
പൈതൃകം പുരസ്കാരം കക്കാട് രാജപ്പൻ മാരാർക്ക്.

ലോക പൈതൃക ദിനത്തോടനുബന്ധിച്ച് പൈതൃകം ഗുരുവായൂർ എല്ലാ വർഷവും നൽകി വരുന്ന പൈതൃക പുരസ്കാരം മേള – തായമ്പക പ്രമാണിയും കക്കാട് വാദ്യകലാക്ഷേത്രം പ്രിൻസിപ്പളുമായ കക്കാട് രാജപ്പൻ മാരാർക്ക് നൽകുമെന്ന് ഭാരവാഹികൾ വാർത്ത സമ്മേളനത്തിൽ പറഞ്ഞു .പതിനായിരത്തി ഒന്നു രൂപയും പൊന്നാടയും ഉപഹാരവുമടങ്ങുന്നതാണ് പുരസ്ക്കാരം

ഏപ്രിൽ 18 ന് ഉച്ചതിരിഞ്ഞ് 3. 30ന്
നഗരസഭ ഇഎംഎസ് സ്ക്വയറിൽ നടക്കുന്ന ചടങ്ങിൽ ക്ഷേത്രം ഊരാളൻ മല്ലിശ്ശേരി പരമേശ്വരൻ നമ്പൂതിരിപ്പാട് നിലവിളക്ക് തെളിയിച്ച് . കേരള സംഗീത നാടക അക്കാദമി ചെയർമാൻ മട്ടന്നൂർ ശങ്കരൻകുട്ടി ഉദ്ഘാടനം ചെയ്യും. പൈതൃക ദിനത്തോടനുബന്ധിച്ച് നൽകുന്ന പ്രത്യേക പുരസ്കാരം പ്രമുഖ ഓട്ടൻ തുള്ളൽ ഗുരുനാഥ തുള്ളൽ തിലകം കേരളശ്ശേരി പ്രഭാവതിക്ക് നൽകും. കേരള ആരോഗ്യ സർവകലാശാല നടത്തിയ എംഡി കമ്മ്യൂണിറ്റി മെഡിസിൻ പരീക്ഷയിൽ ഒന്നാം റാങ്ക് കരസ്ഥമാക്കിയ ഡോ.പി. എസ്. ഗായത്രിയെ അനുമോദിക്കും.

ചടങ്ങിൽ വൃക്ഷത്തൈ വിതരണവും ഉണ്ടാകും. ജി.എസ്. അജിത്ത് നിർമ്മാണം നിർവഹിക്കുന്ന ധാർമ്മിക് റീൽസ് എന്ന യൂട്യൂബ് ചാനലിന്റെ പ്രകാശന കർമ്മവും കലാമണ്ഡലം ഷാമിലയുടെ മോഹിനിയാട്ടം,പൈതൃകം സാരഥികളുടെ പഞ്ചാരിമേളം, പൈതൃകം കലാക്ഷേത്ര ഭജന സമിതി അവതരിപ്പിക്കുന്ന ഭജന എന്നിവ ഉണ്ടാകും. ഭാരവാഹികളായ അഡ്വ.രവി ചങ്കത്ത്,
മധു കെ നായർ, കെ. കെ. വേലായുധൻ, എ.കെ. ദിവാകരൻ, നാരായണൻ നമ്പൂതിരി, രവീന്ദ്രൻ വട്ടരങ്ങത്ത്, ബിജു ഉപ്പുങ്ങൽ, കുമാരി തമ്പാട്ടി, ഭവാനി പട്ടിക്കൽ എന്നിവർ വാർത്താ സമ്മേളനത്തിൽ പങ്കെടുത്തു.