
ഞാന്‍ ജയിലില്‍ പോയാലും ഇനി കാക്കി ധരിച്ച് അവര്‍ പുറത്തിറങ്ങില്ല : വി.ഡി.സതീശൻ

കുന്നംകുളം : കുന്നംകുളം പോലീസ് സ്റ്റേഷനിൽ വെച്ച് ക്രൂരമർദനത്തിന് ഇരയായ യൂത്ത് കോൺഗ്രസ് ചൊവ്വന്നൂർ മണ്ഡലം പ്രസിഡന്റ് വി.എസ്.സുജിത്തിനെ നേരിട്ടെത്തി ആശ്വസിപ്പിച്ച് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ. മുന്നോട്ടുള്ള പോരാട്ടങ്ങൾക്ക് പാർട്ടിയും താനും ഒപ്പമുണ്ടാകുമെന്ന ഉറപ്പും നൽകി. പ്രതികളായ പോലീസ് ഉദ്യോഗസ്ഥർക്കെതിരെ രൂക്ഷമായ ഭാഷയിലാണ് സതീശൻ പ്രതികരിച്ചത്.

കോൺഗ്രസുകാരനെ മർദ്ദിച്ച നാലു ഉദ്യോഗസ്ഥരും കാക്കി ധരിച്ച് വീടിന് പുറത്തിറങ്ങില്ലെന്നും നടപടിയെടുത്തില്ലെങ്കിൽ കേരളം ഇന്നേവരെ കണ്ടിട്ടില്ലാത്ത സമരം കോൺഗ്രസ് നടത്തുമെന്നും സതീശൻ പറഞ്ഞു. സുജിത്തിന് മർദനമേൽക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്തെത്തിക്കുന്നതിനായി വർഷങ്ങളോളം നിയമ പോരാട്ടം നടത്തിയ കോൺഗ്രസ് കുന്നംകുളം ബ്ലോക്ക് വൈസ് പ്രസിഡന്റ് വർഗീസ് ചൊവ്വന്നൂരിനെ അഭിനന്ദിച്ചാണ് വി.ഡി.സതീശൻ മടങ്ങിയത്.
കഴിഞ്ഞ ദിവസം കെ.പി.സി.സി അദ്ധ്യക്ഷൻ സണ്ണി ജോസഫ് സുജിത്തിനെ കണ്ട് എല്ലാ പോരാട്ടത്തിനും പാർട്ടി ഒപ്പമുണ്ടാകുമെന്ന് അറിയിച്ചിരുന്നു. സെപ്റ്റംബർ 10 ന് കേരളത്തിൽ ഉടനീളമുള്ള പോലീസ് സ്റ്റേഷനുകൾക്ക് മുമ്പിൽ കോൺഗ്രസ് ജനകീയ പ്രതിഷേധ സംഗമം നടത്തുമെന്നും സണ്ണി ജോസഫ് അറിയിച്ചിരുന്നു.

അതേസമയം, പോലീസിനെതിരെ ഗുരുതരമായ ആരോപണങ്ങളുമായി സുജിത്ത് രംഗത്ത് എത്തിയിരുന്നു. കേസ് ഒത്തുതീർപ്പാക്കാൻ പൊലീസ് നേരിട്ടും ഇടനിലക്കാർ വഴിയും പണം വാഗ്ദാനം ചെയ്ത് സ്വാധീനിക്കാൻ ശ്രമിച്ചുവെന്നായിരുന്നു വെളിപ്പെടുത്തൽ. സുജിത്തിന് ക്രൂരമർദ്ദനമേറ്റ സംഭവത്തിൽ മനുഷ്യാവകാശ കമ്മിഷൻ സ്വമേധയാ കേസെടുത്തിട്ടുണ്ട്. മൂന്നാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കാൻ തൃശൂർ ജില്ലാ പൊലീസ് മേധാവിക്ക് നിർദേശം നൽകിയിട്ടുണ്ട്.