
പോക്സോകേസ്, യുവാവിന് 8 വർഷ തടവും പിഴയും


ചാവക്കാട് : പതിനാല് വയസ്സ് മാത്രം പ്രായമുള്ള പെണ്‍കുട്ടിയെ ലൈംഗിക അതിക്രമം നടത്തിയ കേസില്‍ 27 കാരന് എട്ടു വര്‍ഷം കഠിനതടവും 35000 രൂപ പിഴയും വിധിച്ചു. പിഴ അടക്കാത്ത പക്ഷം ഏഴുമാസം കൂടി അധിക തടവ് അനുഭവിക്കണം. എറണാകുളം ആലുവ ചൂര്‍ണിക്കര പട്ടേരിപ്പുറം കുരിശിങ്കല്‍ ജിതിനെയാണ് (27) ചാവക്കാട് പ്രത്യേക അതിവേഗ കോടതി ജഡ്ജി എസ്. ലിഷ ശിക്ഷിച്ചത് .
2024 മാര്‍ച്ച് ഏഴിനാണ് സംഭവം. സ്‌കൂള്‍ വിട്ടു വരികയായിരുന്ന പെണ്‍കുട്ടിയെ കാറില്‍ വന്നു ലൈംഗിക അതിക്രമം നടത്തുകയും തട്ടിക്കൊണ്ടുപോകാന്‍ ശ്രമിക്കുകയും ചെയ്തു എന്നതായിരുന്നു പ്രോസിക്യൂഷന്‍ കേസ്. രക്ഷപ്പെട്ട പെണ്‍കുട്ടി അടുത്ത വീട്ടില്‍ അഭയം പ്രാപിച്ചു. ചാവക്കാട് പോലീസ് സ്റ്റേഷനില്‍ എത്തിയ കുട്ടിയുടെ മൊഴി വനിത സീനിയര്‍ സി.പി.ഒ ഷൗജത്ത് രേഖപ്പെടുത്തി. എ.എസ്.ഐ. ലത്തീഫ് എഫ്.ഐ.ആര്‍ രജിസ്റ്റര്‍ ചെയ്ത് എസ്.ഐ. സെസില്‍ ക്രിസ്ത്യന്‍ രാജ് തുടരാന്വേഷണം നടത്തി കുറ്റപത്രം സമര്‍പ്പിച്ചു.

പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 20 സാക്ഷികളെ വിസ്തരിക്കുകയും 25 രേഖകള്‍ ഹാജരാക്കുകയും ചെയ്തു. പ്രോസിക്യൂഷന് വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ സിജു മുട്ടത്ത്, അഡ്വക്കേറ്റ് സി. നിഷ എന്നിവര്‍ ഹാജരായി. ലെയ്‌സണ്‍ ഓഫീസര്‍മാരായ സിന്ധു, പ്രസീത എന്നിവര്‍ കോടതി നടപടികള്‍ ഏകോപിപ്പിക്കുന്നതിനായി പ്രോസിക്യൂഷനെ സഹായിച്ചു.