Post Header (woking) vadesheri

കെ എസ് ഇ ബി യിൽ റെയ്‌ഡ്‌, ലക്ഷങ്ങളുടെ അഴിമതി

Above Post Pazhidam (working)

തിരുവനന്തപുരം: കെഎസ്ഇബി ഓഫീസുകളില്‍ വിജിലന്‍സിന്റെ സംസ്ഥാനതല മിന്നല്‍ പരിശോധനയില്‍ ലക്ഷങ്ങളുടെ അഴിമതിയും വ്യാപകക്രമക്കേടും കണ്ടെത്തി. കരാറുകാരില്‍നിന്നും കമ്മീഷന്‍ ഇനത്തില്‍ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങി പരിശോധന നടത്താതെ ബില്‍ മാറി കൊടുക്കുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണ് ‘ഓപ്പറേഷന്‍ ഷോര്‍ട്ട് സര്‍ക്യൂട്ട്’ എന്ന പേരില്‍ റെയ്ഡ് നടത്തിയതെന്ന് വിജിലന്‍സ് അറിയിച്ചു.

Ambiswami restaurant

വിവിധ സെക്ഷന്‍ ഓഫിസുകളിലെ 41 ഉദ്യോഗസ്ഥര്‍ പല കരാറുകാരില്‍ നിന്നായി 16,50,000 രൂപ അക്കൗണ്ടുകളിലൂടെ മാത്രം കൈക്കൂലിയായി കൈപ്പറ്റിയതായാണ് വിജിലന്‍സ് കണ്ടെത്തല്‍. ഇന്ന് രാവിലെ രാവിലെ 10.30 മുതല്‍ സംസ്ഥാനത്തെ 70 ഇലക്ട്രിക്കല്‍ സെക്ഷന്‍ ഓഫീസുകളിലാണ് ഒരേസമയം പരിശോധന നടന്നത്.

Second Paragraph  Rugmini (working)

ഇ-ടെണ്ടര്‍ ഒഴിവാക്കാനായി വലിയ ജോലികളെ ചെറിയ ഭാഗങ്ങളായി വിഭജിച്ച് ക്വട്ടേഷന്‍ ക്ഷണിക്കുന്നു. ലൈസന്‍സ് ഇല്ലാത്തവര്‍ക്കും ഉദ്യോഗസ്ഥരുടെ ബിനാമികള്‍ക്കും കരാറുകള്‍ നല്‍കുന്നു. എസ്റ്റിമേറ്റ് പ്രകാരമുള്ള അളവില്‍ സാധനങ്ങള്‍ ഉപയോഗിക്കാതെയും മഫിംഗ് പോലുള്ള ജോലികള്‍ ഒഴിവാക്കിയും ക്രമക്കേട് നടത്തുന്നു. സ്‌ക്രാപ്പ് രജിസ്റ്റര്‍, ലോഗ് ബുക്ക്, വര്‍ക്ക് രജിസ്റ്റര്‍ എന്നിവ പലയിടത്തും കൃത്യമായി സൂക്ഷിക്കുന്നില്ല എന്നിങ്ങനെ നിരവധി ക്രമക്കേടുകള്‍ പല ഓഫീസുകളിലായി കണ്ടെത്തി. കഴിഞ്ഞ 5 വര്‍ഷം നടത്തിയ കരാര്‍ പ്രവൃത്തികളാണ് വിജിലന്‍സ് പരിശോധനയ്ക്ക് വിധേയമാക്കിയത്.

തിരുവനന്തപുരം വര്‍ക്കലയില്‍ സബ് എന്‍ജിനീയര്‍ 55,200 രൂപയും മറ്റൊരാള്‍ 38,000 രൂപയും കരാറുകാരനില്‍നിന്ന് ഗൂഗിള്‍പേ വഴി കൈപ്പറ്റി. കോട്ടയത്ത് ഇത്തരത്തില്‍ സബ് എന്‍ജിനീയര്‍ 1,83,000 രൂപയും ഓവര്‍സീയര്‍ 18,550 രൂപയുമാണ് വാങ്ങിയത്. കട്ടപ്പന സെക്ഷന്‍ ഓഫിസില്‍ അസി.എന്‍ജീനീയര്‍ 2,35,700 രൂപയാണ് വാങ്ങിയത്. ഇതേ ഓഫിസിലെ നാല് ഉദ്യോഗസ്ഥര്‍ 1,86,000 രൂപ കരാറുകാര്‍ക്ക് അയച്ചുകൊടുത്തിട്ടുണ്ട്. ബിനാമി കരാറുകാരെ വച്ച് ഉദ്യോഗസ്ഥര്‍ തന്നെ വര്‍ക്ക് ഏറ്റെടുത്തു ചെയ്യുന്നതാണോ എന്നാണ് വിജിലന്‍സ് അന്വേഷിക്കുന്നത്. ഇത്തരത്തില്‍ സംസ്ഥാനത്തെ വിവിധ ഓഫിസുകളില്‍ ലക്ഷങ്ങളുടെ കൈക്കൂലി ഇടപാടുകളാണ് നടന്നിരിക്കുന്നതെന്നാണു വിജിലന്‍സ് കണ്ടെത്തല്‍.

Third paragraph

അഴിമതിക്ക് കൂട്ടുനില്‍ക്കുന്ന ഉദ്യോഗസ്ഥരുടെയും കുടുംബാംഗങ്ങളുടെയും ഇടനിലക്കാരുടെയും ബാങ്ക് അക്കൗണ്ടുകള്‍ വിശദമായി പരിശോധിക്കുമെന്ന് വിജിലന്‍സ് ഡയറക്ടര്‍ അറിയിച്ചു. അഴിമതി സംബന്ധിച്ച വിവരങ്ങള്‍ 1064 എന്ന ടോള്‍ ഫ്രീ നമ്പറിലോ 9447789100 എന്ന വാട്‌സ്ആപ്പ് നമ്പറിലോ അറിയിക്കണമെന്നും വിജിലന്‍സ് ഡയറക്ടര്‍ മനോജ് എബ്രഹാം പറഞ്ഞു