
ഗോവിന്ദ ചാമി ഇനി വിയ്യൂരിലെ അന്തേവാസി.

തൃശൂർ: കണ്ണൂർ സെൻട്രൽ ജയിൽ നിന്ന് തടവ് ചാടിയ ഗോവിന്ദച്ചാമിയെ വിയ്യൂർ സെൻട്രൽ ജയിലിലെത്തിച്ചു. കനത്ത സുരക്ഷയിലാണ് വിയ്യൂരിലേക്ക് കൊണ്ട് വന്നത്. സായുധ സേനയുടെ അകമ്പടിയോടെയായിരുന്നു യാത്ര. രാവിലെ ഏഴരയ്ക്കാണ് ഗോവിന്ദച്ചാമിയും സംഘവും കണ്ണൂരിൽ നിന്ന് തിരിച്ചത്. ഉച്ചയക്ക് 12.30ഓടെ തൃശൂരിലെത്തി. അതീവ സുരക്ഷയുള്ള കണ്ണൂർ ജയിലിൽ നിന്ന് ഇന്നലെ പുലർച്ചെയാണ് ഗോവിന്ദച്ചാമി ജയിൽ ചാടിയത്.

അതീവ സുരക്ഷാ ജയിലിലേക്കാണ് ഗോവിന്ദച്ചാമിയെ മാറ്റിയിരിക്കുന്നത്. കേരളത്തിലെ കൊടുംകുറ്റവാളികളെ പാർപ്പിക്കുന്ന ജയിലാണ് അതീവ സുരക്ഷാജയിൽ. 535 കുറ്റവാളികളെ പാർപ്പിക്കാനുള്ള സൗകര്യം ഇവിടെയുണ്ട്. 300ലധികം കൊടുംകുറ്റവാളികൾ നിലവിൽ വിയ്യൂരിലുണ്ട്. റിപ്പർ ജയാനന്ദനും ചെന്താമരയും വിയ്യൂരിലാണ് തടവിലുള്ളത്. താഴത്തെ നിലയിലെ GF 1ലാണ് ഗോവിന്ദച്ചാമിയെ പാർപ്പിച്ചിരിക്കുന്നത്. കൂടെ ഒരു തടവുകാരനെ പാർപ്പിക്കാനും തീരുമാനമായിട്ടുണ്ട്. ഗോവിന്ദസ്വാമിയെ നിരീക്ഷിക്കുക എന്നതാണ് ലക്ഷ്യം. ജയിൽ ഉദ്യോഗസ്ഥരുടെ റൂമിന് സമീപത്താണ് സെല്ല്. നിലവിൽ പരിശോധനകൾ നടന്നുവരികയാണ്.
പിടികൂടിയ ശേഷം ഇന്നലെ വൈകീട്ടോടെ ജയിലിലേക്ക് തന്നെ എത്തിച്ചിരുന്നു. സുരക്ഷ വീഴ്ച്ച ഉണ്ടായ പശ്ചാത്തലത്തിൽ നാല് ഉദ്യോഗസ്ഥരെ ജയിൽ വകുപ്പ് സസ്പെൻഡ് ചെയ്തിട്ടുണ്ട്. സെൻട്രൽ ജയിലിനകത്തെ ഇലക്ട്രിക് ഫെൻസിങും സിസിടിവികളും പ്രവർത്തന ക്ഷമമല്ല എന്നത് ഉൾപ്പെടെയുള്ള കാര്യങ്ങളിലും പരിശോധനകൾ നടന്നു വരികയാണ്.

ഗോവിന്ദച്ചാമിയുടെ ജയിൽചാട്ടത്തിൽ ജയിലിൽ സംഭവിച്ചത് അടിമുടി ഗുരുതര വീഴ്ചയാണെന്ന് വ്യക്തമായി. വെള്ളിയാഴ്ച രാവിലത്തെ പരിശോധനയിൽ തടവുകാരെല്ലാം അഴിക്കുള്ളിൽ ഉണ്ടെന്നാണ് ഗാർഡ് ഓഫീസർക്ക് ലഭിച്ച റിപ്പോർട്ട്. ആരോ ഒരാൾ ജയിൽ ചാടി എന്നറിഞ്ഞത് മതിലിലെ തുണി കണ്ടശേഷമാത്രമാണെന്നതാണ് ഞെട്ടിക്കുന്ന കാര്യം. വീണ്ടും പരിശോധിച്ചപ്പോഴാണ് ഗോവിന്ദച്ചാമിയാണ് ചാടിയതെന്ന് അറിഞ്ഞത്. ഗാർഡ് ഓഫീസർക്ക് ലഭിച്ച ആദ്യ റിപ്പോർട്ട് കൃത്യമായ പരിശോധനയില്ലാതെയാണെന്നും ഇതിലൂടെ വ്യക്തമായിട്ടുണ്ട്. ഗോവിന്ദച്ചാമിയുടെ ജയിൽ ചാട്ടത്തിൽ മാത്രമല്ല, തടവിലെ താമസത്തിലടക്കം ജയിലധികൃതർക്ക് അടിമുടിവീഴ്ച സംഭവിച്ചു എന്ന് വ്യക്തമാക്കുന്ന കാര്യങ്ങളും പുറത്തുവന്നിട്ടുണ്ട്. ഒരു കൊടും ക്രിമിനലിന് താടിനീട്ടി വളർത്താനടക്കം ആരാണ് അനുമതി നൽകിയതെന്ന ചോദ്യമാണ് ഇവിടെ ഉയരുന്നത്. മാസത്തിൽ ഒരു പ്രാവശ്യം തലമുടി വെട്ടണം, ആഴ്ചയിൽ ഷേവ്ചെയ്യണം എന്നാണ്ചട്ടം. ഈ ചട്ടം നിലനിൽക്കുമ്പോഴും ഗോവിന്ദച്ചാമിയെ പോലൊരു കൊടും കുറ്റവാളി താടി നീട്ടി വളർത്തിയിട്ടും ജയിൽ ഉദ്യോഗസ്ഥർ വിലക്കാത്തത് എന്തുകൊണ്ടാണ് എന്ന ചോദ്യത്തിനും അധികൃതർ ഉത്തരം പറയേണ്ടിവരും.