
ശ്രീഗുരുവായുരപ്പന് 25 പവന്‍ തൂക്കം വരുന്ന കനകകിരീടം

ഗുരുവായൂര്‍: ശ്രീഗുരുവായുരപ്പന് 25 പവന്‍ തൂക്കം വരുന്ന കനകകിരീടം വഴിപാടായി ലഭിച്ചു. പ്രവാസിയായ ചങ്ങനാശേരി കോട്ടമുറി ദ്വാരകയില്‍ രതീഷ് മോഹനാണ് ഇന്നലെ രാവിലെ ക്ഷേത്രത്തില്‍ പൊന്‍കിരീടം സമര്‍പ്പിച്ചത്. ക്ഷേത്രം ഊരാളന്‍ മല്ലിശ്ശേരി പരമേശ്വരന്‍ നമ്പൂതിരിപ്പാട് ക്ഷേത്രനടയില്‍വെച്ച് കിരീടം ഏറ്റുവാങ്ങി. ക്ഷേത്രം ഡപ്യൂട്ടി അഡ്മിനിസ്‌ട്രേറ്റര്‍ പ്രമോദ് കളരിക്കല്‍, അസി : മാനേജര്‍ എ.വി. പ്രശാന്ത്, വഴിപാട് സമര്‍പ്പണം നടത്തിയ രതീഷ് മോഹന്റെ കുടുംബാംഗങ്ങള്‍, ഭക്തജനങ്ങള്‍ തുടങ്ങിയവര്‍ സന്നിഹിതരായി.

രാവിലെ പന്തീരടി പൂജയ്ക്കും, ഉച്ചപൂജയ്ക്കും ശ്രീഗുരുവായൂരപ്പന് പൊന്നിന്‍ കിരീടം ചാര്‍ത്തിയായിരുന്നു പൂജ നിര്‍വ്വഹിച്ചത്. 25.05 പവന്‍ തൂക്കം വരുന്ന കിരീടം, പൂര്‍ണമായും ദുബായില്‍ നിര്‍മ്മിച്ചതാണ്. ചടങ്ങില്‍ വഴിപാടുകാരനായ രതീഷ് മോഹന് തിരുമുടി മാലയും, കളഭവും, പഴവും, പഞ്ചസാരയുമടങ്ങുന്ന ശ്രീഗുരുവായൂരപ്പന്റെ വിശിഷ്ട പ്രസാദങ്ങള്‍ നല്‍കി. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ പൊന്നോടക്കുഴലും രതീഷ് മോഹന്‍ ശ്രീഗുരുവായൂരപ്പന് സമര്‍പ്പിച്ചിരുന്നു
