
പള്ളികളിൽ നിന്നും മാത്രം കവർച്ച, പ്രതി പിടിയിൽ.

ചാവക്കാട്: അഞ്ചങ്ങാടി ഉപ്പാപ്പ പള്ളിയില്‍ കവര്‍ച്ച നടത്തിയയാളെ ചാവക്കാട് പോലീസ് ഏര്‍വാടിയില്‍ നിന്ന് പിടികൂടി. വയനാട് നെന്മേനി മലവയല്‍ ദേശത്ത് മൂര്ക്കന് വീട്ടില്‍ ഷംശാദി (39) നെയാണ് എസിപി ടി.എസ്. സിനോജിന്റെ നേതൃത്വത്തില്‍ അറസ്റ്റ് ചെയ്തത്. ഈ മാസം എട്ടിന് പുലര്‍ച്ചെയാണ് ഉപ്പാപ്പ പള്ളിയില്‍ നിന്ന് 80,000 രൂപയോളം കവര്‍ന്നത്.

മുസ്ലിം പള്ളികള്‍ കേന്ദ്രീകരിച്ച് കവര്‍ച്ച നടത്തുന്നവരെ കുറിച്ചുള്ള അന്വേഷണമാമ് ഷംശാദിലേക്ക് എത്തിയത്. 2024 മാര്‍ച്ചില്‍ തമിഴ്നാട് ഡിണ്ടിഗലിലെ വേടസന്തൂര്‍ എന്ന സ്ഥലത്തെ പള്ളിയില്‍ മോഷണം നടത്തുന്നതിനിടെ ഇയാള്‍ പിടിയിലായിരുന്നു. മധുര ജയിലില്‍ നിന്ന് ഇയാള്‍ ഈയിടെയാണ് പുറത്തിറങ്ങിയത്. പത്തുവര്‍ഷത്തോളം ഖത്തറിലും കുവൈറ്റിലുമായി ഇയാള്‍ ജോലി ചെയ്തിരുന്നു. വീട്ടിലെ പ്രശ്നങ്ങള്‍ കാരണം നാട്ടില്‍ നില്‍ക്കുകയായിരുന്നു. മാതാവിന്റെ രണ്ടാം വിവാഹത്തോടെ വീട്ടുകാരില്‍ നിന്ന് അകലേണ്ടി വന്നു. പള്ളി കമ്മിറ്റിക്കാരാണ് ഇതിന് കാരണമെന്നാണ് പ്രതി വിശ്വസിച്ചിരുന്നത്.
ഇതോടെ പള്ളികളോട് വൈരാഗ്യമുണ്ടാകുകയും കവര്‍ച്ച തുടങ്ങുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു. അമ്പതിലേറെ മുസ്ലിം പള്ളികളില്‍ ഇയാള്‍ മോഷണം നടത്തിയിട്ടുണ്ട്. കേരളത്തിലും തമിഴ്നാട്ടിലുമായി വിവിധ പോലീസ് സ്റ്റേഷനുകളില്‍ ഇയാളുടെ പേരില്‍ കവര്‍ച്ച കേസുകളുണ്ട്. പള്ളികളില്‍ നിന്ന് മോഷ്ടിക്കുന്ന പണവുമായി ഏര്‍വാടി പോലെയുള്ള സ്ഥലങ്ങളില്‍ ചുറ്റിക്കറങ്ങുകയാണ് പതിവ്. പണം തീരുന്നതോടെ വീണ്ടും മോഷണത്തിനിറങ്ങുന്നതാണ് രീതിയെന്നും പോലീസ് പറഞ്ഞു. മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാത്തതിനാല്‍ ഇയാളെ കണ്ടെത്തുന്നതിനും പ്രയാസമായിരുന്നു.

ഉപ്പാപ്പ പള്ളിയിലെ മോഷണത്തിന് ശേഷം എസിപിയുടെ നിര്‍ദേശത്തില്‍ ഇന്‍സ്പെക്ടര്‍ വി.വി. വിമലിന്റെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപവത്കരിച്ചിരുന്നു. പ്രദേശത്തെ നിരീക്ഷണ ക്യാമറകളില്‍ നിന്നാണ് പ്രതിയെ കുറിച്ചുള്ള വിവരങ്ങള്‍ ലഭിച്ചത്. എസ്ഐമാരായ ശരത് സോമന്, പി.എസ്. അനില്‍കുമാര്‍, എഎസ്ഐ അന്‍വര്‍ സാദത്ത്, സിപിഒമാരായ ഇ.കെ. ഹംദ്, അനീഷ്, രെജിത്ത് എന്നിവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.