Post Header (woking) vadesheri

നിലമ്പൂരിനെ ഇളക്കി മറിച്ച് കൊട്ടിക്കലാശം,

Above Post Pazhidam (working)

നിലമ്പൂര്‍:  താളമേളങ്ങളുമായി ജനകീയ ഉത്സവം പോലെ അണികളില്‍ ആവേശത്തിരയിളക്കി നിലമ്പൂരിലെ പരസ്യപ്രചാരണത്തിന് കൊട്ടിക്കലാശം. ഉപതിരഞ്ഞെടുപ്പിന്റെ പടിവാതിലില്‍ പരസ്യപ്രചാരണത്തിന്റെ അവസാനദിനം നിറപ്പകിട്ടാക്കിയാണ് വിവിധ മുന്നണികളിലെ പ്രവര്‍ത്തകര്‍ കൊട്ടിക്കലാശം ആഘോഷമാക്കിയത്. ഇരുപത്തിമൂന്ന് ദിവസത്തെ പരസ്യപ്രചാരണത്തിനാണ് ഇന്ന് അന്ത്യമായത്. നാളെ ഒരു ദിവസത്തെ നിശബ്ദപ്രചരണത്തിന് ശേഷം നിലമ്പൂര്‍ പോളിംഗ് ബൂത്തിലേക്ക് നീങ്ങും.

അത്യന്തം വാശിയേറിയ രാഷ്ട്രീയ പോരാട്ടത്തിനാണ് ഇത്തവണ നിലമ്പൂര്‍ സാക്ഷ്യം വഹിക്കുന്നത്. റോഡ് ഷോയോടെയാണ് മൂന്ന് സ്ഥാനാര്‍ത്ഥികളും നഗരത്തിലേക്ക് എത്തിയത്. പി വി അന്‍വര്‍ കലാശക്കൊട്ട് ഒഴിവാക്കി പരസ്യപ്രചാരണത്തിന്റെ അവസാനമണിക്കൂറില്‍ വോട്ടര്‍മാരെ നേരിട്ടു കണ്ടു. വൈകിട്ട് മൂന്ന് മണിയോടെ പ്രവര്‍ത്തകര്‍ താളവും മേളവുമായി പ്രചാരണം കൊഴുപ്പിക്കാനെത്തി. യുഡിഎഫ് സ്ഥാനാര്‍ത്ഥി ആര്യാടന്‍ ഷൗക്കത്തിന് പിന്തുണയുമായി ഡിസിസി പ്രസിഡന്റ് വി എസ് ജോയി, ഷാഫി പറമ്പില്‍ എം. പി, യുഡിഎഫ് എംഎല്‍എമാര്‍ എന്നിവര്‍ അണിചേര്‍ന്നു.

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം. സ്വരാജിനൊപ്പം മന്ത്രി മുഹമ്മദ് റിയാസ്, ഉള്‍പ്പടെ നേതാക്കള്‍ ആവേശവുമായെത്തി. പികെ കൃഷ്ണദാസ്, ബി.ഗോപാലകൃഷ്ണന്‍ ഉള്‍പ്പടെയുള്ള നേതാക്കള്‍ ബിജെപി സ്ഥാനാര്‍ത്ഥി മോഹന്‍ ജോര്‍ജിന്റെ കലാശക്കൊട്ടിനെത്തി. വ്യാഴാഴ്ചയാണ് വോട്ടെടുപ്പ്. പരസ്യപ്രചാരണം പൂര്‍ത്തിയാകുമ്പോള്‍ തികഞ്ഞ വിജയപ്രതീക്ഷയിലാണ് സ്ഥാനാര്‍ത്ഥികള്‍ എല്ലാം. നിലമ്പൂര്‍ മറ്റന്നാള്‍ പോളിംഗ് ബൂത്തിലേക്ക് എത്തും. വൈകിട്ട് അഞ്ചിനാണ് കലാശക്കൊട്ട് നടത്തുമെന്ന് പ്രഖ്യാപിച്ചിരുന്നതെങ്കിലും പ്രധാന കേന്ദ്രങ്ങളില്‍ വൈകിട്ട് മൂന്നോടെ തന്നെ പ്രവര്‍ത്തകര്‍ താളമേളങ്ങളുമായി അരങ്ങുകൊഴുപ്പിക്കാനെത്തി. മഴമാറി നിന്ന അന്തരീക്ഷത്തില്‍ വിവിധ കക്ഷികളുടെ പതാകകള്‍ നിറഞ്ഞ വര്‍ണപ്പെരുമഴയായിരുന്നു നിലമ്പൂരിലെ നിരത്തുകളില്‍.

യുഡിഎഫ് സ്ഥാനാര്‍ഥി ആര്യാടന്‍ ഷൗക്കത്ത് ഉച്ചയ്ക്ക് ഒരു മണിക്ക് വഴിക്കടവുനിന്നു നിലമ്പൂരിലേക്ക് റോഡ് ഷോ ആയാണ് എത്തിയത്. വൈകിട്ട് നാലു മണിയോടെ നിലമ്പൂര്‍ നഗരത്തില്‍ പ്രവേശിച്ച ഷൗക്കത്തിന് ആവേശം നിറഞ്ഞ വരവേല്‍പ്പാണു യുഡിഎഫ് പ്രവര്‍ത്തകര്‍ നല്‍കിയത്. നിലമ്പൂരില്‍ സിഎന്‍ജി റോഡില്‍ ഗവണ്‍മെന്റ് സ്‌കൂള്‍ മുതല്‍ അര്‍ബന്‍ ബാങ്ക് വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്. വിവിധ ഘടകകക്ഷികളുടെ പതാകകള്‍ ഉയര്‍ത്തിയും ത്രിവര്‍ണ ബലൂണുകളും മറ്റും പറത്തിയും നഗരത്തിലെ കലാശക്കൊട്ട് യുഡിഎഫ് പ്രവര്‍ത്തകര്‍ നിറപ്പകിട്ടുളളതാക്കി. എടക്കരയില്‍ എടക്കര പുതിയ ബസ് സ്റ്റാന്‍ഡിന്റെ മുന്നില്‍ നിന്ന് ഇന്ദിരാ ഗാന്ധി ബസ് സ്റ്റാന്‍ഡിന്റെ പകുതി വരെയായിരുന്നു യുഡിഎഫിന്റെ കലാശക്കൊട്ട്.

First Paragraph Jitesh panikar (working)

എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി എം.സ്വരാജിന്റെ തിരഞ്ഞെടുപ്പ് പ്രചരണത്തിന്റെ ഭാഗമായുള്ള കലാശക്കൊട്ട് റോഡ് ഷോ രാവിലെ മരുതയില്‍ നിന്നാണ് ആരംഭിച്ചത്. വഴിക്കടവ്, എടക്കര, ചുങ്കത്തറ, മുട്ടിക്കടവ്, പാലേങ്കര, കരുളായി, മയിലുംപാറ, ചുള്ളിയോട്, പൂക്കോട്ടുംപാടം, അഞ്ചാം മൈല്‍, ഉപ്പുവള്ളി, ചേലോട്, കരുളായി, ചന്തക്കുന്ന് എന്നിവിടങ്ങളിലൂടെ കടന്നാണ് റോഡ് ഷോ കലാശക്കൊട്ടിനായി നിലമ്പൂര്‍ നഗരത്തിലെത്തിയത്. . മഹാറാണി ജംക്ഷന്‍ മുതല്‍ നിലമ്പൂര്‍ സ്റ്റേഷന്‍പ്പടി വരെയായിരുന്നു എല്‍ഡിഎഫ് പ്രവര്‍ത്തകരുടെ കലാശക്കൊട്ട്.

ഹോസ്പിറ്റല്‍ റോഡ് ജംക്ഷന്‍ മുതലായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകരുടെ കലാശക്കൊട്ട്. ഡിജെ ലൈറ്റുകളും സൂപ്പര്‍ഹിറ്റ് ബീറ്റുകളുമായി നൃത്തം ചവിട്ടിയായിരുന്നു എന്‍ഡിഎ പ്രവര്‍ത്തകര്‍ കലാശക്കൊട്ടില്‍ കളംനിറഞ്ഞത്. . നിലമ്പൂര്‍ ചന്തക്കുന്ന് ബസ് സ്റ്റാന്‍ഡ് പരിസരത്ത് കലാശക്കൊട്ടിനായി സ്വതന്ത്ര സ്ഥാനാര്‍ഥി പി.വി.അന്‍വറിന് സ്ഥലം നിശ്ചയിച്ചുനല്‍കിയെങ്കിലും രാവിലെ സമൂഹമാധ്യമത്തില്‍ പുറത്തുവിട്ട കുറിപ്പില്‍ കലാശക്കൊട്ടില്‍ നിന്ന് വിട്ടുനില്‍കുമെന്ന് അന്‍വര്‍ അറിയിച്ചിരുന്നു.