ചെമ്പൈ സംഗീതോത്സവം ഉത്ഘാടനം ചെയ്തു. സംഗീതാർച്ചന നാളെ മുതൽ
ഗുരുവായൂർ: ഏകാദശിക്ക് മുന്നോടിയായ ചെമ്പൈ സംഗീതോത്സവത്തിന് തുടക്കമായി. മന്ത്രി ആർ. ബിന്ദു സംഗീതോത്സവം ഉദ്ഘാടനം ചെയ്തു. ശ്രീഗുരുവായൂരപ്പൻ ചെമ്പൈ പുരസ്കാരം വയലിനിസ്റ്റ് എ. കന്യാകുമാരിക്ക് മന്ത്രി നൽകി. സംസ്ഥാന സർക്കാരിൻ്റെ മികച്ച ഗായകനുള്ള പുരസ്കാരം നേടിയ ചെമ്പൈ സംഗീതോത്സവ ഉപസമിതി അംഗം വിദ്യാധരൻ മാസ്റ്ററെ ആദരിച്ചു.
ചെമ്പൈ വൈദ്യനാഥ ഭാഗവതരുടെ തംബുരു മേൽപ്പത്തൂർ ഓഡിറ്റോറിയത്തിലെ സംഗീത മണ്ഡപത്തിൽ സ്ഥാപിച്ചു. ദേവസ്വം ചെയർമാൻ ഡോ. വി.കെ. വിജയൻ അധ്യക്ഷത വഹിച്ചു. എൻ.കെ. അക്ബർ എം.എൽ.എ മുഖ്യാതിഥിയായി.
ദേവസ്വം ഭരണസമിതി അംഗങ്ങളായ സി.മനോജ്, കെ.പി. വിശ്വനാഥൻ, അഡ്മിനിസ്ട്രേറ്റർ കെ.പി.വിനയൻ എന്നിവർ സംസാരിച്ചു. ബുധനാഴ്ച രാവിലെ ഏഴിന് തന്ത്രി ദിനേശൻ നമ്പൂതിരിപ്പാട് സംഗീതമണ്ഡപത്തിൽ ദീപം തെളിച്ച ശേഷം കച്ചേരികൾ തുടങ്ങും.