
സുരേഷ് ഗോപിയുടെ നിയമ വിരുദ്ധ വോട്ട് ചേർക്കൽ, പരാതി നൽകി

തൃശൂർ: കഴിഞ്ഞ ലോക്സഭാ തിരഞ്ഞെടുപ്പിനു തൊട്ടുമുമ്പായി ഇപ്പോഴത്തെ കേന്ദ്രമന്ത്രി സുരേഷ് ഗോപി തൃശ്ശൂരിലേക്ക് വോട്ട് മാറ്റി ചേർത്തത് നിയമവിരുദ്ധവും ക്രിമിനൽ ഗൂഢാലോചനയുമാണെന്ന് ചൂണ്ടിക്കാണിച്ചു കെ പി സി സി രാഷ്ട്രീയ കാര്യാ സമിതി അംഗം ടി എൻ പ്രതാപൻ പൊലീസിന് പരാതി നൽകി.

തിരുവനന്തപുരത്തു സ്ഥിര താമസക്കാരനായ സുരേഷ് ഗോപി വ്യാജ സത്യപ്രസ്താവന ഉൾപടെ ബോധിപ്പിച്ച് നിയമവിരുദ്ധ മാർഗ്ഗത്തിലൂടെയാണ് തൃശൂർ നിയമസഭാ മണ്ഡ ത്തിലെ 115 ആം നമ്പർ ബൂത്തിൽ വോട്ട് ചേർത്തത്. ജനപ്രാതിനിധ്യ നിയമം അനുസരിച്ച് സ്ഥിര താമസക്കാരനായ വ്യക്തിക്ക് മാത്രമേ ആ ബൂത്തിൽ വോട്ട് ചേർക്കാൻ സാധിക്കുകയുള്ളു.
പതിറ്റാണ്ടുകളായി സുരേഷ് ഗോപിയും കുടുംബവും തിരുവനന്തപുരം നിയമസഭാ മണ്ഡലത്തിലെ ശാസ്തമംഗലം ഡിവിഷനിലെ 22/1788 എന്ന വീട്ടുനമ്പറിൽ സ്ഥിര താമസക്കാരാണ്.
തിരുവനന്തപുരം കോർപറേഷൻ ശാസ്തമംഗലം ഡിവിഷനിൽ അദ്ദേഹത്തിന്റെയും കുടുംബാംഗങ്ങളുടേയും പേരുകൾ അദ്ദേഹം കേന്ദ്രമന്ത്രിയായതിനുശേഷം നടന്ന റിവിഷനിലും അതേ പടി തുടരുന്നു വെന്നത് അദ്ദേഹം നടത്തിയ കൃത്രിമത്തിന് തെളിവാണ്.
സുരേഷ് ഗോപി 2024 ലെ ലോക്സഭ തിരഞ്ഞെടുപ്പിന്നു തൊട്ടു മുൻപായിട്ടാണ് 115 ആം നമ്പർ ബൂത്തിൽ ഏറ്റവും അവസാനമായി വോട്ട് ചേർത്തത്. വോട്ട് ചേർക്കുമ്പോൾ സ്ഥിര താമസക്കാരനണെന്ന രേഖയും സത്യാ പ്രസ്താവനയും രേഖയും നൽകണം. ശാസ്തമംഗലം ഡിവിഷനിൽ സ്ഥിര താമക്കാരനായ സുരേഷ് ഗോപി തൃശൂരിൽ നൽകിയ സത്യ പ്രസ്താവനയും രേഖയും സത്യമല്ലെന്ന് ഇതോടെ തെളിഞ്ഞിരിക്കുകയാണ്. തൃശൂരിൽ സുരേഷ് ഗോപി നടത്തിയത് അസത്യ പ്രസ്താവനയാണ്. ഇതേ മാർഗ്ഗത്തിലൂടെ സുരേഷ് ഗോപിയും സഹോദരനുമുൾപടെ പതിനൊന്ന് പേരുടെ വോട്ടുകളാണ് ഒരേ വിലാസം കാണിച്ച് ഇത്തരത്തിൽ ചേർത്തത്.

അതുകൊണ്ട് തന്നെ ജനപ്രാതിനിധ്യ നിയമം അനുസരിച്ചും ഇന്ത്യൻ ശിക്ഷ നിയമം അനുസരിച്ചും സുരേഷ് ഗോപിയും കുടുംബവും ചെയ്തത് ക്രിമിനൽ കുറ്റമാണ്. ഇക്കാര്യത്തിൽ കേസ് രജിസ്റ്റർ ചെയ്ത് വിശദമായ അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട്
മുൻ എംപി ടി എൻ പ്രതാപൻ തൃശൂർ സിറ്റി പോലീസ് കമ്മീഷണർക്ക് നേരിൽ പരാതി നൽകിയത്.
സുരേഷ് ഗോപി സമാനമായ രീതിയിൽ ഇത്തരത്തിൽ മറ്റൊരു കേസിൽ വിചാരണ നേരിടുന്ന പ്രതി കൂടിയാണ്.വ്യാജ സത്യവാങ്മൂലം നൽകി അനർ ഹനായി വോട്ടർ പട്ടികയിൽ കയറിക്കൂടിയ ഒരാൾക്ക് ജനപ്രതിനിധി ആയി തുടരാൻ അവകാശമില്ല. സുരേഷ് ഗോപിയും കുടുംബവുമുൾപ്പെടെ നിരവധി വ്യാജ വോട്ടർമാരാണ് തൃശൂർ ലോക്സഭാ മണ്ഡലത്തിൽ കയറിക്കൂടിയത്. ഈ വോട്ടർമാരെ അടിയന്തിരമായി നീക്കം ചെയ്യാൻ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ തയ്യാറാകണം. ഇത് സംബന്ധിച്ചു പരാതി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന് നൽകും.
ഡി സി സി പ്രസിഡന്റ് ജോസഫ് ടാജറ്റിനും എ ഐ സി സി അംഗം അനിൽ അക്കരക്കുമൊപ്പം സിറ്റി പോലീസ് കമ്മീഷണർ ഓഫീസിൽ നേരിട്ടെത്തിയാണ് ടി.എൻ പ്രതാപൻ പരാതി നല്കിയത്.