ലക്ഷദീപ പ്രഭയിൽ ഗുരുവായൂർ.
ഗുരുവായൂര്‍: ലക്ഷദീപ പ്രഭയില്‍ ഗുരുവായൂര്‍ ക്ഷേത്രാങ്കണം.ചരിത്ര പ്രസിദ്ധമായ ഗുരുവായൂര്‍ ഏകാദശിയോടനുബന്ധിച്ചുള്ള വിളക്കിന്റെ 15-ാം ദിവസമായ തിങ്കളാഴ്ച ഗുരുവായൂര്‍ അയ്യപ്പ ഭജന സംഘത്തിന്റേതായിരുന്നു, വിളക്കാഘോഷം. നെയ്യിലും, എണ്ണയിലുമായി തിരിതെളിയിച്ച് പ്രകാശ ശോഭ പടര്‍ത്തി അയ്യപ്പ ഭജന സംഘത്തിന്റെ വിളക്കാഘോഷം തികച്ചും ക്ഷേത്ര നഗരിയെ ഭക്തി സാന്ദ്രമാക്കി. കൊമ്പന്മാരായ ദാമോദര്‍ദാസും, രവീകൃഷ്ണനും പറ്റാനകളായി
ക്ഷേത്രത്തില്‍ ഉച്ചയ്ക്ക് നടന്ന വിശേഷാല്‍ കാഴ്ച്ചശീവേലിയ്ക്ക്, കൊമ്പന്‍ ഇന്ദ്രസെന്‍ ഭഗവാന്റെ തങ്കതിടമ്പോടുകൂടിയ കോലമേറ്റി. കാഴ്ച്ചശീവേലിയ്ക്ക് ഗുരുവായൂര്‍ ശശി മാരാരും, സംഘവും ഒരുക്കിയ മേളപ്രമാണം വിളക്കാഘോഷത്തിന് പകിട്ടേകി. വിളക്കാഘോഷത്തോടനുബന്ധിച്ച് ക്ഷേത്രത്തിനകത്ത് നിറമാല, സന്ധ്യയ്ക്ക് തായമ്പക, രാത്രി പഞ്ചവാദ്യത്തിന്റെ അകമ്പടിയില്‍ ഇടയ്ക്കാ നാദസ്വരത്തോടെ വിളക്കെഴുന്നെള്ളിപ്പ് എന്നിവയും ഉണ്ടായിരുന്നു.
അയ്യപ്പ ഭജനസംഘത്തിന്റെ ലക്ഷദീപ വിളക്കാഘോഷത്തിന് സംഘം ഭാരവാഹികളായ പാനൂര്‍ ദിവാകരന്‍, ചന്ദ്രന്‍ ചങ്കത്ത്, രാജു കലാനിലയം, പ്രഭാകരന്‍ മണ്ണൂര്‍, ബാലന്‍ വാറണാട്ട്, ശിവന്‍ കണിച്ചാടത്ത്, രാമകൃഷ്ണന്‍ ഇളയത്, എം.പി. ശങ്കര നാരായണന്‍, ദിനേഷ് കോഴിക്കുളങ്ങര, മോഹനചിത്ര എന്നിവര്‍ നേതൃത്വം നല്‍കി. ചുറ്റുവിളക്ക് മഹോത്സവത്തിന്റെ 16-ാം ദിവസമായ ചൊവ്വാഴ്ച നാണു എഴുത്തച്ഛന്‍ ആന്റ് സണ്‍സിന്റെ വിളക്കാഘോഷം നടക്കും.