ഡിന്റെ കാലാവധി ഒരു വര്‍ഷം കൂടി നീട്ടി ഓര്‍ഡിനന്‍സ് ഇറക്കാന്‍ സര്‍ക്കാര്‍ ഒരുങ്ങുന്നതിന്റെ അര്‍ത്ഥം ശബരിമല ക്ഷേത്രം കൊള്ളയടിച്ചവര്‍ക്ക് പിണറായി സര്‍ക്കാര്‍ ഏത് വിധേനയും സംരക്ഷണം നല്‍കുമെന്ന സന്ദേശം കൂടിയാണെന്നും രാജീവ് ചന്ദ്രശേഖര്‍ പ്രസ്താവനയില്‍ ആരോപിച്ചു.

ദേവസ്വം മന്ത്രിയുടെ രാജി, ബോര്‍ഡിനെതിരായ അന്വേഷണം തുടങ്ങിയ ന്യായമായ ആവശ്യങ്ങളോട് പ്രതികരിക്കാതെയും ബോര്‍ഡ് പുനഃസംഘടിപ്പിക്കാതെയും നിലവിലെ അംഗങ്ങളെ തുടരാനുള്ള അവസരമൊരുക്കുന്ന സര്‍ക്കാര്‍ നീക്കം അപകടകരമാണ്. ഓര്‍ഡിനന്‍സ് പുറപ്പെടുവിക്കാനുള്ള അധികാരം വളരെ അത്യാവശ്യ ഘട്ടങ്ങളില്‍ മാത്രം വിനിയോഗിക്കേണ്ട ഒന്നാണ്. ഭരണഘടനാപരമായ സംവിധാനം ദുരുപയോഗം ചെയ്ത് സംശയത്തിന്റെ നിഴലിലുള്ള ബോര്‍ഡംഗങ്ങള്‍ക്ക് തുടരാന്‍ അവസരമൊരുക്കുകയാണ് സര്‍ക്കാരെന്നും അദ്ദേഹം പറഞ്ഞു.