
ഗുരുവായൂരിൽ ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നു

ഗുരുവായൂർ : ക്ഷേത്രത്തിൽ ഏപ്രിൽ 30 ബുധനാഴ്ച വിവാഹ ബുക്കിങ്ങ് 140 കടന്നതോടെ ദർശനത്തിനും താലികെട്ട് ചടങ്ങിനും ദേവസ്വം പ്രത്യേക ക്രമീകരണമൊരുക്കും.വൈശാഖ മാസ തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ ഭക്തർക്ക് സുഗമമായ ക്ഷേത്രദർശനവും സമയബന്ധിതമായി വിവാഹ ചടങ്ങുകളും നടത്താനാണ് ദേവസ്വം ക്രമീകരണങ്ങൾ സജ്ജമാക്കുന്നത്.

സമയബന്ധിതമായി പൂർത്തിയാക്കാൻ പുലർച്ചെ 5മണി മുതൽ കല്യാണങ്ങൾ നടത്തും. താലികെട്ടിനായി കൂടുതൽ മണ്ഡപങ്ങൾ സജ്ജമാക്കും.. താലികെട്ട് ചടങ്ങ് നിർവ്വഹിക്കാൻ ക്ഷേത്രംകോയ്മമാരെ മണ്ഡപത്തിലേക്ക് അധികം നിയോഗിക്കും.വരനും വധുവുമടങ്ങുന്ന വിവാഹസംഘങ്ങൾക്ക് നേരത്തെയെത്തി ക്ഷേത്രം തെക്കേ നടയിലെ പട്ടര്കുളത്തിനോട് ചേർന്നുള്ള റിസപ്ഷൻ കൗണ്ടറിലെത്തി ടോക്കൺ വാങ്ങി പ്രത്യേക പന്തലിൽ വിശ്രമിക്കാം താലികെട്ട് ചടങ്ങിൻ്റെ ഊഴമാകുമ്പോൾ ടോക്കൺ നമ്പർ പ്രകാരം ഇവരെ ക്ഷേത്രം സെക്യൂരിറ്റി വിഭാഗം മേൽപുത്തൂർ ആഡിറ്റോറിയത്തിലേക്കും അവിടെ നിന്നും കല്യാണ മണ്ഡപത്തിലേക്കും പ്രവേശിപ്പിക്കും. വരനും വധുവും കുടുംബാംഗങ്ങളും നാല് ഫോട്ടോഗ്രാഫർമാരും ഉൾപ്പെടെ 24 പേർക്കേ പ്രവേശനം ഉണ്ടാകു.
ക്ഷേത്രത്തിൽ ക്രമാതീതമായ ഭക്തജന തിരക്ക് പ്രതീക്ഷിക്കുന്നതിനാൽ പുലർച്ചെ നിർമ്മാല്യം മുതൽ ഭക്തരെ കൊടിമരത്തിന് സമീപം വഴി നേരെ നാലമ്പലത്തിലേക്ക് പ്രവേശിപ്പിക്കും.അനിയന്ത്രിതമായ തിരക്ക് ഉണ്ടാകുന്ന പക്ഷം ഭക്തജനങ്ങൾക്ക് സുഗമമായ ദർശനം ഉറപ്പാക്കുന്നതിനു ദേവസ്വം ഏർപ്പെടുത്തുന്ന ദർശന നിയന്ത്രണങ്ങളോട് ഭക്തജനങ്ങൾ പൂർണ്ണമായി സഹകരിക്കണമെന്ന്
ദേവസ്വം ചെയർമാൻ ഡോ.വി.കെ.വിജയനും അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയനും അഭ്യർത്ഥിച്ചു
