പോലീസും – ദേവസ്വവും കാഴ്ചക്കാരായി , തിരക്കിൽ കുടുങ്ങി വിവാഹപാർട്ടിക്കാരും, ഭക്തരും
ഗുരുവായൂർ : ഗുരുവായൂർ ക്ഷേത്രത്തിൽ വിവാഹ തിരക്ക് കൂടുതൽ ഉള്ളദിവസങ്ങളിൽ ദേവസ്വവും, പോലീസും കാഴ്ച്ച ക്കാരുടെ റോളിലേക്ക് മാറുന്നു . തിരക്ക് നിയന്ത്രിക്കൽ തങ്ങളുടെ ഉത്തരവാദിത്വമല്ല എന്നാണ് ഇരു കൂട്ടരും കരുതുന്നത് . ക്ഷേത്രത്തിൽ എത്തുന്ന ഭക്തരുടെ സുരക്ഷയും ,ക്ഷേത്രത്തിന്റെ സുരക്ഷയും നൽകുന്ന പൊലീസിന് താമസിക്കാൻ എന്ന് പറഞ്ഞാണ് ഫ്രീ സത്രം കെട്ടിടം ക്യാമ്പിനായി പോലീസ് പിടിച്ചെടുത്ത് കോടികൾ വിലമതിക്കുന്ന ദേവസ്വം ഭൂമിയിലാണ് പോലീസ് സ്റ്റേഷൻ നിൽക്കുന്നത് . ഇതിന്റെ ഒരുപ്രയോജനവും പോലീസിനെ കൊണ്ട് ഗുരുവായൂരപ്പ ഭക്തർക്ക് ഇപ്പോൾ ലഭിക്കുന്നില്ല .
നേരത്തെ തിരക്ക് നിയന്ത്രിക്കാൻ പോലീസ് രംഗത്ത് എത്താറുണ്ടായിരുന്നു . വിശ്വാസികൾ അല്ലാത്ത ഉദ്യോഗസ്ഥർ ചുമതല ഏറ്റെടുത്തതോടെയാണത്രെ ഭക്തരുടെ സുരക്ഷ ഓരോരുത്തരുടെയും സ്വന്തം ഉത്തരവാദിത്വമായി മാറിയത് . ഗുരുവായൂർ ക്ഷേത്രത്തിന്റെ പേര് പറഞ്ഞാണ് മുൻപ് ചാവക്കാട് സ്റ്റേഷന്റെ പരിധി യിൽ .ഉണ്ടായിരുന്ന ഗുരുവായൂരിൽ പോലീസ് സ്റ്റേഷനും , സി ഐ ഓഫിസും , എ സി പി ഓഫിസും എത്തിയത് എന്ന് അധികൃതർ മറക്കുന്നു .
ഞായറാഴ്‌ച 192 വിവാഹമാണ് ക്ഷേത്ര ത്തിൽ ശീട്ടാക്കിയിരുന്നത് . ഇതിൽ 180 വിവാഹങ്ങൾ ക്ഷേത്ര നടയിലെ നാല് മണ്ഡപങ്ങളിൽ ആയി നടന്നു മുൻപ് കൂടുതൽ വിവാഹം ഉള്ള ദിവസങ്ങളിൽ ദേവസ്വവും പോലീസും അതിനു വേണ്ട മുന്നൊരുക്കങ്ങൾ നടത്താറുണ്ട് എന്നാൽ അടുത്ത കുറച്ചു കാലമായി ദേവസ്വത്തിനും ഇതിൽ വലിയ താത്പര്യം ഇല്ല , തിരക്കിൽ വീണ് ചവിട്ടേറ്റ് വയോധികർക്ക് ജീവഹാനി സംഭവിക്കുമെന്ന ഒരു ആശങ്കയും ഭരണ കർത്താക്കൾക്ക് ഇല്ലാതെ പോകുന്നു .
വിവാഹം നടത്താനും ദർശനത്തിനും ഭക്തർ എന്തിന് ഇങ്ങോട്ട് വരുന്നു , നാട്ടിലെ ക്ഷേത്രങ്ങളിൽ നടത്തികൂടെ എന്ന ചിന്താഗതിയാണ് ഇവരെ ഭരിക്കുന്നതത്രെ , ഭക്തർ വരാതെ തന്നെ ഓൺലൈനിൽ കൂടി വഴിപാട് തുക അയച്ചു കൊടുത്താൽ ഉദ്യോഗസ്ഥർക്ക് ശമ്പളത്തിനും ബുദ്ധി മട്ട് വരില്ല . ഒന്നുകിൽ വിവാഹ തിരക്കുള്ള ദിവസങ്ങളിൽ ഭക്തരോട് ക്ഷേത്രദർശനത്തിന് വരരുതെന്ന് അറിയിക്കുക , അല്ലെങ്കിൽ ദർശന തിരക്കുള്ള ദിവസങ്ങളിൽ വിവാഹ പാർട്ടിക്കാരോട് ഈ പ്രദേശത്തേക്ക് വരുതെന്ന് പറയുക . അല്ലാതെ അവധി ദിവസങ്ങളിൽ ഇരു കൂട്ടരെയും ദേവസ്വം കഷ്ടപ്പെടുത്തരുതെന്നാണ് ഭക്തർ പറയുന്നത്
192 വിവാഹം ശീട്ടാക്കിയ വകയിൽ 96,000 രൂപയും , വിവാഹ ഫോട്ടോ എടുക്കാൻ അനുമതി നല്കിയ വകയിൽ 89,000 രൂപയും ദേവസ്വം വാങ്ങി വെച്ചിട്ടാണ് ഇത്രയും ക്രൂരത കാട്ടുന്നത് . ഇതിൽ നാമമാത്ര തുകയാണ് ദേവസ്വത്തിന് ചിലവ് വരുന്നത് ബാക്കി എല്ലാം ലാഭമാണ് . തുലാഭാരം വഴിപാട് വകയിൽ 23,00 ,900 രൂപ ക്ഷേത്രത്തിലേക്ക് ലഭിച്ചു .നെയ് വിളക്ക് ശീട്ടാക്കിയ വകയിൽ 28,33,140 രൂപയും ലഭിച്ചു . 7,41,300 രൂപയുടെ പാല്പായസവും ,1,52,800രൂപയുടെ നെയ് പായസവും ഭക്തർ ശീട്ടാക്കി .584 കുരുന്നുകൾക്ക് കണ്ണൻ മുന്നിൽ ചോറൂണും നടന്നു . ഭണ്ഡാര ഇതര വരുമാനമായി ക്ഷേത്രത്തിലേക്ക് ഞായറാഴ്ച ലഭിച്ചത് 84,33,059 . രൂപയാണ്