
തെഴിയൂർ സുനിൽ വധം,ഒരു മത തീവ്രവാദി കൂടി അറസ്റ്റിൽ

തൃശൂർ: ആർ. എസ്. എസ് പ്രവർത്തകൻ തൊഴിയൂർ സുനിലിനെ കൊലപ്പെടുത്തിയ കേസിൽ മൂന്നാം പ്രതിയും കൃത്യത്തിൽ നേരിട്ട് പങ്കെടുത്തയാളുമായ വാടാനപ്പള്ളി അഞ്ചങ്ങാടി സ്വദേശിയും ജംഇയ്യത്തുൽ ഇഹ് സാനിയ എന്ന സംഘടനയുടെ പ്രധാന പ്രവർത്തകനുമായ ഷാജുദ്ദീൻ എന്ന ഷാജുവിനെ (55) തൃശൂർ ക്രൈംബ്രാഞ്ച് പിടികൂടി. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ നിന്നാണ് ഇയാളെ പിടികൂടിയത്. വിദേശത്ത് ജോലി ചെയ്തിരുന്ന ഷാജുദ്ദീൻ നാട്ടിലെത്തി മടങ്ങുന്നതിനിടെയാണ് ക്രൈംബ്രാഞ്ച് നോട്ടിസ് പ്രകാരം വിമാനത്താവളത്തിൽ എമിഗ്രേഷൻ അധികൃതർ തടഞ്ഞുവെക്കുകയും പിടികൂടുകയും ചെയ്‌തത്. തെളിവെടുപ്പും തിരിച്ചറിയൽ പരേഡും പൂർത്തിയായി. തൃശൂർ സബ് ജയിലിൽ റിമാൻഡിലാണുള്ളത്.

1994 ഡിസംബർ നാലിന് നടന്ന കൊലപാതക കേസിലെ ഒമ്പത് പേരിൽ ആറ് പേർ ഇതോടെ പിടിയിലായി. ചേകന്നൂർ മൗലവി തിരോധാന കേസിലെ മുഖ്യപ്രതിയും ഈ കേസിലെ ഒന്നാം പ്രതിയുമായ സെയ്‌തലവി അൻവരി, നവാസ് എന്നിവരെയാണ് ഇനി പിടികൂടാനുള്ളത്. ഒരു പ്രതി മരണപ്പെട്ടിരുന്നു.

സുനിൽ വധക്കേസിൽ സി.പി.എം പ്രവർത്തകരും ഒരു കോൺഗ്രസ് പ്രവർത്തകനും ഉൾപ്പെടെ ഒമ്പത് പേരെ പ്രതി ചേർത്താണ് ഗുരുവായൂർ പൊലീസ് നേരത്തേ കേസ് എടുത്തിരുന്നത്. ഇതിൽ നാല് പേരെ വിചാരണ കോടതി ജീവപര്യന്തം തടവിന് ശിക്ഷിക്കുകയും ചെയ്തിരുന്നു. ഇവരുടെ ഹരജിയിൽ ഹൈകോടതി ജീവപര്യന്തം തടവ് റദ്ദാക്കുകയും പുനരന്വേഷണത്തിന് ഉത്തരവിടുകയും ചെയ്തതിനെ തുടർന്ന് ക്രൈംബ്രാഞ്ച് നടത്തിയ അന്വേഷണത്തിലാണ് ‘ജംഇയത്തുൽ ഇഹ്സാനിയ’ എന്ന തീവ്ര വാദ സംഘടനയുടെ ഒമ്പത് പ്രവർത്തകരാണ് കൊലപാതകം നടത്തിയതെന്ന് വ്യക്‌തമായത്.
അഞ്ച് പേരെ നേരത്തേ അറസ്റ്റ് ചെയ്യുകയും ചെയ്തിരുന്നു. തുടർന്ന് ബാക്കി പ്രതികൾക്കായി നടത്തിയ അന്വേഷണത്തിലാണ് ഷാജുദ്ദീനെ പിടികൂടാൻ സാധിച്ചത്. നവാസ് വിദേശത്ത് ജോലി ചെയ്യുകയാണെന്നാണ് സൂചന. സെയ്‌തലവി അൻവരിയെ സംബന്ധിച്ച് കൃത്യമായ വിവരം ലഭ്യമായിട്ടില്ല. ക്രൈംബ്രാഞ്ച് ഡിവൈ.എസ്.പി പി.എം. മനോജ്, ഡിറ്റക്‌ടീവ് എസ്.ഐ. തോംസൺ ആൻ്റണി, എസ്.ഐ. പ്രേമൻ, എ.എസ്.ഐ അജിത് നായർ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സുധീർ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്‌തത്
വാടാനപ്പിള്ളി രാജീവ്, മതിലകം സന്തോഷ്, കൊല്ലങ്കോട് മണി, വളാഞ്ചേരി താമി, കൊളത്തൂർ മോഹനചന്ദ്രൻ എന്നിവരെ കൊലപ്പെടുത്തിയതും ഈ തീവ്ര വാദ സംഘടനയിൽ പെട്ടവർ ആയിരുന്നു