കുചേല ദിനത്തിൽ വൻ ഭക്തജനതിരക്ക്
ഗുരുവായൂര്‍: ക്ഷേത്രത്തില്‍ കുചേലദിനം സമുചിതമായ് ആഘോഷിച്ചു. കുചേലദിനത്തില്‍ ശ്രീഗുരുവായൂരപ്പ ദര്‍ശനം തേടി പതിനായിരങ്ങളാണ് ഗുരുവായൂരിലേയ്ക്ക് ഒഴുകിയെത്തിയത്. രാവിലെ നിര്‍മ്മാല്ല്യ ദര്‍ശനത്തിന് തുടങ്ങിയ ഭക്തരുടെ നീണ്ട നിര ഉച്ചയ്ക്ക് രണ്ടുമണിവരെ നീണ്ടുനിന്നു. കുചേലന്‍ എന്നറിയപ്പെടുന്ന സുദാമാവ് സതീര്‍ത്ഥ്യനായ ഭഗവാന്‍ ശ്രീകൃഷ്ണനെ അവില്‍ പൊതിയുമായി ദ്വാരകയിലേയ്ക്ക് കാണാന്‍ പോയതിന്റെ സ്മരണയ്ക്കാണ് ധനുമാസത്തിലെ ആദ്യത്തെ ബുധനാഴ്ച ഗുരുവായൂര്‍ ക്ഷേത്രത്തില്‍ കുചേലദിനമായി ആഘോഷിക്കുന്നത്.
ഭഗവാന്‍ ശ്രീകൃഷ്ണനെ കണ്ടശേഷം, കുചേലന് സദ്ഗതി ഉണ്ടായ ദിനമെന്നും ഈ ദിവസം അറിയപ്പെടുന്നു. കുചേലദിനത്തി ൽ ക്ഷേത്രത്തിലെ പ്രധാന വഴിപാടായിരുന്നു, അവില്‍ നിവേദ്യം. നാളികേരം, ശര്‍ക്കര, നെയ്യ്, ചുക്ക്, ജീരകം, എന്നിവയാല്‍ കുഴച്ച അവില്‍, പന്തീരടി പൂജയ്ക്കും, അത്താഴ പൂജയ്ക്കും ശ്രീഗുരുവായൂരപ്പന് നിവേദിച്ചു. കൂടാതെ അവില്‍, പഴം, ശര്‍ക്കര തുടങ്ങിയവ ഭക്തര്‍ക്ക് നേരിട്ട് കൊണ്ടുവന്നും ഭഗവാന് സമര്‍പ്പിച്ചു.
കുചേലദിനത്തോടനുബന്ധിച്ച് മേല്‍പുത്തൂര്‍ ആഡിറ്റോറിയത്തില്‍ കലാമണ്ഡലം നീലകണ്ഠന്‍ നമ്പീശന്‍ അനുസ്മരണ സമിതിയുടെ ആഭിമുഖ്യത്തില്‍ രാവിലെ 6 മുതല്‍ വൈകിട്ട് 6 മണി വരെ കഥകളി ഗായകര്‍ കുചേലവൃത്തം കഥകളി സംഗീതാര്‍ച്ചന നടത്തി. രാത്രി ഏഴു മുതല്‍ രാധാകൃഷ്ണ ഡാന്‍സ് അക്കാദമി ചോറ്റാനിക്കര അവതരിപ്പിച്ച രാധാമാധവം നൃത്തശില്‍പവും, രാത്രി എട്ടുമുതല്‍ ഡോ: ഏ.കെ. സഭാപതിയുടെ വഴിപാടായി കുചേലവൃത്തം കഥകളിയും കുചേല ദിനാഘോഷങ്ങളുടെ മാറ്റുകൂട്ടി.