എ ഡി എമ്മിന്റെ മരണം, പി പി ദിവ്യ ക്കെതിരെ കേസ് എടുത്തു.
കണ്ണൂര്‍: എഡിഎം നവീന്‍ ബാബുവിന്റെ മരണത്തില്‍ കണ്ണൂര്‍ ജില്ലാ പഞ്ചായത്ത് പ്രസിഡന്റും സിപിഎം നേതാവുമായ പി പി ദിവ്യക്കെതിരെ കേസെടുത്തു. ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തിയാണ് കേസെടുത്തത്. 10 വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന ജാമ്യമില്ലാ കുറ്റമാണ് ചുമത്തിയിട്ടുള്ളത്. ദിവ്യക്കെതിരെ ആത്മഹത്യാപ്രേരണാക്കുറ്റം ചുമത്തി കേസെടുക്കാമെന്ന് കണ്ണൂര്‍ പൊലീസിന് നിയമോപദേശം ലഭിച്ചിരുന്നു.
ഭാരതീയ ന്യായ സംഹിത (ബിഎന്‍എസ്) 108-ബി വകുപ്പ് പ്രകാരമാണ് ദിവ്യക്കെതിരെ പൊലീസ് കേസെടുത്തിട്ടുള്ളത്. കേസില്‍ പി പി ദിവ്യയുടെ മൊഴി പൊലീസ് രേഖപ്പെടുത്തും. ക്ഷണിക്കാത്ത യാത്രയയപ്പ് ചടങ്ങില്‍ കടന്നുവന്ന് അഴിമതിക്കാരനെന്ന് കുറ്റപ്പെടുത്തി അധിക്ഷേപ പ്രസംഗം നടത്തിയതില്‍ ദിവ്യയോട് പൊലീസ് വിശദീകരണം തേടും. ആരോപണവുമായി ബന്ധപ്പെട്ട തെളിവുകള്‍ ഹാജരാക്കാനും ദിവ്യയോട് ആവശ്യപ്പെടും.
ദിവ്യയുടെ പ്രസംഗത്തിന്റെ ഡിജിറ്റല്‍ തെളിവുകള്‍ അടക്കം പൊലീസ് പരിശോധിച്ചു വരികയാണ്. നവീന്‍ ബാബുവിന്റെ മരണത്തില്‍ ദിവ്യക്കെതിരെ കേസെടുക്കണമെന്ന് ആവശ്യപ്പെട്ട് കുടുംബാംഗങ്ങള്‍ കണ്ണൂര്‍ പൊലീസ് കമ്മീഷണര്‍ക്ക് പരാതി നല്‍കിയിരുന്നു. നേരത്തെ നവീന്‍ബാബുവിന്റേത് അസ്വാഭാവിക മരണമെന്ന് മാത്രമായിരുന്നു എഫ്‌ഐആറില്‍ രേഖപ്പെടുത്തിയിരുന്നത്. വിമര്‍ശനങ്ങള്‍ രൂക്ഷമായതോടെയാണ് ദിവ്യയെ പ്രതിയാക്കി കേസെടുക്കാന്‍ പൊലീസ് തീരുമാനിച്ചത്.
എഡിഎം യാത്രയയപ്പ് സമ്മേളനത്തിന് ശേഷം നാട്ടിലേക്ക് പോകാന്‍ ട്രെയിന്‍ ടിക്കറ്റ് എടുത്തിരുന്നു. സഹപ്രവര്‍ത്തകരോട് യാത്ര ചോദിക്കുകയും ചെയ്തിരുന്നു. ഈ സമയത്തൊന്നും എഡിഎം നവീന്‍ ബാബുവിന് ആത്മഹത്യയിലേക്ക് നയിക്കത്തക്ക മാനസിക വിഷമങ്ങളൊന്നും നേരിട്ടിട്ടില്ലെന്നാണ് ഒപ്പമുണ്ടായിരുന്നവര്‍ മൊഴി നല്‍കിയത്. യാത്രയയപ്പ് ചടങ്ങില്‍ പി പി ദിവ്യ വന്ന് അപകീര്‍ത്തികരമായ പ്രസംഗം നടത്തി. പിറ്റേന്ന് നവീന്‍ബാബുവിനെ താമസിക്കുന്ന മുറിയില്‍ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തുകയായിരുന്നു.