
ഗുരുവായൂര്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു

ഗുരുവായൂർ : ഗുരുവായൂര്‍ ക്ഷേത്രത്തിലെ ഉപദേവതയായ ഇടത്തരികത്തുകാവില്‍ ഭഗവതിയ്ക്ക് ദേവസ്വം വക താലപ്പൊലി ആഘോഷിച്ചു. കണ്ണന്റെ ശ്രീലകം രാവിലെ 11-ന് അടച്ചു. തുടര്‍ന്ന് വാല്‍കണ്ണാടിയും തിരുവുടയാടയുമായി ഭഗവതി പുറത്തേക്കെഴുന്നെള്ളി. കൊമ്പൻ നന്ദൻ ഭഗവതിയുടെ തിടമ്പേറ്റി. വലിയ വിഷ്ണു, ഗോകുൽ എന്നീ കൊമ്പന്മാർ പറ്റാനകളായി. ചോറ്റാനിക്കര നന്ദപ്പൻ മാരാരുടെ നേതൃത്വത്തിൽ പഞ്ചവാദ്യം അകമ്പടിയായി. എഴുന്നള്ളിപ്പ് സത്രം ഗേറ്റ് വരെയെത്തി തിരിച്ചെഴുന്നള്ളി.

പെരുവനം കുട്ടന്‍ മാരാർ നയിച്ച പഞ്ചാരിമേളത്തിന്റെ അകമ്പടിയോടെയുള്ള തിരിച്ചെഴുന്നെള്ളിപ്പ് ഗോപുരത്തിന് സമീപത്ത് എത്തിയതോടെ നടക്കല്‍ പറയാരംഭിച്ചു. ചെമ്പട്ടണിഞ്ഞ് ഭഗവതിയുടെ വാളും ചിലമ്പുമായി കോമരം സുരേന്ദ്രന്‍ നായര്‍ ഉറഞ്ഞ് തുള്ളി പറ സ്വീകരിച്ചു. തുടര്‍ന്ന് നാഗസ്വരത്തോടെ കുളപ്രദക്ഷിണം നടത്തി. മേല്‍പത്തൂര്‍ ഓഡിറ്റോറിയത്തില്‍ രാവിലെ മുതൽ വിവിധ കലാപരിപാടികൾ അരങ്ങേറി. ക്ഷേത്രത്തിൽ രാത്രി പുറത്തേക്ക് എഴുന്നള്ളിപ്പും ഉണ്ടായിരുന്നു. ധനു ഒന്നിന് ഭഗവതി കെട്ടില്‍ ആരംഭിച്ച കളംപാട്ട് മഹോത്സവത്തിന് താലപ്പൊലിയോടെ സമാപനമായി.