
അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.

കോഴിക്കോട് : വേറിട്ട മേഖലകളിലെ മികവാർന്ന പ്രവർത്തനങ്ങളെ മാനിച്ച് അഡ്വ.ഏ.ഡി.ബെന്നിക്ക് വിശ്വജ്യോതി പുരസ്കാരം സമർപ്പിച്ചു.ആർ.ടി.ഐ കൗൺസിൽ കോഴിക്കോട് ടൗൺ ഹാളിൽ സംഘടിപ്പിച്ച ഉപഭോക്തൃസംഗമത്തിൽ വെച്ചാണ് രജിസ്ട്രേഷൻ വകുപ്പ് മന്ത്രി രാമചന്ദ്രൻ കടന്നപ്പള്ളി, ബെന്നിവക്കീലിന് പുരസ്കാരം സമർപ്പിച്ചത്.

ഉപഭോക്തൃ കേസുകൾ നടത്തി റെക്കോർഡിട്ടിട്ടുള്ള ബെന്നിവക്കീൽ ഉപഭോക്തൃവിദ്യാഭ്യാസരംഗത്തു് സജീവമായി ഇടപെട്ടുവരുന്നു.സാംസ്കാരികരംഗത്തും ജീവകാരുണ്യരംഗത്തും സജീവമാണ്. കിഡ്‌ണി ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ സ്ഥാപകസെക്രട്ടറിയും ഇപ്പോഴത്തെ ഡയറക്ടറുമാണ്.

ആയിരത്തിലധികം സ്പോർട്സ് ലേഖനങ്ങളും വ്യത്യസ്ത വിഷയങ്ങളെ ആസ്പദമാക്കി ആയിരത്തിൽപരം വീഡിയോകളും ബെന്നിവക്കീലിൻ്റേതായി പ്രസിദ്ധീകൃതമായിട്ടുണ്ട്. വൃക്ക മാറ്റിവെച്ച് പതിനെട്ട് വർഷം പൂർത്തിയാക്കിയ ബെന്നി വക്കീലിൻ്റെ പത്മവ്യൂഹം ഭേദിച്ച് എന്ന ജീവചരിത്ര ഗ്രന്ഥം പ്രശസ്തമാകുന്നു.
കോഴിക്കോട് നോർത്ത് എം.എൽ.എ.തോട്ടത്തിൽ രവീന്ദ്രൻ ചടങ്ങിൽ അദ്ധ്യക്ഷത വഹിച്ചു. കൊച്ചിൻ കോർപ്പറേഷൻ മുൻ ഡെപ്യൂട്ടി മേയർ സാബു ജോർജ്, ഫാദർ.ജേക്കബ്ബ് ഡാനിയേൽ, ജാസ്മിൻ.കെ.കെ, പ്രിൻസ് തെക്കൻ, ജോസഫ് വർഗ്ഗീസ് എന്നിവർ പ്രസംഗിച്ചു.